ചെങ്കോലും കിരീടവും സിംഹാസനവും ജനാധിപത്യ സംവിധാനത്തിന്റെ മാതൃകയല്ല അവ രാജ ഭരണത്തിന്റെ പ്രതികങ്ങളാണ്. സ്വാതന്ത്ര്യലബ്ധിയ്ക്കുശേഷം നാം പ്രജകളല്ല, പൗരന്മാരെന്ന മഹത്തായ പദവിയിലേയ്ക്കു ഉയർത്തപ്പെട്ടു. എന്നാലും നമ്മുടെ ഭരണ സംവിധാനങ്ങളിൽ ആത്മീയ ഇടങ്ങളിലും നിലനിൽക്കുന്നതു രാജാവും പ്രജയും വ്യവസ്ഥ തന്നെയെന്നു തോന്നിപ്പോവുന്നു. പൂർണ്ണമായും നമ്മുടെ സംവിധാനങ്ങളിൽ ജനാധിപത്യ വ്യവസ്ഥ രൂപപ്പെട്ടിട്ടുണ്ടോ?
രാജവാഴ്ചയുടെ നിഴൽ പറ്റിത്തന്നെയാണ് നടന്നു പോരുന്നതു.
കൊട്ടാര സദൃശമായ ആരാധനാലയങ്ങൾ… മത മേലദ്ധ്യക്ഷന്മാരുടെ താമസവും ഇരിപ്പിടങ്ങളും എല്ലാം രാജ തുല്യം. സിംഹാസനം കിരീടം വാൾ മുഖം കാണിയ്ക്കൽ ദർശനത്തിനു മുൻകൂട്ടി അനുമതി മഹാരാജ് തിരുമേനി തുടങ്ങിയ വിളികൾ…..
പൗരബോധം അത്ര പെട്ടെന്നൊന്നും സമൂഹത്തിൽ തെളിഞ്ഞു വരില്ല…
സാമ്പത്തികവും, വൈകാരികവും, ബൗദ്ധികവുമായ വളർച്ച പ്രാപിച്ചാലേ സംവാദത്തിന്റേയും തിരുത്തലിന്റേയും ചോദ്യം ചെയ്യലിന്റേയും ധീരമായ ബോധാകാശം പ്രകാശിക്കുകയുള്ളൂ.
അതുവരെ അനുസരിപ്പിക്കലും ഭീഷണിപ്പെടുത്തലും അസഹിഷ്ണതയും അടിച്ചൊതുക്കലും ആക്ഷേപിയ്ക്കലും തുടരുക തന്നെ ചെയ്യും. ജാതി, മത രാഷ്ട്രീയ സാംസ്ക്കാരിക മേഖലകളിലെല്ലാം നമുക്കു ഫാസിസത്തിന്റെ മർക്കടമുഷ്ടി കാണാം…..
അധികാരത്തിന്റെ ധാർഷ്ട്യത്തോടെ പെരുമാറുന്ന ചെങ്കോലും കിരീടവുമുണ്ടെന്നു ധരിച്ചു വശായ പ്രശസ്തരേയും അറിവിലും സമ്പത്തിലും മുന്തിയവരെന്ന ധാരണ പിശകുളളവരേയും നാം കണ്ടു കൊണ്ടിരിക്കുന്നതു എല്ലാ പൗരന്മാരും തുല്യമാണെന്ന ഭരണഘടന അനുശാസിക്കുന്ന ഒരു രാജ്യത്താണ്. പൗരബോധമുള്ള മനുഷ്യരാവാൻ അത്ര എളുപ്പമല്ല.
ചിന്തയിലും വാക്കിലും പ്രവർത്തിയിലും അത്രമാത്രo ശ്രദ്ധയും നിരന്തര പരിവർത്തനത്തിനു വിധേയമാകാനുള്ള മന:സ്ഥര്യവും അതിനു ആവശ്യമാണു….. ആസുരീയതയിൽ നിന്ന് മാനുഷികതയിലേയ്ക്കും മാനുഷികതയിൽ നിന്ന് സമത്വ പൂർണ്ണമായ ദൈവീകതയിലേയ്ക്കും ഉണർന്നു വരുന്ന ബോധത്തിലേ പൗരബോധം പ്രകാശിക്കുകയുള്ളു.
അവലംബം: ഉൾക്കാഴ്ചകൾ ഷൗക്കത്ത്
അന്നാ പോൾ

