ആലപ്പുഴ/ കാസർഗോഡ്: പിണറായി വിജയൻ പ്രതിപക്ഷ നേതാവായി തുടരുന്നത് വലിയ ക്ഷീണം പാർട്ടിക്ക് ഉണ്ടാക്കുമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം. പ്രതിപക്ഷത്ത് വളരെ ചുരുങ്ങിയ ആളുകളുമായി ഇരിക്കുമ്പോൾ ഭരണപക്ഷത്തിന്റെ നീക്കങ്ങളെ എതിർക്കാനും അതുമായി ബന്ധപ്പെട്ട തുടർപരിപാടികളുമായി മുന്നോട്ട് പോകാനും പിണറായിയുടെ വിമർശനങ്ങൾക്ക് സാധിക്കുമോ എന്ന ആശങ്കയും സെക്രട്ടറിയേറ്റ് അംഗങ്ങൾ ആശങ്ക പങ്കുവെച്ചു. അതുകൊണ്ടു പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്നും പ്രതിപക്ഷ നേതാവായി പിണറായിയെ നിയോഗിച്ചത് ശരിയല്ലെന്നും സെക്രട്ടേറിയേറ്റിൽ വിമർശനം ഉയർന്നു.
സംസ്ഥാന സെക്രട്ടറി ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ലാതെ സംസാരിക്കുന്നുവെന്നായിരുന്നു എംവി ഗോവിന്ദനെതിരെയുള്ള വിമർശനം. തിരുത്തലുകൾ ഉണ്ടാകണം. നിലവിലെ രീതി തുടർന്നാൽ അധികാരത്തിലേക്ക് മടങ്ങിവരവ് കടുപ്പമാകുമെന്നും സംസ്ഥാന കമ്മറ്റി പുനഃസംഘടിപ്പിക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റിൽ ആവശ്യം ഉയർന്നു. ജി സുധാകരനെ നേരിട്ടതിൽ പാർട്ടി പരാജയമെന്നും യോഗത്തിൽ കുറ്റപ്പെടുത്തൽ ഉണ്ടായി. വി.എൻ വാസവൻ, സജി ചെറിയാൻ, സി എസ് സുജാത, തോമസ് ഐസക് എന്നിവർ മേൽഘടകങ്ങളിൽ നിന്ന് സെക്രട്ടറിയേറ്റിൽ പങ്കെടുത്തു.
സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റിലും സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉണ്ടായി. തമ്പ്രാക്കന്മാർ പറയും, അടിയാന്മാർ അനുസരിക്കണം എന്നതാണ് നിലപാടെന്നും ഭൂമാഫിയ സംഘങ്ങളുമായി ബന്ധമുള്ള മധുസൂദനനെ പയ്യന്നൂരിൽ സ്ഥാനാർത്ഥിയാക്കിയത് തിരിച്ചടിയായെന്നും വിമർശനം ഉയർന്നു. തൃക്കരിപ്പൂരിലെ തോൽവിക്കും ഇത് കാരണമായി. ജില്ലാ നേതൃത്വം മഞ്ചേശ്വരത്ത് കെ ആർ ജയാനന്ദയെ രക്തസാക്ഷിയാക്കി. മഞ്ചേശ്വരത്ത് 20,000 സിപിഎം വോട്ടുകൾ മറിഞ്ഞതിൽ ഇടപെടലുണ്ടായെന്നും ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനമുണ്ടായി.

