മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ സൈന്യം നടത്തിയ മാരകമായ വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെടുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സെൻട്രൽ സഗയിങ് (Sagaing) മേഖലയിലെ സ്വെൽ ലേ ഓ ഗ്രാമത്തിലുള്ള ബുദ്ധവിഹാരത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണം നടക്കുമ്പോൾ നൂറിലധികം ആളുകൾ പങ്കെടുക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന ധ്യാനപരിപാടി ബുദ്ധവിഹാരത്തിൽ നടക്കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ആഘാതത്തിൽ മഠത്തിന്റെ ഭൂരിഭാഗം കെട്ടിടങ്ങളും തകർന്നു. കൊല്ലപ്പെട്ടവരിൽ വയോധികരും സ്ത്രീകളും ഉൾപ്പെടുന്നു. യുദ്ധവിമാനം വിഹാര വളപ്പിലേക്ക് ബോംബ് വർഷിച്ചതായാണ് സിവിൽ ഡിഫൻസ് ആരോപിക്കുന്നത്.
ബുദ്ധവിഹാരം ആക്രമിക്കപ്പെട്ടതോടെ മ്യാൻമറിലെ സംഘർഷത്തിൽ സാധാരണക്കാരുടെ ദുരിതം വീണ്ടും ചർച്ചയാകുകയാണ്. സഗൈങ് മേഖലയിൽ സൈനിക ഭരണകൂടത്തിനെതിരെ പ്രവർത്തിക്കുന്ന സായുധസംഘങ്ങളും സൈന്യവും തമ്മിൽ ശക്തമായ ഏറ്റുമുട്ടലുകൾ തുടരുകയാണ്. 2021 ഫെബ്രുവരിയിൽ സൈന്യം അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തതിന് ശേഷം മ്യാൻമറിൽ ആഭ്യന്തരസംഘർഷം രൂക്ഷമാണ്. ജനാധിപത്യവാദികൾക്കും സായുധ ഗോത്ര ഗ്രൂപ്പുകൾക്കുമെതിരെ സൈന്യം നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയായാണ് ഈ ദുരന്തവും വിലയിരുത്തപ്പെടുന്നത്.

