Thursday, May 21, 2026
Home » “അൽഗോരിതത്തിനിടയിലെ ഉറക്കക്കഥ”
"അൽഗോരിതത്തിനിടയിലെ ഉറക്കക്കഥ"

“അൽഗോരിതത്തിനിടയിലെ ഉറക്കക്കഥ”

by Editor

ഞായറാഴ്ചയുടെ പി.എം ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ രാത്രി പന്ത്രണ്ടു മണി പിന്നിട്ടിരുന്നു. തളർന്ന ശരീരത്തിന് ഉറക്കം വേണമെന്നു പറഞ്ഞെങ്കിലും, യൗവനത്തിന്റെ ഉണർവ്വുള്ള മനസ്സ് അതിന് വഴങ്ങാനൊരുങ്ങിയില്ല.
പുറത്തെ ലോകം മുഴുവൻ ഉറക്കത്തിലായിരിക്കുമ്പോൾ, എന്റെ വിരലുകൾക്ക് മാത്രം ജാഗരണം.
അങ്ങനെ സ്വന്തം സ്ഥാപനമായ സോഷ്യൽ മീഡിയയുടെ നിറവയറുള്ള വഴികളിലൂടെ കണ്ണുകൾ യാത്ര തുടങ്ങി.

മലയാളിയായതുകൊണ്ടാകാം, അൽഗോരിതത്തിനും ഒരു നാടൻ സ്വഭാവം.
എവിടെ നോക്കിയാലും കേരള രാഷ്ട്രീയത്തിന്റെ കൊടുങ്കാറ്റുകൾ മാത്രം.
പരിപൂർണ ഭൂരിപക്ഷം നേടിയിട്ടും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ വന്ന താമസത്തെക്കുറിച്ചുള്ള അവസാനമില്ലാത്ത ചർച്ചകൾ.

“അരാഷ്ട്രീയ വിശകലനം” എന്ന പേരിൽ രാഷ്ട്രീയത്തെ തന്നെ അരിഞ്ഞു മുറിക്കുന്ന ചാനൽ വിദഗ്ധർ.
സ്വയം സാമുദായിക നേതാക്കൾ എന്നു വിശേഷിപ്പിക്കുന്നവരുടെ നിമിഷായുസ്സുള്ള നിരീക്ഷണങ്ങൾ.
ആർക്കെല്ലാം ഏത് വകുപ്പ് കിട്ടും, എന്തുകൊണ്ട് കിട്ടും, കിട്ടിയില്ലെങ്കിൽ ആരാണ് ദുഃഖിക്കുക — ഇതെല്ലാം തെളിവും തർക്കവും ചേർത്ത് അവതരിപ്പിക്കുന്ന ഓൺലൈൻ തൊഴിലാളികളുടെ അശ്രാന്ത പ്രയത്‌നം.

ആ വിശകലനങ്ങളുടെ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ സമയം തിരിച്ചറിയുമ്പോഴേക്കും രാത്രി കൂടുതൽ ആഴപ്പെട്ടു കഴിഞ്ഞിരുന്നു.

“ഇനി കിടക്കാം…” എന്ന് മനസ്സിൽ പറഞ്ഞ് ശയനമുറിയിലേക്ക് എത്തിയപ്പോൾ, മങ്ങിയ ഇരുട്ടിൽ ഒരു ചെറിയ സത്യം തെളിഞ്ഞു — അമ്മയുടെ ചേർന്നു കിടക്കുന്ന കുഞ്ഞുമകൻ കിടക്കയുടെ ഭൂരിഭാഗവും രാജകീയമായി കീഴടക്കിയിരിക്കുന്നു!

അവനെ മാറ്റാൻ ശ്രമിച്ചപ്പോൾ, ഉറക്കത്തിന്റെ ആഴത്തിൽ നിന്നൊരു നെടുവീർപ്പ് മാത്രം മറുപടിയായി ഉയർന്നു.
അവന് മനസ്സിലാകുന്ന ആംഗ്യഭാഷയിൽ, “അച്ഛനും ഈ വീട്ടിലെ ഒരംഗമാണേ…” എന്ന് ബോധ്യപ്പെടുത്തി, ഒടുവിൽ ഒരു കൈ നീളമെങ്കിലും സ്ഥലം സ്വന്തമാക്കി.

