ജീവിതം ഒരു യുദ്ധഭൂമിയിലെ പോരാട്ടവും പ്രയാണവുമാണെന്ന് പറഞ്ഞാൽ ശരിയാവുമോ? അവനവൻ ജീവിച്ചുവന്നതും ജീവിച്ചു കൊണ്ടിരിക്കുന്നതുമായ ജീവിത സാഹചര്യങ്ങളെ ഒന്ന് ഓർത്തു നോക്കിയാൽ മതിയെന്നേ. ഓരോ ജീവിതത്തിനും പറയുവാനുണ്ട് പോരാട്ടങ്ങളുടെയും അതിജീവനത്തിൻ്റെയും ചരിത്രങ്ങൾ.
ചരിത്ര പഠന ശാഖയിൽ ഉൾപ്പെടുത്തിയാൽ ആളിനൊത്ത എണ്ണത്തിൽ പുസ്തകങ്ങൾ കൂടുമെന്നതിനാലോ അതോ ഓരോന്നും വ്യത്യസ്തങ്ങളായ കഥാതന്തുക്കൾ പ്രദാനം ചെയ്യുന്നതുകൊണ്ടോ ആവാം അവയൊക്കെ ഒഴിവാക്കപ്പെട്ടു എന്ന് പറയാം. ചരിത്രമെന്നാൽ വീരോദാത്ത കഥകളുടെയും വ്യക്തിത്വങ്ങളുടെയും സഞ്ചയമാണല്ലോ.
യഥാർത്ഥത്തിൽ ഓരോ ജീവിതത്തിനും പോരാട്ടങ്ങളുടെയും അതിജീവനത്തിൻ്റെയും ചരിത്രം പറയാനുണ്ട്. ജന്മ നിമിഷം മുതൽ തുടങ്ങുന്ന പോരാട്ടം. അത് നിലയ്ക്കുന്നത് ആറടി മണ്ണിനടിയിൽ ഒരുക്കപ്പെടുന്ന ഭൂമി മാതാവിൻ്റെ തണുത്ത മടിത്തട്ടിൽ. അതിനിടയിൽ എത്രയെത്ര മഹായുദ്ധങ്ങളെ ജയിച്ചവരാണ് നാം ഓരോരുത്തരും. കുടുംബം, സമൂഹം, മതം, സംസ്‌കാരം, രാഷ്ട്രീയം തുടങ്ങിയ ബാഹ്യമായ അല്ലെങ്കിൽ പ്രത്യക്ഷമായ അടർക്കളങ്ങൾ നമുക്ക് നേരെ ഉയർത്തുന്ന ആക്രോശങ്ങളും, അവനവൻ്റെ ഉള്ളിൽ സദാസമയവും അവനവനോടു തന്നെ പോരാടി കൊണ്ടിരിക്കുന്ന ചിന്തകളെന്ന യുദ്ധഭൂമിയും ഓരോ മനുഷ്യനെയും ചരിത്ര പുരുഷന്മാരും സ്ത്രീകളും ആക്കിത്തീർക്കുന്നുണ്ട്.
ഓരോ യുദ്ധങ്ങളുടെയും സംഭവതീവ്രത മാറ്റിനിർത്തിയാൽ മനുഷ്യരെല്ലാം അടർക്കളത്തിലെ അതിജീവിതരാണ്. ഈ പോരാട്ടത്തിൽ നാം തേടിക്കൊണ്ടിരിക്കുന്ന വിജയം എന്നത് ദുഃഖമില്ലായ്മയും സമാധാനവും ആണ്. അത് കണ്ടെത്തിയ യുദ്ധവീരന്മാരെ കണ്ടെത്തുക പ്രയാസവുമാണ്. ഓരോ ദിവസവും, അതിലെ ഓരോ നിമിഷവും മനുഷ്യൻ പോരാടുന്നത് എന്തിനോടാണ്? എന്തിനുവേണ്ടിയാണ് ? ഇതിനുത്തരം കണ്ടെത്തുവാൻ തന്നെ വേണം വലിയൊരു പോരാട്ടം.
ജനിച്ചു വീണ ഒരു കുഞ്ഞിൻ്റെ പോരാട്ടം അവൻ പിറന്നു വീണ സാഹചര്യത്തോടുള്ളതാണ്. പിന്നീട് അവൻ്റെ വിശപ്പിനോടുള്ള പോരാട്ടം തുടങ്ങുന്നു. അല്പം വലുതായി കഴിയുമ്പോൾ അവൻ്റെ പിടിവാശികൾ നേടുന്നതിലേക്ക് അവൻ്റെ പോരാട്ടം തുടങ്ങുകയായി. വിദ്യാഭ്യാസ കാലത്ത് അവൻ പോരാടുന്നത് പാഠ്യവിഷയങ്ങളോടും പരീക്ഷകളോടുമാണ്. ജീവസന്ധാരണ ഘട്ടത്തിൽ തൻ്റെ ജീവസാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനുള്ള പോരാട്ടം ആരംഭിക്കുന്നു. ഗാർഹസ്ഥ്യത്തിലെത്തുമ്പോൾ പോരാട്ടത്തിൻ്റെ സങ്കീർണ്ണമായ ഘട്ടത്തിലാണ്. വാർദ്ധക്യ കാലം യൗവ്വനം നഷ്‌ടമായതിൻ്റെ ശോക ചിന്തകളുടെ പോരാട്ടത്തിലേക്ക് നയിക്കുന്നു. അവസാനത്തിൽ അനവധി നഷ്ടബോധങ്ങളെ അടർക്കളത്തിൽ കൈവിട്ട് മൃത്യു വരിക്കുന്നു. അതുവരെയും അവൻ/അവൾ അതിജീവനപാതയിലാണ്. ചിലതിനോട് സന്ധിചെയ്തും ചിലതിനോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ചും ജീവിതം അതിൻ്റെ അസ്‌തമയസീമയെ ലക്ഷ്യമാക്കി യാത്ര തുടരുന്നു.
ലോകത്തിൻ്റെ വെളിച്ചമായവൻ തൻ്റെ പരസ്യ ശുശ്രൂഷയിൽ പറഞ്ഞത് നമുക്കും ശ്രവിക്കാം;
“ലോകത്തിൽ നിങ്ങൾക്ക് കഷ്ടതയുണ്ട്; എങ്കിലും ധൈര്യപ്പെടുവീൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു” (യോഹന്നാൻ : 16:33)
ജീവിതത്തിലെ കഷ്ടതകളിലും പ്രയാസങ്ങളിലും തളർന്നു പോകാതെ, ദൈവസഹായത്താൽ അതിനെ അതിജീവിക്കാം.
ഫാ. അജിൻ കോശി ജോൺ

