മുളന്തുരുത്തി: മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ ഒന്നര നൂറ്റാണ്ട് പഴക്കമുള്ള പാചക ഉപകരണങ്ങളും 150-ലേറെ നാടൻ വിഭവങ്ങളും അണിനിരത്തി ഹെറിറ്റേജ് ഫുഡ്ഫെസ്റ്റ് സംഘടിപ്പിച്ചു. മന്ത്രി അനൂപ് ജേക്കബ് മേള ഉദ്ഘാട നം ചെയ്തു. മുളന്തുരുത്തി സുന്നഹദോസ്, മലങ്കര സഭയിലെ ആദ്യമുറോൻ കൂദാശ, പരിശുദ്ധ പരുമല തിരുമേനിയുടെ മെത്രാഭിഷേകം എന്നിവയുടെ 150-ാം വാർഷികത്തോടനുബന്ധിച്ചാണ് പൈതൃക പ്രദർശനവും ഭക്ഷ്യമേളയും ഒരുക്കിയത്. 27-ന് നടക്കുന്ന മലങ്ക ര സുറിയാനി ക്രിസ്ത്യാനി അസോ സിയേഷന്റെ വിളംബരം കൂടിയായി പരിപാടി മാറി.
ഇടവകയിലെവീടുകളിൽ പാകം ചെയ്ത വിഭവങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. പഴയകാലത്തെ പലഹാരങ്ങൾ, കറികൾ, അച്ചാറുകൾ, പായസങ്ങൾ എന്നിവ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. വ്യത്യസ്തമായ ചമ്മന്തികൾ, ഒൻപതുതരം മീൻകറികൾ, 13 തരം കിഴങ്ങുവർഗവിഭവങ്ങൾ, ഊരാളി ചേമ്പ്, ഒറോട്ടി, മുന്തിരിക്കൊത്ത്, വെട്ടുകേക്ക്, തഴുതാമ തോരൻ, മുതിരത്തോരൻ, ഇടിഞ്ചക്കകൊണ്ടുള്ള അഞ്ച് വിഭവങ്ങൾ തുടങ്ങിയവ ശ്രദ്ധേയമായി. പ്രദർശിപ്പിച്ച വിഭവങ്ങൾ ഇടവകാംഗങ്ങൾ ലേലം വിളിച്ച് സ്വന്തമാക്കി.
ഫാ. ഈയോബ് ഒ.ഐ.സി ഒരുക്കിയ ചരിത്രപ്രദർശനവും മേളയുടെ ഭാഗമായി. പള്ളിയുടെ നാടകശാലയിൽ ഒരുക്കിയ ഹെറിറ്റേജ് വാക്ക് വേ മലങ്കരസഭാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നാടിന് സമർപ്പിച്ചു. ഓണസദ്യപോലും ഓൺലൈനാകുന്ന കാലത്ത് നാടിന്റെ തനത് രുചികൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താൻ ഇത്തരം മേളകൾക്ക് കഴിയുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.