ആ ചെറിയ വിജയത്തിന്റെ ആനന്ദത്തിൽ തല തലയണയിൽ ചായ്ക്കാൻ പോകുമ്പോഴായിരുന്നു മറ്റൊരു ശബ്ദം ഇരുട്ടിലൂടെ ഒഴുകിയെത്തിയത്.

“ഇപ്രാവശ്യം നമുക്ക് ഓട്ടം ലീവ്സ് കാണാൻ പോകാൻ പറ്റിയില്ല… എല്ലാം കഴിഞ്ഞല്ലോ. ഇനി എപ്പോഴാ പോകാൻ പറ്റുക?” പാതിമയക്കത്തിലായിരുന്ന ഭാര്യയുടെ ശബ്ദം.
“എനിക്ക് ഈ വീക്കൻഡിൽ ലീവില്ലല്ലോ…” എന്ന എന്റെ മറുപടി, ഉറക്കത്തിന്റെയും ബോധത്തിന്റെയും ഇടയിൽ കുടുങ്ങിയൊരു വാക്കായി പുറത്തുവന്നു.

“ലീവുള്ള ദിവസങ്ങളിലെല്ലാം പ്രോഗ്രാമിനുള്ള ടിക്കറ്റൊക്കെ വാങ്ങി വെച്ചിട്ടുണ്ടല്ലോ… കൈയിലെ കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയ പോലെ!” — അവളുടെ മറുപടി.

അതിന് പിന്നാലെ വന്ന ഒരു “ബനാന ടോക്ക്” കൂടി ചേർന്നപ്പോൾ, പാതി ഉറക്കത്തിലായിരുന്നെങ്കിലും മറുപക്ഷത്തിന് അസാധാരണമായ ഹാസ്യബോധമുണ്ടെന്ന് ഞാൻ സമ്മതിക്കാതെ വയ്യായിരുന്നു.

സമയം അർധരാത്രി കടന്നിട്ടും, ഞങ്ങളുടെ സ്ഥിരം വാദപ്രതിവാദങ്ങൾ പതിവുപോലെ തുടർന്നു.
ഒരാൾ പാതി ഉറക്കത്തിൽ, മറ്റെയാൾ പാതി ബോധത്തിൽ — എങ്കിലും സംഭാഷണത്തിന് കുറവൊന്നുമില്ല.

അവസാനം എല്ലാം ശാന്തമായി.
മുറിയിൽ വീണ്ടും നിശ്ശബ്ദത പടർന്നു.
ഉറക്കം നമ്മളെ സാവധാനം കീഴടക്കി.

എന്നാൽ രാത്രിയുടെ ഏത് നിമിഷത്തിലാണോ, അമ്മയും കുഞ്ഞും എഴുന്നേറ്റ് അവരുടെ പ്രഭാതകൃത്യങ്ങളും ചെറിയ ജോലികളും ആരംഭിച്ചതെന്ന്, ഞങ്ങളോ ചുവടെ കിടന്നിരുന്ന കുഞ്ഞുമകനോ അറിഞ്ഞില്ല.

കാലത്ത് വലിയ മക്കൾ സ്കൂളിലേക്ക് പോകാൻ തയ്യാറായി വന്ന് വിളിച്ചപ്പോഴാണ് സത്യം മനസ്സിലായത് —
അടുത്ത് കിടന്നിരുന്ന അമ്മയും മകനും അവരുടെ പുതിയ ദിവസത്തിലേക്ക് ഏറെ മുമ്പേ യാത്ര തിരിച്ചിരുന്നു.

അപ്പോൾ ഞാൻ മനസ്സിൽ ചിരിച്ചു…

രാഷ്ട്രീയ അൽഗോരിതങ്ങൾ, സോഷ്യൽ മീഡിയ വിശകലനങ്ങൾ, മന്ത്രിസഭാ ചർച്ചകൾ —
ഇവയെല്ലാം ചേർന്നാലും, ഒരു കുടുംബത്തിന്റെ രാത്രിജീവിതത്തിലെ നർമ്മവും സ്നേഹവും നിറഞ്ഞ ഈ ചെറിയ നിമിഷങ്ങളെ തോൽപ്പിക്കാനാവില്ല.

കാരണം…
ജീവിതത്തിലെ ഏറ്റവും മനോഹരമായ കഥകൾ പലപ്പോഴും പാതി ഉറക്കത്തിന്റെയും ചെറിയ തർക്കങ്ങളുടെയും ഇടയിലാണ് ജനിക്കുന്നത്.

ഉണ്ണിസാൻ

Send your news and Advertisements

You may also like

error: Content is protected !!