ചെന്നൈ: പ്രസിദ്ധമായ മധുര മീനാക്ഷി സുന്ദരേശ്വരർ ക്ഷേത്രത്തിൽ 17 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സെപ്റ്റംബർ 17-ന് മഹാകുംഭാഭിഷേകം നടക്കുകയാണ്. ഇതിന് മുന്നോടിയായുള്ള യാഗശാലാ പൂജകൾ സെപ്റ്റംബർ 11-ന് ആരംഭിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശത്തുനിന്നും ഉൾപ്പെടെ വലിയ തോതിൽ ഭക്തർ എത്തുമെന്നതിനാൽ ആത്മീയ ഒരുക്കങ്ങൾക്കൊപ്പം വിപുലമായ സുരക്ഷാ-സൗകര്യ സംവിധാനങ്ങളും ഒരുക്കുകയാണ് തമിഴ്നാട് സർക്കാർ.
2009 ഏപ്രിൽ 8-നാണ് ഇതിനുമുമ്പ് കുംഭാഭിഷേകം നടന്നത്. സാധാരണയായി 12 വർഷം കൂടുമ്പോൾ നടക്കേണ്ടതാണെങ്കിലും, 2018 ഫെബ്രുവരിയിൽ ക്ഷേത്രത്തിലെ ‘വീര വസന്തരായർ മണ്ഡപത്തിൽ’ ഉണ്ടായ വലിയ തീപിടുത്തത്തെത്തുടർന്ന് പുനരുദ്ധാരണ ജോലികൾ നീണ്ടുപോയതിനാലാണ് ഈ താമസം നേരിട്ടത്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് ക്ഷേത്രത്തിലെ 14 ഗോപുരങ്ങളും മണ്ഡപങ്ങളും പൂർണ്ണമായി മനോഹരമാക്കിയ ശേഷമാണ് ഈ ചരിത്രപ്രസിദ്ധമായ ചടങ്ങ് നടക്കുന്നത്.
2018-ലെ തീപിടുത്തത്തിൽ പൂർണ്ണമായി തകർന്ന ഈ ചരിത്രപ്രസിദ്ധമായ മണ്ഡപം, പഴമ ഒട്ടും ചോർന്നുപോകാതെ 35.30 കോടി രൂപ ചിലവഴിച്ച് പൂർണ്ണമായി പുനർനിർമ്മിച്ചു. ക്ഷേത്രത്തിലെ പ്രശസ്തമായ 14 ഗോപുരങ്ങളും വിമാനങ്ങളും രാസവസ്തുക്കൾ ഉപയോഗിച്ച് വൃത്തിയാക്കി, കേടുപാടുകൾ തീർത്ത് പുനർവർണ്ണങ്ങൾ നൽകി മനോഹരമാക്കിയിട്ടുണ്ട്.
സെപ്റ്റംബർ 17-ന് രാവിലെ 7:40 നും 8:10 നും ഇടയിലാണ് പ്രധാന കുടമുഴുക്ക് ചടങ്ങുകൾ നടക്കുന്നത്. ഇതിനു മുന്നോടിയായി വലിയ തോതിലുള്ള യാഗശാലാ പൂജകളും ഹോമങ്ങളും (ശാന്തി ഹോമം, സംഹിതാ ഹോമം തുടങ്ങിയവ) ക്ഷേത്രത്തിൽ വെച്ച് നടക്കും. ആദ്യം മീനാക്ഷി സുന്ദരേശ്വരരുടെ സ്വർണവിമാനങ്ങൾക്കും രാജഗോപുരങ്ങൾക്കും കുംഭാഭിഷേകം നടക്കും. തുടർന്ന് രാവിലെ 7.55ഓടെ അമ്മൻ മൂലസ്ഥാനത്തിനും 8.10ഓടെ സുന്ദരേശ്വരർ മൂലസ്ഥാനത്തിനും കുംഭാഭിഷേകം നടത്തും..
