Thursday, May 14, 2026
Home » കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തടസ്സം ലീഗ് അടക്കമുള്ള ഘടകക്ഷികളെന്ന് ജി സുകുമാരന്‍ നായര്‍
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തടസ്സം ലീഗ് അടക്കമുള്ള ഘടകക്ഷികളെന്ന് ജി സുകുമാരന്‍ നായര്‍

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തടസ്സം ലീഗ് അടക്കമുള്ള ഘടകക്ഷികളെന്ന് ജി സുകുമാരന്‍ നായര്‍

by Editor

കോട്ടയം: കേരളത്തിലെ പുതിയ കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് വൈകുന്നതിന് കാരണം മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ അനാവശ്യ ഇടപെടലും സമ്മർദ്ദവുമാണെന്ന് എൻഎസ്എസ് (NSS) ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. കോൺഗ്രസിന്റെ ആഭ്യന്തര കാര്യത്തിൽ ഘടകക്ഷികൾ എന്തിനാണ് ഇടപെടുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ചോദിച്ചു.

കോൺഗ്രസ് ഹൈക്കമാൻഡ് ഔദ്യോഗികമായി അഭിപ്രായം തേടുന്നതിന് മുൻപ് തന്നെ ഘടകകക്ഷികൾ സമ്മർദ്ദം ചെലുത്തിത്തുടങ്ങി. ആര് മുഖ്യമന്ത്രിയായാലും അത് അംഗീകരിക്കാൻ ഘടകകക്ഷികൾ തയ്യാറാകണം. ഇന്ന ആൾ വേണമെന്നോ വേണ്ടെന്നോ വാശിപിടിക്കുന്നത് ജനാധിപത്യ മര്യാദയല്ല. മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടുപോകുന്നത് വഴി സംസ്ഥാനത്ത് നിലവിൽ ഭരണസ്തംഭനമാണ് ഉണ്ടാകുന്നത്. ഇത് യുഡിഎഫിന് നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച 102 സീറ്റുകളുടെ ശോഭ കെടുത്തി എന്നും ജി. സുകുമാരൻ നായർ പറഞ്ഞു.

മുഖ്യമന്ത്രി തർക്കം കാരണം ജനങ്ങൾക്കിടയിൽ യുഡിഎഫിനോട് കടുത്ത അതൃപ്തി രൂപപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഒരു തിരഞ്ഞെടുപ്പ് നടന്നാൽ മുന്നണിക്ക് 30 സീറ്റുകൾ വരെ കുറയാൻ ഇത് കാരണമാകും. സ്കൂളുകൾ തുറക്കാൻ പോകുന്ന സാഹചര്യത്തിൽ അനാവശ്യ തർക്കങ്ങൾ ഒഴിവാക്കാൻ ജനകീയമായ വിദ്യാഭ്യാസ വകുപ്പ് ഇത്തവണ കോൺഗ്രസ് തന്നെ ഏറ്റെടുത്ത് നടത്തണം എന്നും ജി. സുകുമാരൻ നായർ ആവശ്യപ്പെട്ടു.

ഒരു കൂട്ടർ മാത്രം വിദ്യാഭ്യാസ വകുപ്പ് കൈവശം വച്ചു പോകുന്നത് ശരിയല്ല. വേറൊരു കൂട്ടരുടെ ജാതി പറഞ്ഞുള്ള കടുംപിടുത്തം കൊണ്ടാണ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് താക്കോൽ സ്ഥാനം ആവശ്യപ്പെട്ടത്. രമേശ് ചെന്നിത്തലയോടുള്ളത് സൗഹൃദമാണ്. മൂന്ന് പേരുകളിൽ ആരുടെയും പേരിനോട് തനിക്ക് പ്രത്യേക താൽപര്യമില്ല എന്നും സുകുമാരൻ നായർ പറഞ്ഞു.

കേരള മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും.

Send your news and Advertisements

You may also like

error: Content is protected !!