കുവൈത്ത് സിറ്റി: രാജ്യത്ത് അതിക്രമം നടത്താൻ പദ്ധതിയിട്ടെത്തിയ ഐആർജിസി ബന്ധമുള്ള നാല് പേരെ പിടികൂടിയെന്ന കുവൈത്ത് അറിയിപ്പിന് പിന്നാലെ കുവൈത്ത്-ഇറാൻ തർക്കം രൂക്ഷമാകുന്നു. മേയ് 1-ന് കുവൈത്തിന്റെ തന്ത്രപ്രധാനമായ ബൂബിയാൻ ദ്വീപിലേക്ക് (Bubiyan Island) ബോട്ട് മാർഗ്ഗം നുഴഞ്ഞുകയറാൻ ശ്രമിച്ച ഇറാന്റെ ആറ് പേരടങ്ങുന്ന റവല്യൂഷണറി ഗാർഡ് (IRGC) സംഘവുമായി കുവൈത്ത് സൈന്യം ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടലിൽ ഒരു കുവൈത്ത് സൈനികന് പരിക്കേൽക്കുകയും, നുഴഞ്ഞുകയറ്റക്കാരിൽ 4 ഇറാൻ സൈനികരെ കുവൈത്ത് ജീവനോടെ പിടികൂടുകയും ചെയ്തു.
തങ്ങളുടെ സൈനികർ വഴിതെറ്റി കുവൈത്ത് അതിർത്തിയിൽ എത്തിയതാണെന്നാണ് ഇറാന്റെ വാദം. പൗരന്മാരെ വിട്ടയക്കണമെന്നും ഇല്ലെങ്കിൽ പ്രതികരിക്കാൻ അവകാശമുണ്ടെന്നുമാണ് ഇറാന്റെ ഭീഷണി. അതേസമയം, കുവൈത്ത് സേനയുമായി ഏറ്റമുട്ടിയ സംഘത്തിലെ രണ്ടു പേർ രക്ഷപ്പെട്ടെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് അതിക്രമത്തിന് പദ്ധതിയിട്ടാണ് സംഘമെത്തിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. കുവൈത്തിൽ നുഴഞ്ഞു കയറാനുള്ള ശ്രമത്തെ സൗദി ഉൾപ്പടെ ശക്തമായി അപലപിച്ചു.
അമേരിക്ക-ഇസ്രായേൽ സഖ്യവുമായി ഇറാൻ നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, കഴിഞ്ഞ ഏതാനും മാസങ്ങളായി കുവൈത്തിന് നേരെ ഇറാന്റെ ഭാഗത്തുനിന്ന് തുടർച്ചയായ സൈനിക നീക്കങ്ങളും നുഴഞ്ഞുകയറ്റ ശ്രമങ്ങളും ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്തിന്റെ വ്യോമാതിർത്തിക്കുള്ളിൽ ഇറാന്റെ നിരവധി വിനാശകാരികളായ ഡ്രോണുകൾ കണ്ടെത്തുകയും കുവൈത്ത് പ്രതിരോധ സംവിധാനങ്ങൾ അവയെ നേരിടുകയും ചെയ്തു.
കുവൈത്തിൽ യുഎസ് സൈന്യത്തിന്റെ വലിയ താവളങ്ങളും ലോജിസ്റ്റിക്സ് സംവിധാനങ്ങളും നിലവിലുണ്ട്. മേഖലയിൽ അമേരിക്ക നടത്തുന്ന സൈനിക നീക്കങ്ങൾക്ക് കുവൈത്ത് മണ്ണ് ഉപയോഗിക്കുന്നതിലുള്ള അമർഷമാണ് ഇറാൻ കുവൈത്തിനെ ലക്ഷ്യമിടാൻ കാരണം. അതുമാത്രമല്ല പേർഷ്യൻ ഗൾഫിലെ കോടിക്കണക്കിന് ഡോളർ മൂല്യമുള്ള അൽ-ദുറ (ഇറാൻ ഇതിനെ ‘ആരാഷ്’ എന്ന് വിളിക്കുന്നു) പ്രകൃതി വാതകപ്പാടത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ പതിറ്റാണ്ടുകളായി തർക്കമുണ്ട്. ഈ വാതകപ്പാടത്തിൽ കുവൈത്തിനും സൗദി അറേബ്യക്കും മാത്രമാണ് പൂർണ്ണ അവകാശമുള്ളതെന്ന് ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിന്റെ പങ്ക് തങ്ങൾക്കും വേണമെന്ന ഇറാന്റെ ആവശ്യം തർക്കം കൂടുതൽ വഷളാക്കുന്നു.
ഇറാനുമായുള്ള യുദ്ധത്തിനിടെ യുഎഇയിൽ ‘രഹസ്യ സന്ദർശനം’ നടത്തിയെന്ന് നെതന്യാഹു.

