തിരുവനന്തപുരം: പിണറായി വിജയൻ കേരളത്തിന്റെ പുതിയ പ്രതിപക്ഷ നേതാവായി ചുമതലയേൽക്കും. സി.പി.ഐ.(എം) സംസ്ഥാന സമിതി യോഗത്തിലാണ് അദ്ദേഹത്തെ നിയമസഭാ കക്ഷി നേതാവായി ഐകകണ്ഠ്യേന തിരഞ്ഞെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് പ്രതിപക്ഷ നിരയെ നയിക്കാൻ അദ്ദേഹം എത്തുന്നത്.
സിപിഎം സംസ്ഥാന സമിതിയിലാണ് ഇത് സംബന്ധിച്ച നിർണായക തീരുമാനമുണ്ടായത്. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പിണറായി വിജയൻ നേതൃസ്ഥാനത്ത് നിന്ന് മാറി നിൽക്കുന്നത് രാഷ്ട്രീയ ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടുമെന്ന വിലയിരുത്തലിലാണ് പാർട്ടി തീരുമാനം. കേരളത്തിൽ നിന്നുള്ള പിബി അംഗങ്ങളും സംസ്ഥാന സമിതിയും പിണറായി വിജയൻ തന്നെ പ്രതിപക്ഷത്തെ നയിക്കണമെന്ന നിലപാടിലായിരുന്നു.
പത്ത് വർഷത്തെ ഭരണ പരിജ്ഞാനമുള്ള ഒരു മുതിർന്ന നേതാവ് തന്നെ പ്രതിപക്ഷത്തെ നയിക്കുന്നത് പാർട്ടിക്കും മുന്നണിക്കും കരുത്ത് പകരുമെന്ന് യോഗം വിലയിരുത്തി. നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ നേരിടുക എന്ന വലിയ ദൗത്യമാണ് ഇനി പിണറായി വിജയനുള്ളത്. എംഎൽഎമാരിൽ ഏറ്റവും മുതിർന്ന നേതാവ് എന്ന പരിഗണനയും അദ്ദേഹത്തിന് ലഭിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടുപോയതിനാലാണ് പ്രതിപക്ഷ നേതാവിൻ്റെ കാര്യത്തിലും പ്രഖ്യാപനം വൈകിയത്.

