Thursday, May 14, 2026
Home » ഇറാനുമായുള്ള യുദ്ധത്തിനിടെ യുഎഇയിൽ ‘രഹസ്യ സന്ദർശനം’ നടത്തിയെന്ന് നെതന്യാഹു.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഇറാനുമായുള്ള യുദ്ധത്തിനിടെ യുഎഇയിൽ ‘രഹസ്യ സന്ദർശനം’ നടത്തിയെന്ന് നെതന്യാഹു.

by Editor

ജെറുസലേം: ഇറാനുമായുള്ള യുദ്ധത്തിനിടെ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു യുഎഇയിൽ രഹസ്യ സന്ദർശനം നടത്തിയെന്ന് ഇസ്രായേൽ. ‘ഓപ്പറേഷൻ ലയൺസ് റോർ’ സമയത്ത്, പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ രഹസ്യ സന്ദർശനം നടത്തുകയും യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തുവെന്നാണ് അദ്ദേഹത്തിൻറെ ഓഫീസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നത്.

എന്നാൽ ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവന തികച്ചും അടിസ്ഥാനരഹിതമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു എന്ന് അൽജസിറ റിപ്പോർട്ട് ചെയ്യുന്നുണ്ട്. യുദ്ധത്തിനിടയിൽ ഇസ്രായേൽ തങ്ങളുടെ പ്രശസ്തമായ ‘അയൺ ഡോം’ വ്യോമപ്രതിരോധ സംവിധാനങ്ങളും അത് പ്രവർത്തിപ്പിക്കാനുള്ള സൈനികരെയും യുഎഇയിലേക്ക് അയച്ചിരുന്നതായി യുഎസ് ഇസ്രായേൽ അംബാസഡർ മൈക്ക് ഹക്കബി നേരത്തെ പറഞ്ഞിരുന്നു.

അതേസമയം ഇറാനിയൻ സുരക്ഷാ വിഭാഗങ്ങൾ നേരത്തെ കൈമാറിയ കാര്യങ്ങളാണ് നെതന്യാഹു ഇപ്പോൾ പരസ്യമായി വെളിപ്പെടുത്തിയിരിക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എക്‌സിൽ കുറിച്ചു. ഇസ്രായേലുമായി ചേർന്ന് ഇറാനെതിരെ രഹസ്യകൂട്ടുക്കച്ചവടം നടത്തുന്നത് ‘മാപ്പർഹിക്കാത്ത കുറ്റമാണെന്നും’ ഇതിന് യുഎഇ മറുപടി പറയേണ്ടി വരുമെന്നും ഇറാൻ ഭീഷണിപ്പെടുത്തി.

ഹോർമുസ് കടലിടുക്കിലെ നിലവിലെ അവസ്ഥ അതീവ സങ്കീർണ്ണവും സംഘർഷഭരിതവുമായി തുടരുകയാണ്. നിലവിലെ സമാധാന ശ്രമങ്ങൾക്കിടയിലും ഹോർമുസിലെ സ്ഥിതിഗതികൾ ആഗോളതലത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പുതിയ പ്രഖ്യാപനപ്രകാരം ഹോർമുസ് കടലിടുക്കിലെ തങ്ങളുടെ പ്രവർത്തന പരിധി (Operational Area) 200 മുതൽ 300 മൈൽ വരെയായി ഇറാൻ വ്യാപിപ്പിച്ചു. അയൽരാജ്യമായ യുഎഇയുടെ ഫുജൈറ (Fujairah), ഉം അൽ ഖുവൈൻ തീരങ്ങളും തങ്ങളുടെ നിയന്ത്രണ മേഖലയിലായാണ് ഇറാൻ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഹോർമുസ് പൂർണ്ണമായി തുറക്കാതെ ആഗോള സാമ്പത്തിക-ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ കഴിയില്ലെന്ന് ഇന്റർനാഷണൽ എനർജി ഏജൻസി (IEA) വ്യക്തമാക്കിയിട്ടുണ്ട്

Send your news and Advertisements

You may also like

error: Content is protected !!