Home » രൂപാന്തരം
രൂപാന്തരം

രൂപാന്തരം

by Editor
Send your news and Advertisements

ദർപ്പണപാളിക്കു നേർക്കുനേർ നിന്നൊട്ടു
ഞെട്ടി ഞാ,നെന്നുടെ പ്രതിരൂപക്കാഴ്ചയിൽ!

രൂപിണീ, നിന്നുടെ ശാലീനഭാവങ്ങൾ
കാഴ്ചയായർപ്പിച്ചതേതു സവിധത്തിൽ?

ആതങ്കതാപത്തിൽ വറ്റി വരണ്ടതോ,
കണ്ണീർനിറഞ്ഞൊരാ കണ്ണാടിപ്പൊയ്കകൾ?

അരുണിമയാർന്നൊരാ നുണക്കുഴിക്കവിളി-
ലിത്രമേ,ലഭംഗിയിന്നെന്തേ നിറയുവാൻ?

പാലൊളിപ്പുഞ്ചിരി തങ്ങിനിന്നീടുമാ,
പവിഴാധരങ്ങളിലെന്തിത്ര കാളിമ?

ഹന്ത! വിധിയുടെ ചൂളയിൽ വേവിച്ച-
താരിത്ര, വികലാംഗയായിടാൻ കാലമോ?

വക്രിച്ചു രസിക്കുന്ന പ്രതിബിംബമേ,യി-
ന്നെന്നുൾക്കാമ്പിന്നാശകൾ നീയറിഞ്ഞോ?

അവികല മോഹനഭാവങ്ങളൊക്കെയു-
മതിമോഹമാണെന്നു നീ നിനച്ചോ?

കൺമഷികൊണ്ടുകറുപ്പിച്ചതാണെന്റെ
വെള്ളിക്കുറുനിരയെന്നിരുന്നാകിലും;

കരിനിറമാർന്നൊരെന്നധരപുടങ്ങളിൽ
ശോണിമക്കൂട്ടണിഞ്ഞ,ക്ഷമയോടിതാ!

വെറുതേ തിരഞ്ഞു ഞാ,നെന്നിഷ്ട രൂപത്തെ
നിമിഷസുഖത്തിന്റെ നിർവൃതിക്കായ്!

അധികരിച്ചീടുന്ന കാലക്കുസൃതിക-
ളംഗീകരിക്കണം രൂപാന്തരങ്ങളായ്?

ഋതുഭേദങ്ങൾക്കുള്ളിലാഗതമായൊരീ,
ജീവിത സായാഹ്നം കൈവല്യമാകുമോ?

ഷൈലാ ബാബു

You may also like

error: Content is protected !!