Friday, May 15, 2026
Home » മന്ത്രിസഭാ രൂപീകരണത്തിനായുള്ള അതിവേഗ ചർച്ചകളിലേക്ക് കോൺഗ്രസ്; തിങ്കളാഴ്‌ച സത്യപ്രതിജ്ഞ
മന്ത്രിസഭാ രൂപീകരണത്തിനായുള്ള അതിവേഗ ചർച്ചകളിലേക്ക് കോൺഗ്രസ്; തിങ്കളാഴ്‌ച സത്യപ്രതിജ്ഞ

മന്ത്രിസഭാ രൂപീകരണത്തിനായുള്ള അതിവേഗ ചർച്ചകളിലേക്ക് കോൺഗ്രസ്; തിങ്കളാഴ്‌ച സത്യപ്രതിജ്ഞ

by Editor

തിരുവനന്തപുരം: പതിനൊന്ന് ദിവസത്തെ ഉദ്വേഗങ്ങൾക്കൊടുവിൽ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ മന്ത്രിസഭാ രൂപീകരണത്തിനായുള്ള അതിവേഗ ചർച്ചകളിലേക്ക് കോൺഗ്രസ്. തിങ്കളാഴ്‌ച മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കൊപ്പം മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അറിയുന്നത്. 21 അംഗ മന്ത്രിസഭയിൽ കോൺഗ്രസിന് മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാരും സ്പീക്കറും ഡപ്യൂട്ടി സ്പീക്കറുമുണ്ടാകും.

മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ ഇടഞ്ഞ് നിൽക്കുന്ന രമേശ് ചെന്നിത്തലയുടെ നിലപാട് മന്ത്രിസഭാ രൂപീകരണത്തിൽ നിർണായകമാകും. ആഭ്യന്തര വകുപ്പ് രമേശിന് നൽകി അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഒത്തുതീർപ്പ് ഫോർമുലയുടെ ഭാഗമായി മന്ത്രി സഭയിൽ കെ.സി വേണുഗോപാൽ പക്ഷത്തുള്ള കൂടുതൽ പേർ ഇടം പിടിക്കുമെന്നാണ് സൂചന. ഇന്നലെ രാവിലെ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ ഇതു സംബന്ധിച്ച ചില ഉറപ്പുകൾ കെ.സിക്ക് ലഭിച്ചിട്ടുണ്ട്.

കോൺഗ്രസിൽനിന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, കെ.മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി. വിഷ്‌ണുനാഥ്, ബിന്ദു കൃഷ്ണ, എം.ലിജു, ടി. സിദ്ദിഖ്, അൻവർ സാദത്ത്, ഷാനിമോൾ ഉസ്‌മാൻ, റോജി എം. ജോൺ, ചാണ്ടി ഉമ്മൻ, മാത്യു കുഴൽനാടൻ, എ.പി. അനിൽകുമാർ, വി.പി. സജീന്ദ്രൻ, ഐ.സി. ബാലകൃഷ്‌ണൻ, വി.ടി. ബൽറാം തുടങ്ങിയ പേരുകൾ സജീവ ചർച്ചകളിലുണ്ട്. ജില്ലാ, സമുദായ പ്രാതിനിധ്യം പരിഗണിക്കുമ്പോൾ ആർക്കെല്ലാം നറുക്ക് വീഴുമെന്നത് നിർണായകമാണ്. ഇവരിൽ ഒരാൾ സ്‌പീക്കറാകും.

മുസ്ലീം ലീഗ് അഞ്ച് മന്ത്രിമാരെ ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം ഷാജി, എൻ. ഷംസുദ്ദീൻ, പി.കെ ബഷീർ, ആബിദ് ഹുസൈൻ തങ്ങൾ എന്നിവരാണ് ലീഗിന്റെ പരിഗണനയിലുള്ളത്. അഞ്ചു എം എൽ എയ്ക്ക് ഒരു മന്ത്രി എന്ന ഫോർമുല ആണെങ്കിൽ ലീഗിന് നാലു മന്ത്രിമാർ ആകും ഉണ്ടാകുക. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ഇതിനകം തന്നെ രണ്ട് മന്ത്രിസ്ഥാനം വേണമെന്ന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. മാൻസ് ജോസഫ്, തോമസ് ഉണ്ണിയാടൻ എന്നീ പേരുകൾക്കാണ് മുൻഗണന. ആർഎസ്പിയിൽനിന്ന് ഷിബു ബേബി ജോൺ മന്ത്രിസഭയിലെത്തും.

ഏകാംഗ കക്ഷികൾക്ക് ഫുൾടേം നൽകാനാണ് ഇപ്പോൾ ആലോചിക്കുന്നത്. അങ്ങനെ വന്നാൽ അനുപ് ജേക്കബ്, സിഎംപിയിൽ നിന്ന് സി.പി ജോൺ, മാണി സി. കാപ്പൻ എന്നിവർ മന്ത്രിസഭയിൽ ഇടം പിടിക്കും. യുഡിഎഫിന് പുറത്തുനിന്ന് മുന്നണിയുമായി സഹകരിക്കുന്ന കെ.കെ.രമ വ്യക്തിപരമായി താൽപര്യമില്ലെന്ന നിലപാടിലാണ്. മന്ത്രിസ്ഥാനം ചോദിക്കണമെന്ന അഭിപ്രായം ആർഎംപിയിലുണ്ട്.

ഇന്നലെ നിയമസഭാ കക്ഷിയോഗത്തിനു ശേഷം സർക്കാർ രൂപീകരണത്തിനായി നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ ഗവർണറെ കണ്ട് പിന്തുണക്കത്ത് കൈമാറി. നിയമസഭ കക്ഷി യോഗത്തിൽ വി.ഡി സതീശനെ കോൺഗ്രസ് നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തു. സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയം തിരുവഞ്ചൂർ രാധാകൃഷ്ണൻ പിന്താങ്ങി. മുഴുവൻ മന്ത്രിസഭാംഗങ്ങളെയും തിങ്കളാഴ്‌ചയ്ക്ക് മുമ്പ് തീരുമാനിക്കാനുള്ള ശ്രമത്തിലാണ്. സദ് ഭരണമാണ് ലക്ഷ്യമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു.

പുസ്തകത്താളുകളിൽ നിന്ന് ഭരണത്തിൻ്റെ പടവുകളിലേക്ക്: വി. ഡി സതീശന്‍റെ പുതിയ അധ്യായം

Send your news and Advertisements

You may also like

error: Content is protected !!