Thursday, May 14, 2026
Home » ചൈനയിൽ എത്തിയ ട്രംപിന് അതിഗംഭീര സ്വീകരണം
ചൈനയിൽ എത്തിയ ട്രംപിന് അതിഗംഭീര സ്വീകരണം

ചൈനയിൽ എത്തിയ ട്രംപിന് അതിഗംഭീര സ്വീകരണം

by Editor

ബെയ്‌ജിങ്‌: ദ്വിദിന സന്ദർശനത്തിനായി ചൈനയിൽ എത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ബീജിങ്ങിൽ അതിഗംഭീരമായ സ്വീകരണം. പത്ത് വർഷത്തിന് ശേഷമാണ് ഒരു അമേരിക്കൻ പ്രസിഡന്റ് ചൈന സന്ദർശിക്കുന്നത്. എയർ ഫോഴ്സ് വൺ വിമാനത്തിൽ ബീജിങ്ങിൽ ഇറങ്ങിയ ട്രംപിനെ സ്വീകരിക്കാൻ ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ്ങിന്റെ നേതൃത്വത്തിലുള്ള ഉന്നതതലസംഘമാണ് വിമാനത്താവളത്തിൽ എത്തിയത്. ഇലോൺ മസ്‌ക് (ടെസ്‌ല/സ്‌പേസ്എക്സ്), ടിം കുക്ക് (ആപ്പിൾ) എന്നിവർ ഉൾപ്പെടെ യുഎസിലെ പ്രമുഖ 17 കമ്പനികളുടെ സിഇഒമാർ ട്രംപിനൊപ്പമുണ്ട്.

ആഗോള രാഷ്ട്രീയ സാമ്പത്തിക മേഖലകളിൽ വലിയ സ്വാധീനം ചെലുത്തുന്ന ഇരു ശക്തികളുടെയും ഈ കൂടിക്കാഴ്ചയെ അതീവ പ്രാധാന്യത്തോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്. ട്രംപും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ താരിഫ്, ടെക് മേഖലയിലെ മത്സരം, ഇറാൻ യുദ്ധം, തായ്‍വാനുമായുള്ള യുഎസിൻ്റെ ബന്ധം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. ഇതിൽ ഇറാനുമായുള്ള യുദ്ധം പ്രധാന വിഷയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പതിറ്റാണ്ടുകളായി ഇറാനുമായി സഖ്യമുള്ള ചൈന, റഷ്യയുടെ പ്രധാന വ്യാപാര പങ്കാളി കൂടിയാണ്.

ചൈനയും അമേരിക്കയും ലോകത്തിലെ രണ്ട് സൂപ്പര്‍ പവേഴ്‌സ് ആണെന്ന് ചൈന സന്ദര്‍ശനത്തിനായി പുറപ്പെടും മുമ്പേ ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ ചൈനീസ് പ്രസിഡന്റിന്റെ സഹായം തനിക്ക് ആവശ്യമില്ലെന്ന് ട്രംപ് പ്രതികരിച്ചിരുന്നു. എന്നാൽ ഇറാൻ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും ചൈനയുടെ സഹായം തേടുകയാണ് ട്രംപിൻ്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഔദ്യോഗികമായി ട്രംപ് ഇതു നിഷേധിച്ചെങ്കിലും ഇറാന്റെ എണ്ണയുടെ പ്രധാന ഉപഭോക്താവായ ചൈന, ഇറാനുമേലുള്ള സ്വാധീനം ഉപയോഗിച്ച് സമാധാന കരാർ സാധ്യമാക്കണമെന്ന ആവശ്യം ട്രംപ് ഉയർത്തിയേക്കും.

ഹോർമുസ് കടലിടുക്കിലെ അസ്ഥിരത ചൈനയുടെ എണ്ണ ഇറക്കുമതിയെയും ഊർജസുരക്ഷയെയും നേരിട്ടു ബാധിക്കാനുള്ള സാധ്യതയുള്ളതിനാൽ, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ നിയന്ത്രണവിധേയം ആക്കുന്നതിൽ ബെയ്ജിങ്ങിനും വ്യക്തമായ താത്പര്യങ്ങളുണ്ട്. തയ്‌വാനെച്ചൊല്ലി വർധിച്ചുവരുന്ന സംഘർഷങ്ങളും ഉച്ചകോടിയിൽ ചർച്ചയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഷി ചിൻപിങ്ങിന്റെ അജൻഡയിൽ ഒന്നാം സ്ഥാനത്തു തയ്‌വാൻ ആണ്. ട്രംപ് ഇറാൻ ഡീൽ ആഗ്രഹിക്കുമ്പോൾ, തയ്‌വാന്റെ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കില്ലെന്ന നിലപാട് യുഎസ് എടുക്കണമെന്ന് ചൈനയും ആഗ്രഹിക്കുന്നു.

Send your news and Advertisements

You may also like

error: Content is protected !!