ന്യൂഡൽഹി: കേരള മുഖ്യമന്ത്രിയെ ഇന്ന് (വ്യാഴാഴ്‌ച) പ്രഖ്യാപിക്കും. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന യോഗത്തിന് ശേഷം മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശാണ് ഇക്കാര്യം അറിയിച്ചത്. ഇന്നു തിരുവനന്തപുരത്ത് ഇന്ദിരാഭവനിൽ കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേരും. ഘടകകക്ഷി എംഎൽഎമാരോടും തിരുവനന്തപുരത്തേക്ക് എത്താൻ കോൺഗ്രസ് നിർദേശിച്ചിട്ടുണ്ട്.
10 ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങളുടെ ആവർത്തനമായിരുന്നു ഇന്നലെയും. ഡൽഹിയിൽ വൈകിട്ട് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി ദീർഘമായ കൂടിയാലോചന നടത്തി. സോണിയ ഗാന്ധിയുടെ അഭിപ്രായത്തിൻ്റെ അടിസ്‌ഥാനത്തിലാണ് രാഹുലും ഖർഗെയും അന്തിമ തീരുമാനമെടുത്തതെന്നു വ്യക്തമാണ്. പ്രിയങ്ക ഗാന്ധിയുടെയും മുതിർന്ന നേതാവ് എ.കെ.ആൻ്റണിയുടെയും നിലപാടുകളും നിർണായകമായി. ഖർഗെയെ കാണുംമുൻപ് മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായും യുഡിഎഫ് കൺവീനർ അടൂർ പ്രകാശുമായും കൊടിക്കുന്നിൽ സുരേഷുമായും രാഹുൽ ഗാന്ധി ഫോണിൽ വിശദമായി സംസാരിച്ചു. ഒറ്റ പേരുമായാണ് രാഹുൽ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലേക്ക് എത്തിയതെന്നാണ് സൂചന.
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയുമായുള്ള കൂടിക്കാഴ്‌ചയ്ക്കു ശേഷം, പാർട്ടി മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ജയറാം രമേശിനെ ഖർഗെ വീട്ടിലേക്കു വിളിപ്പിച്ചതോടെ, പ്രഖ്യാപനം ഇന്നലെത്തന്നെ വാർത്താക്കുറിപ്പായി ഇറങ്ങുമെന്ന പ്രതീക്ഷയായി. എന്നാൽ, ഹൈക്കമാൻഡ് തലത്തിലുള്ള മുഴുവൻ ചർച്ചകളും പൂർത്തിയായെന്നും തീരുമാനം ഇന്നു പ്രഖ്യാപിക്കുമെന്നും അറിയിച്ച് ജയറാം രമേശാണ് അഭ്യൂഹത്തിനു വിരാമമിട്ടത്. മുക്കാൽ മണിക്കൂറോളമാണ് മൂവരും ചർച്ച നടത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുമായി സംസാരിച്ച ശേഷമാകും ഇന്ന് പ്രഖ്യാപനം.
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തടസ്സം ലീഗ് അടക്കമുള്ള ഘടകക്ഷികളെന്ന് ജി സുകുമാരന്‍ നായര്‍

