Sunday, May 17, 2026
Home » മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം ആയില്ല; ലീഗിലും ആശയക്കുഴപ്പം
മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം ആയില്ല; ലീഗിലും ആശയക്കുഴപ്പം

മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം ആയില്ല; ലീഗിലും ആശയക്കുഴപ്പം

by Editor

തിരുവനന്തപുരം: പതിനാറാം മന്ത്രിസഭയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള മാരത്തൺ ചർച്ച തുടരുന്നു. മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം ആയില്ല. പട്ടിക രാത്രിയോടെ പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇനിയും ചർച്ചകൾ അവസാനിച്ചിട്ടില്ല.  ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പട്ടിക ഗവർണർക്ക് കൈമാറും എന്നാണ് വി ഡി സതീശൻ അറിയിച്ചത്. ഉഭയകക്ഷി ചർച്ചകൾ തുടരുകയാണ്. ഇന്ന് രാവിലെയും ചർച്ച തുടരുമെന്ന് എഐസിസി ദീപദാസ് മുൻഷി അറിയിച്ചു. തിങ്കളാഴ്ചയാണ് പൂർണ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്.

യുഡിഎഫിലെ സർക്കാർ രൂപീകരണ ചർച്ചകളും പൂർത്തിയായില്ല. കോൺഗ്രസിനുള്ളിലേയും ഘടകകക്ഷികളുമായുമുള്ള ചർച്ചകൾ ഇന്നും തുടരും.  ലീഗിൽ നിലവിൽ മന്ത്രിസ്ഥാനം ഉറപ്പിച്ചത് പി.കെ. കുഞ്ഞാലിക്കുട്ടിയും എൻ. ഷംസുദ്ദീനും മാത്രം. പി.കെ. ബഷീറിനെ പരിഗണിക്കുന്നതിൽ ഒരുവിഭാഗത്തിന് എതിർപ്പ് ഉണ്ടെന്നാണ് സൂചന. കെ.എം. ഷാജി, പാറക്കൽ അബ്ദുള്ള എന്നിവരും പട്ടികയിൽ ഉണ്ട്. അഞ്ചാം മന്ത്രിയുടെ കാര്യത്തിലും തീരുമാനം ആയിട്ടില്ല. അഞ്ചു മന്ത്രിമാർ വേണമെന്നാവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് മുസ്ലിം ലീഗ്.

യു.ഡി.എഫിൽ മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച ചർച്ചകളിൽ അർഹമായ പരിഗണന ലഭിക്കാത്തതിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനും അതൃപ്‌തി. മത്സരിച്ച എട്ട് സീറ്റുകളിൽ ഏഴിടത്തും വിജയിച്ച മികച്ച സ്ട്രൈക്ക് റേറ്റ് മുൻനിർത്തി തങ്ങൾക്ക് രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ഉറച്ച നിലപാടിലാണ് പാർട്ടി നേതൃത്വം. എന്നാൽ ഒരു മന്ത്രിപദവിയും ചീഫ് വിപ്പ് സ്ഥാനവും നൽകാമെന്നതാണ് കോൺഗ്രസിന്റെ വാഗ്‌ദാനം.

അതേസമയം, സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച കോൺ​ഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത് വന്നു. രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, എപി അനിൽകുമാർ, പിസി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ മന്ത്രിമാരാകും എന്നാണ് സൂചന. ഇനിയും കുറച്ച് പേരുകള്‍ കൂടി വരാനുണ്ട്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് പ്രധാനപ്പെട്ട വകുപ്പ് തന്നെ നൽകിയേക്കുമെന്ന വിവരമാണ് പുറത്തുവരുന്നത്. ആഭ്യന്തര മന്ത്രി സ്ഥാനം മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകാൻ ധാരണയായതോടെ ധനവകുപ്പിന്‍റെ ചുമതല മുഖ്യമന്ത്രി തന്നെ നേരിട്ട് നിർവഹിച്ചേക്കുമെന്നാണ് വിവരങ്ങൾ.

ഘടകകക്ഷികളിൽ സിപി ജോൺ, ഷിബു ബേബി ജോൺ എന്നിവർ മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. മാണി സി. കാപ്പനും അനൂപ് ജേക്കബിനും ടേം വ്യവസ്ഥ ആണ് കോൺഗ്രസ് നിർദ്ദേശിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പ്രഖ്യാപനത്തെ ചൊല്ലിയുള്ള തർക്കങ്ങൾക്ക് പിന്നാലെ കടുത്ത നിലപാടിലേക്ക് കടന്ന രമേശ് ചെന്നിത്തല ഹൈക്കമാൻഡിന്‍റെയും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍റെയും നേരിട്ടുള്ള അനുനയനീക്കങ്ങൾക്ക് വഴങ്ങുകയായിരുന്നു. സതീശൻ സർക്കാരിൽ ആഭ്യന്തരം, വിജിലൻസ് എന്നീ വകുപ്പുകളാകും ചെന്നിത്തല കൈകാര്യം ചെയ്യുകയെന്ന് ധാരണയായിട്ടുണ്ട്. രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ സതീശൻ നടത്തിയ നീക്കം ഫലം കാണുകയായിരുന്നു. കെ സി വേണു​ഗോപാലും ഇന്നലെ ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കോൺഗ്രസ് മന്ത്രിമാരുടെ പട്ടിക ഇന്ന് (ഞായറാഴ്ച) രാവിലെ ദേശീയനേതൃത്വത്തിന് കൈമാറും. എ.ഐ.സി.സി. അനുമതിയോടെയാണ് പ്രഖ്യാപിക്കുക. മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളുടെയും പേരുകൾ ഇന്ന് ഉച്ചയോടെ ഗവർണർക്ക് കൈമാറും. തിങ്കളാഴ്ച മുഴുവൻ മന്ത്രിമാരും ഒരുമിച്ചാണ് സത്യപ്രതിജ്ഞ.

മന്ത്രിസഭാ രൂപീകരണത്തിനായുള്ള അതിവേഗ ചർച്ചകളിലേക്ക് കോൺഗ്രസ്; തിങ്കളാഴ്‌ച സത്യപ്രതിജ്ഞ

Send your news and Advertisements

You may also like

error: Content is protected !!