മസ്കറ്റ്: ഒമാൻ തീരത്ത് ഡ്രോൺ അല്ലെങ്കിൽ മിസൈൽ ആക്രമണത്തെത്തുടർന്ന് ഗുജറാത്തിൽ നിന്നുള്ള ‘ഹാജി അലി’ (MSV Haj Ali) എന്ന ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി. ഹോർമുസ് കടലിടുക്കിന് സമീപം വടക്കൻ ഒമാനിലെ ലിമ തീരത്തുവെച്ച് മേയ് 13-ന് പുലർച്ചെയായിരുന്നു ഈ സംഭവം. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ നാവികരും സുരക്ഷിതരാണ്.
ഒമാന്റെ വടക്കൻ തീരമായ ലിമയ്ക്ക് സമീപമെത്തിയപ്പോൾ കപ്പലിൽ മിസൈൽ പോലുള്ളതെന്തോ പതിക്കുകയായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. തുടർന്ന് കപ്പലിൽ തീപിടിത്തമുണ്ടാവുകയും കടലിൽ മുങ്ങുകയുമായിരുന്നു. ഒമാൻ കോസ്റ്റ് ഗാർഡ് രക്ഷാ പ്രവർത്തനം ആരംഭിക്കുകയും എല്ലാ ക്രൂ അംഗങ്ങളെയും ദീബ തുറമുഖത്ത് സുരക്ഷിതമായി എത്തിക്കുകയും ചെയ്‌തു. കപ്പലിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്ന് കപ്പൽ ഉടമ സുൽത്താൻ അഹമ്മദ് സംഘർ അറിയിച്ചു.
ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും ഒമാൻ ഉദ്യോഗസ്ഥർ സുരക്ഷിതരാക്കിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗുജറാത്തിലെ ദ്വാരക ജില്ലയിലെ സലയ തുറമുഖത്താണ് കപ്പൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബുധനാഴ്ച പുലർച്ചെ സൊമാലിയയിൽ നിന്ന് ഷാർജയിലേക്ക് കന്നുകാലികളുമായി പോകുമ്പോഴാണ് ആക്രമണം നടന്നത്.
കപ്പലിനു നേരെയുണ്ടായ ആക്രമണത്തെ അസ്വീകാര്യമെന്നാണ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. ‘വാണിജ്യ കപ്പൽ ഗതാഗതത്തെയും സിവിലിയൻ നാവികരെയും ഇപ്പോഴും ലക്ഷ്യമിടുന്നതിൽ ഖേദിക്കുന്നു. ജീവനക്കാരെ രക്ഷപ്പെടുത്തിയ ഒമാൻ അധികൃതരോട് നന്ദി അറിയിക്കുന്നു’ – വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിരപരാധികളായ കപ്പൽ ജീവനക്കാരെ അപകടത്തിലാക്കുന്നതും നാവിഗേഷൻ, വാണിജ്യ സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്നതുമായ നടപടികൾ ഒഴിവാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഹോർമുസ് കടന്ന് 2 ഇന്ത്യൻ എൽപിജി കപ്പലുകൾ.
സംഘർഷം തുടരുന്ന ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള രണ്ട് എൽപിജി ടാങ്കറുകൾ കടന്നുപോയി. മേയ് 13ന് ‘സിമി’ (Symi) എന്ന എൽപിജി ടാങ്കറും വ്യാഴാഴ്ച ‘എൻവി സൺഷൈൻ’ എന്ന കപ്പലും ഹോർമുസ് സുരക്ഷിതമായി കടന്നു. അടഞ്ഞുകിടന്ന കടലിടുക്ക് വഴി കടന്നുപോയ ഇന്ത്യൻ കപ്പലുകളുടെ എണ്ണം ഇതോടെ 13 ആയി. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ വഴിമുട്ടിനിൽക്കുന്നതിനിടെയാണ് രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ കടലിടുക്ക് കടന്നത്. മാർച്ച് ആദ്യം മുതൽ 12 എൽപിജി ടാങ്കറുകളും ഒരു ക്രൂഡ് ഓയിൽ ടാങ്കറും ഉൾപ്പെടെ 13 ഇന്ത്യൻ പതാകയുള്ള കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നിട്ടുണ്ട്.
ഗൾഫ് ഓഫ് ഒമാനിൽനിന്ന് വന്ന സിമി കപ്പൽ ട്രാൻസ്പോണ്ടർ ഓഫ് ചെയ്ത ശേഷമാണ് ഹോർമുസ് കടന്നത്. യുഎഇയിലെ റുവൈസ് റിഫൈനറിയിൽനിന്ന് എൽപിജി ലോഡ് ചെയ്‌ത ‘എൻവി സൺഷൈൻ’ ഇറാനിലെ ലാരക് ദ്വീപിനു കിഴക്ക് ലൊക്കേഷൻ നൽകിയശേഷം സിഗ്നൽ ഓഫ് ചെയ്‌തു മണിക്കൂറുകൾക്കകം കടലിടുക്ക് പിന്നിട്ടു. 19,965 ടൺ എൽപിജിയുമായി വരുന്ന മാർഷൽ ഐലൻഡ്‌സ് പതാകയുള്ള ‘സിമി’ ശനിയാഴ്ച്‌ച ഗുജറാത്തിലെ കാണ്ട്ലയിൽ എത്തുമെന്ന് മംഗൽ പറഞ്ഞു. 46,427 ടൺ എൽപിജിയുമായി വരുന്ന വിയറ്റ്നാം പതാകയുള്ള ‘എൻവി സൺഷൈൻ’ തിങ്കളാഴ്‌ച ന്യൂ മംഗലാപുരത്ത് എത്തും. രണ്ട് കപ്പലുകളിലെയും ചരക്ക് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റേതാണ്.
നുഴഞ്ഞുകയറ്റവും അറസ്റ്റും; കുവൈത്ത് – ഇറാന്‍ തര്‍ക്കം രൂക്ഷമാകുന്നു.