കുംഭാഭിഷേകം എന്നത് ക്ഷേത്രത്തിലെ ദേവതാ സന്നിധിയുടെയും വിമാനം, ഗോപുരങ്ങൾ തുടങ്ങിയ പുണ്യസ്ഥാനങ്ങളുടെയും പുനഃശുദ്ധീകരണവും ശക്തിപുനഃസ്ഥാപനവുമായി ബന്ധപ്പെട്ട പ്രധാന ആഗമചടങ്ങാണ്. യാഗശാലയിൽ മന്ത്രോച്ചാരണങ്ങളോടെയും ഹോമങ്ങളോടെയും തയ്യാറാക്കുന്ന പുണ്യജലം കുംഭങ്ങളിൽ നിറച്ച് നിശ്ചിത മുഹൂർത്തത്തിൽ ഗോപുരങ്ങളിലെയും വിമാനങ്ങളിലെയും കലശങ്ങളിൽ അഭിഷേകം ചെയ്യുന്നതാണ് ചടങ്ങിന്റെ പ്രധാന ഭാഗം.
മഹാകുംഭാഭിഷേകത്തിന്റെ മുന്നോടിയായി സെപ്റ്റംബർ 6 മുതൽ വിവിധ പൂജകളും ആചാരങ്ങളും ആരംഭിക്കും. സെപ്റ്റംബർ 7-ന് നവഗ്രഹ യാഗവും സെപ്റ്റംബർ 8-ന് വാസ്തുശാന്തിയും നടക്കും. സെപ്റ്റംബർ 9-ന് വൈഗൈ നദിയിൽ നിന്ന് പുണ്യജലവും മണ്ണും ശേഖരിക്കും. അന്നുതന്നെ വൈകുന്നേരം പുണ്യമണ്ണ് എടുക്കുന്ന ചടങ്ങും നടക്കും. സെപ്റ്റംബർ 10-ന് പേരൊളി ആരാധനയും വൈകുന്നേരം മുളപ്പാരി ഇടൽ ചടങ്ങും നടക്കും. സെപ്റ്റംബർ 11 വൈകുന്നേരം മുതൽ യാഗശാലയിലെ ആദ്യകാല പൂജകൾക്ക് തുടക്കമാകും. കുംഭാഭിഷേകം നടക്കുന്ന സെപ്റ്റംബർ 17 വരെ ആകെ 12 കാല യാഗശാല പൂജകളാണ് നടക്കുക. യാഗശാലയിലെ പൂജകളും ഹോമങ്ങളും മന്ത്രജപങ്ങളും പൂർത്തിയാക്കിയ ശേഷമാണ് പുണ്യകുംഭങ്ങൾ പ്രധാന കുംഭാഭിഷേക ചടങ്ങിനായി കൊണ്ടുപോകുക.
തമിഴ്‌നാട് ഹിന്ദു മത ചാരിറ്റബിൾ എൻഡോവ്‌മെന്റ് (HR&CE) വകുപ്പിന്റെയും മധുര കോർപ്പറേഷന്റെയും നേതൃത്വത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് മഹാകുംഭാഭിഷേകത്തിന്റെ മുന്നോടിയായി ഒരുക്കുന്നത്. ലക്ഷക്കണക്കിന് ഭക്തർ ഒരേസമയം എത്തുന്നതിനാൽ നഗരത്തിൽ പ്രത്യേക ട്രാഫിക് നിയന്ത്രണങ്ങളും താൽക്കാലിക പാർക്കിംഗ് സൗകര്യങ്ങളും ഏർപ്പെടുത്തും. കുംഭാഭിഷേകം നേരിട്ട് കാണാൻ സാധിക്കാത്തവർക്കായി മധുര നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ എൽ.ഇ.ഡി സ്ക്രീനുകൾ സ്ഥാപിച്ച് തത്സമയ സംപ്രേഷണം ഒരുക്കുന്നുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനായി ക്യു.ആർ. കോഡ് ഉൾപ്പെടുത്തിയ ഹോളോഗ്രാഫിക് പ്രവേശന പാസുകൾ നൽകാനുള്ള സംവിധാനവും ആസൂത്രണം ചെയ്തിട്ടുണ്ട്.

