Tuesday, May 19, 2026
Home » ഇറാനെതിരെ ഇന്ന് നടത്താനിരുന്ന ആക്രമണം ഗൾഫ് രാജ്യങ്ങളുടെ അഭ്യർഥന മാനിച്ചു മാറ്റിവെച്ചതായി ട്രംപ്.
അമേരിക്ക ഇറാൻ ഇസ്രായേൽ യുദ്ധം

ഇറാനെതിരെ ഇന്ന് നടത്താനിരുന്ന ആക്രമണം ഗൾഫ് രാജ്യങ്ങളുടെ അഭ്യർഥന മാനിച്ചു മാറ്റിവെച്ചതായി ട്രംപ്.

by Editor

വാഷിങ്ടൺ: ഗൾഫ് രാജ്യങ്ങളുടെ അഭ്യർഥന മാനിച്ചു ഇറാനെതിരെ ഇന്ന് നടത്താനിരുന്ന സൈനിക ആക്രമണം താൽക്കാലികമായി മാറ്റിവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി നിലവിൽ ഗൗരവമേറിയ സമാധാന ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ, വളരെ പെട്ടെന്ന് തന്നെ ഇറാനെതിരെ വൻതോതിലുള്ള സൈനിക ആക്രമണം ആരംഭിക്കാൻ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനും ജോയിന്റ് ചീഫ് ചെയർമാൻ ജനറൽ ഡാനിയൽ കെയ്നും ട്രംപ് നിർദ്ദേശം നൽകിയിട്ടുണ്ട്.

സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനി എന്നിവർ നേരിട്ടാണ് ആക്രമണം നീട്ടിവെക്കാൻ ട്രംപിനോട് ആവശ്യപ്പെട്ടത്. യുഎസിനും മധ്യപൂർവേഷ്യൻ രാജ്യങ്ങൾക്കും പൂർണ്ണമായും സ്വീകാര്യമായ ഒരു സമാധാന കരാറിലേക്ക് ചർച്ചകൾ ഉടൻ എത്തിച്ചേരുമെന്ന് ഗൾഫ് നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു. പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ തങ്ങൾ പുതിയ നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, യുഎസ് വീണ്ടും തന്ത്രപരമായ തെറ്റായ കണക്കുകൂട്ടലുകൾക്ക് മുതിരരുതെന്ന് ഇറാന്റെ മുതിർന്ന സൈനിക കമാൻഡർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ഇറാൻ ആണവായുധങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കുന്ന ഒരു കരാർ മാത്രമേ അമേരിക്ക അംഗീകരിക്കുകയുള്ളൂ. “ബോംബുകൾ വർഷിക്കാതെ ഒരു പരിഹാരമുണ്ടായാൽ സന്തോഷം, എന്നാൽ അതിന് സാധിച്ചില്ലെങ്കിൽ വൻ തിരിച്ചടി നേരിടേണ്ടി വരും” എന്നാണ് ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഏപ്രിൽ ആദ്യവാരം മുതൽ നിലവിലുള്ള താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടാൽ അത് വൻ പ്രാദേശിക യുദ്ധത്തിലേക്ക് നയിക്കുമെന്ന് സൗദി അറേബ്യ, യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങൾ ഭയപ്പെടുന്നു. തങ്ങളുടെ വ്യോമാതിർത്തി ആക്രമണങ്ങൾക്കായി യുഎസ് ഉപയോഗിച്ചാൽ ഇറാന്റെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പും ഈ രാജ്യങ്ങൾക്കുണ്ട്.

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷകൾക്കിടയിൽ, ഇറാനെതിരെ സൈനിക നടപടി വേണമെന്ന് അമേരിക്കൻ സെനറ്റർ ലിൻസി ഗ്രാം ആവശ്യപ്പെട്ടു. ഇറാന്മേൽ ഒരിക്കൽക്കൂടി സൈനിക നടപടി വേണമെന്ന ആഹ്വാനമാണ് ലിൻസി ഗ്രാം നടത്തിയത്. ചർച്ചകൾക്ക് മുൻപ് അമേരിക്ക തങ്ങളുടെ മേധാവിത്വം ഉറപ്പാക്കണമെന്നും ഹ്രസ്വവും എന്നാൽ കരുത്തുറ്റതുമായ ഒരു സൈനിക പ്രതികരണം മാത്രമേ ഈ മേഖലയിലെ സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ സഹായിക്കൂ എന്നുമാണ് സെനറ്ററുടെ വാദം.

സമാധാന ചർച്ചകളുടെ മുന്നോടിയായി വലിയ വിട്ടുവീഴ്ച്ചകൾക്ക് ഇറാനും അമേരിക്കയും ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചർച്ചകൾ നടക്കുന്ന സമയം വരെ ഇറാന് മേലുള്ള എണ്ണ ഉപരോധം അമേരിക്ക നീക്കുമെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതുക്കിയ പതിനാലിന നിർദേശങ്ങൾ അമേരിക്കയ്ക്ക് ഇറാൻ കൈമാറിയിട്ടുണ്ട്. യുദ്ധത്തിന് നഷ്ടപരിഹാരമെന്ന ആവശ്യത്തിൽ നിന്ന് ഇറാനും പിറകോട്ട് പോകുന്നതായി റിപ്പോർട്ടുകളുണ്ട്. നഷ്ടപരിഹാരത്തിന് പകരം, സാമ്പത്തികമായ ഉപരോധങ്ങൾ നീക്കുന്നതുൾപ്പടെ ഇളവുകൾ മതിയെന്ന് ഇറാൻ സമ്മതിച്ചതായാണ് റിപ്പോർട്ട്. ആണവ പദ്ധതി ദീർഘകാലത്തേക്ക് മരവിപ്പിക്കുക, യുറേനിയം ശേഖരം റഷ്യയ്ക്ക് കൈമാറുക, പകരമായി ദീർഘകാലത്തേക്ക് ഉടമ്പടി എന്നിവയും ചർച്ചകളിലുണ്ട്.

അതേസമയം യുദ്ധം ഉടന്‍ തുടങ്ങുമെന്നും ഒരുങ്ങിയിരിക്കാനും ഇസ്രയേല്‍, സേനയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ഇറാന്റെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിടുമെന്നും റിപ്പോര്‍ട്ടുണ്ട്. ഞായറാഴ്ച ഡോണള്‍ഡ് ട്രംപും ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ അരമണിക്കൂറിലധികം ഫോണിലൂടെ സംസാരിച്ചിരുന്നു. അമേരിക്കയില്‍ നിന്നുള്ള അറിയിപ്പിനായി ഇസ്രായേല്‍ സൈന്യം കാത്തിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

Send your news and Advertisements

You may also like

error: Content is protected !!