വാഷിങ്ടൺ: ഇറാനെതിരായ യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക ആക്രമണം അടുത്ത ആഴ്ചയോടെ പുനരാരംഭിച്ചേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൈന സന്ദർശനത്തിന് ശേഷം തിരിച്ചെത്തിയ ട്രംപ്, ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടാൽ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി 2.0′ എന്ന പേരിൽ പുതിയ സൈനിക നീക്കത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉന്നത സൈനിക ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായാണ് സൂചനകൾ.
ഒരു മാസം മുൻപ് പ്രഖ്യാപിച്ച വെടിനിർത്തലിന് ശേഷം നടന്ന ചർച്ചകൾ ഫലപ്രാപ്തിയിൽ എത്താത്തതാണ് പുതിയ സൈനിക നീക്കത്തെക്കുറിച്ച് ചിന്തിക്കാൻ അമേരിക്കയെ പ്രേരിപ്പിച്ചത്. തങ്ങളുടെ ആണവ പദ്ധതികൾ പൂർണ്ണമായി നിർത്തലാക്കണമെന്ന യുഎസിന്റെ ആവശ്യം ഇറാൻ നിരസിച്ചിരുന്നു. ഭാവിയിൽ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന ഉറപ്പ് ലഭിക്കാതെ ചർച്ചകൾക്കില്ലെന്നാണ് ഇറാന്റെ നിലപാട്.
ആണവായുധങ്ങൾ കൈവശം വെക്കുന്നതിൽനിന്നും ഹോർമുസ് കടലിടുക്ക് തടയുന്നതിൽനിന്നും ഇറാനെ പിന്തിരിപ്പിക്കാൻ അമേരിക്കയും ചൈനയും ധാരണയിലെത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനെതിരെ ട്രംപ് സൈനിക നീക്കത്തിന് ശ്രമം നടത്തുന്നുവെന്ന വാർത്തകൾ പുറത്ത് വരുന്നത്. ആക്രമണം പുനരാരംഭിച്ചാൽ ഇറാന്റെ ആണവ-സൈനിക കേന്ദ്രങ്ങളിൽ കനത്ത ബോംബാക്രമണം നടത്തുക, പ്രത്യേക കമാൻഡോകളെ ഇറക്കി ഭൂഗർഭ ആണവ സാമഗ്രികൾ പിടിച്ചെടുക്കുക, ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുക എന്നിവയാണ് യുഎസ്-ഇസ്രായേൽ സഖ്യത്തിന്റെ ലക്ഷ്യങ്ങൾ.
പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഏപ്രിലിൽ നിലവിൽ വന്ന താൽക്കാലിക വെടിനിർത്തൽ ലംഘിക്കപ്പെട്ട പശ്ചാത്തലത്തിലാണ് യുഎസ്-ഇസ്രായേൽ സഖ്യം വീണ്ടും ഇറാനെതിരായ നീക്കത്തിന് തയ്യാറെടുക്കുന്നത്.

