Tuesday, August 25, 2026
Home » ഇറാനെതിരെ ‘എക്കണോമിക് ഡി-ഡേ’ പ്രഖ്യാപിച്ച്‌ യു എസ്; സഹായിക്കുന്ന രാജ്യങ്ങൾക്കും മുന്നറിയിപ്പ്.
ഇറാൻ അമേരിക്ക

ഇറാനെതിരെ ‘എക്കണോമിക് ഡി-ഡേ’ പ്രഖ്യാപിച്ച്‌ യു എസ്; സഹായിക്കുന്ന രാജ്യങ്ങൾക്കും മുന്നറിയിപ്പ്.

by Editor

വാഷിങ്ടൺ: അമേരിക്ക ഇറാനെതിരെ അതീവ ഗുരുതരമായ സാമ്പത്തിക ഉപരോധങ്ങളോടെ ‘എക്കണോമിക് ഡി-ഡേ’ (Economic D-Day) പ്രഖ്യാപിച്ചു. ആറുമാസത്തോളമായി നീളുന്ന ഇറാൻ-യുഎസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇറാനെ സാമ്പത്തികമായി പൂർണ്ണമായും ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഈ നടപടി. ഇറാനെ സാമ്പത്തികമായോ വാണിജ്യപരമായോ സഹായിക്കുന്ന രാജ്യങ്ങൾക്കും കമ്പനികൾക്കും എതിരെയും കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റാണ് ശക്തമായ ഉപരോധ നടപടികൾ പ്രഖ്യാപിച്ചത്. ഇറാനുമായി വ്യാപാരം നടത്തുകയോ സാമ്പത്തിക ഇടപാടുകൾ നടത്തുകയോ ചെയ്യുന്ന മൂന്നാം കക്ഷികൾ, ബാങ്കുകൾ, കമ്പനികൾ എന്നിവയെ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. ഡിജിറ്റൽ ആസ്തികൾ, സാങ്കേതികവിദ്യ, സ്വർണ്ണം, വ്യോമയാനം, ഷിപ്പിങ് തുടങ്ങിയ ഇറാന്റെ സുപ്രധാന സാമ്പത്തിക സ്രോതസ്സുകളെ പുതിയ ഉപരോധം ലക്ഷ്യം വെക്കുന്നു. അമേരിക്ക തങ്ങളുടെ ഒരു എതിരാളിക്കെതിരെ ഇതുവരെ ഏർപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ സാമ്പത്തിക ആക്രമണമാണിതെന്നും സ്കോട്ട് ബെസന്റ് വിശേഷിപ്പിച്ചു.

‘ഒരിക്കലും സാധ്യമാകില്ലെന്ന് പലരും കരുതിയ എല്ലാ ഏജൻസികളെയും അധികാരങ്ങളെയും നടപടികളെയും ഉപയോഗപ്പെടുത്താനുള്ള അനുകൂല സാഹചര്യങ്ങൾ ട്രംപ് സൃഷ്ടിച്ചിരിക്കുന്നു. ടെഹ്റാൻ ഒറ്റപ്പെടുന്നതുവരെ ഈ സ്വേച്ഛാധിപത്യ ഭരണകൂടത്തിന് ജീവവായുവായിരിക്കുന്ന എല്ലാ സാമ്പത്തിക സ്രോതസ്സുകളും വിച്ഛേദിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം’- യുഎസ് ട്രഷറി സെക്രട്ടറി അറിയിച്ചു.

ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്ന കമ്പനികളെയാണ് പുതിയ ഉപരോധത്തിലൂടെ അമേരിക്ക പ്രധാനമായും ലക്ഷ്യമിടുന്നത്. ചൈനയാണ് ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ ഏകദേശം 90 ശതമാനം വാങ്ങുന്നതെന്നാണ് യുഎസ് കോൺഗ്രസ് കമ്മീഷൻ വ്യക്തമാക്കുന്നത്. എന്നാൽ ഇറാനിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതായി ചൈന തങ്ങളുടെ കസ്റ്റംസ് ഡാറ്റയിൽ സമ്മതിച്ചിട്ടില്ല. ഇറാന്റെ എണ്ണ വാങ്ങുന്ന ചൈനയിലെ ചെറിയതും ഇടത്തരവുമായ സ്വകാര്യ റിഫൈനറികൾക്കുമേൽ ചില സമ്മർദ്ദങ്ങൾ ഉണ്ടാകുമെന്നാണ് മുൻ യുഎസ് ട്രഷറി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. എണ്ണ വിൽപനയിലൂടെ ലഭ്യമാകുന്ന പണം രാജ്യത്തേക്ക് എത്തിക്കാനും വിദേശ കറൻസി സ്വന്തമാക്കാനും അവസരം നൽകുന്ന ബാങ്കുകൾക്കും എക്സ്ചേഞ്ച് ഹൗസുകൾക്കും മേൽ യുഎസ് ഉപരോധമേർപ്പെടുത്തിയേക്കും.

ചൈന, തുർക്കി, യുഎഇ എന്നിവരാണ് നിലവിൽ ഇറാൻ്റെ ഏറ്റവും വലിയ ആഗോള വ്യാപാര പങ്കാളികൾ. പശ്ചിമേഷ്യൻ യുദ്ധം ആറ് മാസം പിന്നിടുമ്പോൾ ഇറാൻ്റെ സമ്പദ്വ്യവസ്‌ഥയെ പൂർണമായി തകർക്കുക എന്നതാണ് യുഎസിൻ്റെ പുതിയ സമ്മർദ തന്ത്രത്തിൻ്റെ ലക്ഷ്യം. ഇറാന്റെ പ്രധാന എണ്ണ ഉപഭോക്താക്കളായ ചൈന, യുഎസിന്റെ ഈ ഏകപക്ഷീയമായ ‘എക്കണോമിക് ഡി-ഡേ’ പ്രഖ്യാപനത്തെ ശക്തമായി എതിർത്തു. യുഎസ് ഭീഷണിയെയും മേഖലയിലെ മിസൈൽ ആക്രമണങ്ങളെയും തുടർന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) ഇറാനുമായുള്ള എല്ലാ വ്യാപാര-ധനകാര്യ ഇടപാടുകളും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.

അതേസമയം അമേരിക്ക ആരംഭിക്കുന്ന ഉപരോധം പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കാനാണ് സാധ്യത. അമേരിക്ക കടുത്ത ഉപരോധം തുടരുകയാണെങ്കിൽ പേർഷ്യൻ ഉൾക്കടലിൽനിന്നും ഹോർമുസ് കടലിടുക്കിൽനിന്നുമുള്ള എണ്ണ കയറ്റുമതി പൂർണമായി തടയുമെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങളോട് സഹകരിക്കുകയോ അത് നടപ്പിലാക്കാൻ സഹായിക്കുകയോ ചെയ്യുന്ന ഏതൊരു രാജ്യത്തിൻ്റെ നീക്കവും യുദ്ധപ്രഖ്യാപനമായി കരുതുമെന്ന് ഇറാൻ വ്യക്തമാക്കുകയും ചെയ്തു. പുതിയ നീക്കങ്ങളും ഭീഷണികളും ആഗോള എണ്ണവില സംബന്ധിച്ചും ഇന്ധന സുരക്ഷയെക്കുറിച്ചുമുള്ള ആശങ്കകൾ വർധിപ്പിച്ചിരിക്കുകയാണ്.

ഹോർമുസ് കടലിടുക്ക് അമേരിക്കൻ നിയന്ത്രണത്തിലേക്ക്? ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നതായി റിപ്പോർട്ട്

Send your news and Advertisements

You may also like

error: Content is protected !!