Thursday, September 3, 2026
Home » 50 ലക്ഷം തട്ടിയെടുത്ത സർക്കാർ ഉദ്യോഗസ്ഥ അറസ്റ്റിൽ; ജോലി ചെയ്ത മൂന്ന് പഞ്ചായത്തുകളിലും ക്രമക്കേട്
50 ലക്ഷം തട്ടിയെടുത്ത സർക്കാർ ഉദ്യോഗസ്ഥ അറസ്റ്റിൽ; ജോലി ചെയ്ത മൂന്ന് പഞ്ചായത്തുകളിലും ക്രമക്കേട്

50 ലക്ഷം തട്ടിയെടുത്ത സർക്കാർ ഉദ്യോഗസ്ഥ അറസ്റ്റിൽ; ജോലി ചെയ്ത മൂന്ന് പഞ്ചായത്തുകളിലും ക്രമക്കേട്

by Editor

പത്തനംതിട്ട: ലൈഫ് ഭവന പദ്ധതിയിലെ 50 ലക്ഷത്തിലേറെ രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (VEO) എം.ആർ. റാണി ലക്ഷ്മി (37) അറസ്റ്റിലായി. വകയാർ മ്ലാന്തടം പുത്തൻവീട് സ്വദേശിനിയായ എം.ആർ. റാണി ലക്ഷ്മിയെ കോന്നി പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട ജില്ലയിലെ സീതത്തോട്, തണ്ണിത്തോട് എന്നീ പഞ്ചായത്തുകളിൽ വി.ഇ.ഒ ആയി ജോലി ചെയ്യുമ്പോഴാണ് ഇവർ ക്രമക്കേട് നടത്തിയത്. ലൈഫ് പദ്ധതിയിൽ പുതിയ വീട് നിർമ്മിക്കുന്നതിനും നവീകരണത്തിനുമായി അനുവദിച്ച ഫണ്ടിലാണ് തിരിമറി നടത്തിയത്. പഞ്ചായത്തിന് പുറത്ത് താമസിക്കുന്ന സ്വന്തം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരുകൾ വ്യാജരേഖകളുണ്ടാക്കി ഗുണഭോക്തൃ പട്ടികയിൽ തിരുകിക്കയറ്റുകയും, അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക ട്രാൻസ്ഫർ ചെയ്യുകയുമായിരുന്നു.

സീതത്തോട് പഞ്ചായത്തിൽ നിന്ന് 51.23 ലക്ഷം രൂപയും തണ്ണിത്തോട് പഞ്ചായത്തിൽ നിന്ന് 2 ലക്ഷം രൂപയും ഉൾപ്പെടെ അരക്കോടിയിലധികം രൂപ ഇവർ തട്ടിയെടുത്തു. വീടുപണി പൂർത്തിയാക്കിയ യഥാർത്ഥ ഗുണഭോക്താക്കൾക്ക് പണം ലഭിക്കാൻ വൈകിയതിനെ തുടർന്ന് പഞ്ചായത്ത് ഭരണസമിതികൾ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വെളിച്ചത്തായത്. തുടർന്ന് ഇരു പഞ്ചായത്ത് സെക്രട്ടറിമാരും പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇവർ ജോലി ചെയ്ത മൂന്ന് പഞ്ചായത്തുകളിലും ക്രമക്കേട് നടത്തിയിട്ടുണ്ടെന്നാണ് വിവരം. കോന്നി അരുവാപ്പുലം പഞ്ചായത്തിലും റാണി ലക്ഷ്മി തിരിമറി നടത്തിയതിന്റെ വിവരങ്ങൾ പൊലീസിന് കിട്ടി. റാണി ലക്ഷ്മി ഭർത്താവിന് ഓണസമ്മാനം നൽകിയത് ടോറസ് ലോറി ആയിരുന്നു. തട്ടിപ്പ് പണം ഇതിനായി ഉയോഗിച്ചെന്ന് പൊലീസ് കണ്ടെത്തി. ലൈഫ് പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥയായ വിഇഒ എന്ന അധികാരം ദുർവിനിയോഗം ചെയ്താണ് റാണി ലക്ഷ്മി തട്ടിപ്പ് നടത്തിയത്. തട്ടിപ്പിന് പിന്നിൽ വൻ ആസൂത്രണം നടന്നുവെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.

Send your news and Advertisements

You may also like

error: Content is protected !!