കൊച്ചി: കേന്ദ്ര സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ ഒറ്റയടിക്ക് 15 ശതമാനമായി ഉയർത്തിയതിനെത്തുടർന്ന് കേരളത്തിൽ സ്വർണവിലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റദിവസത്തെ കുതിച്ചുചാട്ടം രേഖപ്പെടുത്തി. ഒരു പവൻ (8 ഗ്രാം) സ്വർണത്തിന് രാവിലെ ഒറ്റയടിക്ക് 10,200 രൂപ വർധിച്ച് 1,23,220 രൂപ എന്ന റെക്കോർഡ് നിരക്കിലെത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 1275 രൂപയുടെ വർധനവാണ് ഒറ്റയടിക്ക് ഉണ്ടായിരിക്കുന്നത്.
നിലവിൽ ഈ മാസത്തെ ഏറ്റവും കൂടിയ സ്വർണ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ് അഞ്ചിനായിരുന്നു. 1,09,400 രൂപയായിരുന്നു ഒരു പവൻ്റെ വില.
വെള്ളി വിലയിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് 320 രൂപയും 10 ഗ്രാം വെളളിക്ക് 3200 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.
ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തകർച്ച തടയുന്നതിനും വിദേശ നാണ്യ ശേഖരം സംരക്ഷിക്കുന്നതിനുമായി സ്വർണ ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് സ്വർണവില കുതിച്ചുയർന്നത്. സ്വർണത്തിൻ്റെ ഇറക്കുമതി തീരുവ 10 ശതമാനമായാണ് ഉയർത്തിയത്. ഇതിനു പുറമെ അഞ്ചുശതമാനം അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെൻ്റ് സെസ് കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ആകെ 15 ശതമാനത്തിൻ്റെ വർധനവാണ് നിലവിൽ വന്നിരിക്കുന്നത്. നേരത്തെ ഇത് ആറ് ശതമാനം ആയിരുന്നു.
വിദേശ നാണ്യ ശേഖരത്തിലെ കുറവ് പരിഹരിക്കാൻ ഒരു വർഷത്തേക്കെങ്കിലും സ്വർണ ഉപഭോഗം കുറയ്ക്കാനായിരുന്നു പ്രധാനമന്ത്രിയുടെ നിർദേശം. നിലവിൽ തന്നെ റെക്കോർഡ് വിലയിൽ നിൽക്കുന്ന സ്വർണത്തിന് പുതിയ നികുതി വർധനവ് വലിയ തിരിച്ചടിയാകും. വരും ദിവസങ്ങളിൽ സ്വർണ വിലയിൽ വീണ്ടും വർധനവ് ഉണ്ടാകാനാണ് സാധ്യത.

