തിരുവനന്തപുരം: പ്രസ്ഥാനം വലിയ ഉത്തരവാദിത്തമാണ് ഏൽപ്പിച്ചിരിക്കുന്നതെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. ഈ പദവി ഒരു ദൈവനിയോഗമായി കാണുന്നുവെന്നും പ്രസ്ഥാനം വലിയൊരു ഉത്തരവാദിത്തമാണ് ഏൽപ്പിച്ചിരിക്കുന്നതെന്നും കോൺഗ്രസ് അധ്യക്ഷനോടും രാഹുൽ ഗാന്ധിയോടും നന്ദി അറിയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് മുന്നണിയുടെ ചരിത്രവിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറഞ്ഞ അദ്ദേഹം, പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പൂർണ്ണമായും പാലിച്ച് പുതിയൊരു കേരളം കെട്ടിപ്പടുക്കുമെന്നും കൂട്ടിച്ചേർത്തു.
“ഇതൊരു ദൈവിക നിയോഗമായി കാണുന്നു. ഏറ്റവുമധികം സഹായിച്ചത് എഐസിസിയാണ്. ജനറൽ സെക്രട്ടറിയെന്ന നിലയിൽ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും വലിയ പിന്തുണയാണ് നൽകിയത്. രമേശ് ചെന്നിത്തല ദീർഘകാലമായി തന്റെ നേതാവാണെന്നും തെരഞ്ഞെടുപ്പിൽ പ്രചാരണ സമിതി അധ്യക്ഷനെന്ന നിലയിൽ അദ്ദേഹം വലിയ അധ്വാനമാണ് കാഴ്ചവെച്ചതെന്നും സതീശൻ വ്യക്തമാക്കി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തനിക്ക് പൂർണ പിന്തുണയാണ് നൽകിയതെന്നും അദ്ദേഹം തന്റെ പ്രിയപ്പെട്ട സുഹൃത്തും സഹപ്രവർത്തകനുമാണെന്ന് സതീശൻ ഓർമ്മിപ്പിച്ചു.
ദീപാദാസ് മുൻഷി ഉൾപ്പെടെയുള്ളവർ ക്യാംപ് ചെയ്‌താണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. കേരളം നേരിടുന്ന വെല്ലുവിളികളെ ചെറുക്കാൻ ഒരുമിച്ചു നിൽക്കണം. പുതുയുഗം സൃഷ്‌ടിക്കാൻ എല്ലാവരും ചേർന്ന പ്രവർത്തനത്തിനേ കഴിയൂ. ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ടീമായി പ്രവർത്തിക്കണം. എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയും അറിയിക്കുന്നു. പ്രഖ്യാപനം നീണ്ടതിൽ നാണക്കേടില്ല. ഇതൊക്കെ നടപടിക്രമങ്ങളാണ്. എല്ലാവരുമായി ആശയവിനിമയം നടത്തിയാണ് പാർട്ടി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. എല്ലാ മുതിർന്ന നേതാക്കളുമായി കൂടിയാലോചന നടത്തി സത്യപ്രതിജ്‌ഞ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. പാർട്ടിയാണ് മന്ത്രിമാരെ തീരുമാനിക്കുന്നത്, ഞാനല്ല എന്നും സതീശൻ പറഞ്ഞു.
ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷമാണ് കോൺഗ്രസ് നേതൃത്വം വി.ഡി. സതീശനെ മുഖ്യമന്ത്രി പദവിയിലേക്ക് നിശ്ചയിച്ചത്. ഹൈക്കമാൻഡ് തീരുമാനം സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നുവെന്നും സതീശന് എല്ലാവിധ പിന്തുണയും നൽകുമെന്നും കെ.സി. വേണുഗോപാലും മാധ്യമങ്ങളോട് പ്രതികരിച്ചു.
പുസ്തകത്താളുകളിൽ നിന്ന് ഭരണത്തിൻ്റെ പടവുകളിലേക്ക്: വി. ഡി സതീശന്‍റെ പുതിയ അധ്യായം

