Saturday, August 22, 2026
Home » ഓപ്പറേഷൻ തൂഫാൻ: ലഹരിക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അറസ്റ്റിലായവരുടെ എണ്ണം പതിനായിരം പിന്നിട്ടു.
ഓപ്പറേഷൻ തൂഫാൻ: കേരളത്തിൽ വൻ ലഹരി വേട്ട

ഓപ്പറേഷൻ തൂഫാൻ: ലഹരിക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അറസ്റ്റിലായവരുടെ എണ്ണം പതിനായിരം പിന്നിട്ടു.

by Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിക്കടത്ത് തടയുന്നതിനായി നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനകളിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം പതിനായിരം പിന്നിട്ടു. ജൂൺ 2-ന് ആരംഭിച്ച ഈ പ്രത്യേക ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി 10,015 പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്. 9,280 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മയക്ക് മരുന്ന് മാഫിയകൾക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നടപടിയാണ് ഈ ദൗത്യത്തിലുടനീളം പൊലീസ് സ്വീകരിച്ച് വരുന്നത്.

വൻ തോതിലുള്ള ലഹരി വസ്തുക്കളാണ് ഇതുവരെ നടത്തിയ തിരച്ചിലുകളിൽ പിടിച്ചെടുത്തത്. പരിശോധനകളിൽ ഇതുവരെ 8,289.409 ഗ്രാം എം.ഡി.എം.എയും (MDMA), 1,004.784 കിലോ കഞ്ചാവും, 2,382 കഞ്ചാവ് ചെടികളും പോലീസ് പിടിച്ചെടുത്തു. കോഴിക്കോട് സിറ്റിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് (929 കേസുകൾ). മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് (999 പേർ). 875 കേസുകളുമായി മലപ്പുറം ജില്ല തന്നെയാണ് കേസ് വിവരങ്ങളിൽ രണ്ടാം സ്ഥാനത്തുള്ളത്. കൊച്ചി സിറ്റി, പാലക്കാട് എന്നീ ജില്ലകളിലും എഴുന്നൂറിലധികം കേസുകൾ വീതം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ലഹരി വസ്തുക്കൾ പിടിച്ചെടുക്കുന്നതിനൊപ്പം അതി ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങളും ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടക്കുന്നുണ്ട്. നാളിതുവരെ 9,147 ബോധവൽക്കരണ ക്ലാസുകളും 578 കൗൺസിലിങുകളും സംഘടിപ്പിച്ചു കഴിഞ്ഞു. കൂടാതെ യുവതലമുറയെ ലഹരി വലയിൽ നിന്ന് സംരക്ഷിക്കുന്നതിനായി സ്‌കൂൾ, കോളജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 6,561 ലഹരി വിരുദ്ധ പരിപാടികളും സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചു വരുന്നുണ്ട്.

ലഹരി കോട്ടകളെ തകർക്കുന്ന കൊടുങ്കാറ്റായി ‘ഓപ്പറേഷൻ തൂഫാൻ’; ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ നിങ്ങൾക്കും വിവരങ്ങൾ അറിയിക്കാം.

Send your news and Advertisements

You may also like

error: Content is protected !!