Saturday, May 16, 2026
Home » നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരന്‍ പിടിയില്‍
നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരന്‍ പിടിയില്‍

നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരന്‍ പിടിയില്‍

by Editor

ന്യൂ ഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി (NEET-UG 2026) ചോദ്യപേപ്പർ ചോർച്ചക്കേസിലെ മുഖ്യസൂത്രധാരനെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പുണെയിൽ നിന്നുള്ള കെമിസ്ട്രി പ്രൊഫസറായ പി.വി. കുൽക്കർണി ആണ് പിടിയിലായത്. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ (NTA) പരീക്ഷാ പ്രക്രിയകളുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ഇയാൾ. ഇയാളെ ലാതൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത സിബിഐ സംഘം ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. കേസുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേരെയാണ് അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്.

കുല്‍ക്കര്‍ണിയെ ചോദ്യം ചെയ്യലിന് ശേഷം പൂനൈയില്‍ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിബിഐയുടെ കണ്ടെത്തല്‍ പ്രകാരം, ഏപ്രില്‍ അവസാന വാരത്തോടെ കുല്‍ക്കര്‍ണി മറ്റൊരു പ്രതിയായ മനീഷ വാഗ്മറെയുടെ സഹായത്തോടെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചു. പൂനൈയിലെ തന്റെ വീട്ടില്‍ ഇവര്‍ക്കായി പ്രത്യേക കോച്ചിംഗ് ക്ലാസുകള്‍ നടത്തി. പരീക്ഷാ ചോദ്യങ്ങള്‍ ഓപ്ഷനുകള്‍ സഹിതം ഇയാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞുകൊടുക്കുകയും അവര്‍ അത് നോട്ടബുക്കില്‍ എഴുതിയെടുക്കുകയും ചെയ്തു. മെയ് 3-ന് നടന്ന യഥാര്‍ത്ഥ പരീക്ഷയിലെ ചോദ്യങ്ങളുമായി ഇവയ്‌ക്ക് പൂര്‍ണ്ണമായ സാമ്യമുണ്ടായിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സിബിഐ റെയ്ഡ് നടത്തുകയും നിർണ്ണായക രേഖകളും മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്‌തു. ഇവ നിലവിൽ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. മെയ് 12-നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ പരാതിയിൽ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ജയ്‌പൂർ, ഗുരുഗ്രാം, നാസിക്, പൂനൈ, അഹല്യനഗർ എന്നിവിടങ്ങളിൽ നിന്നായി ഏഴ് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. ഇതിൽ അഞ്ച് പേർ നിലവിൽ ഏഴ് ദിവസത്തെ സിബിഐ കസ്റ്റഡിയിലാണ്. ചോദ്യപേപ്പർ ചോർത്തിയ യഥാർത്ഥ ഉറവിടത്തെക്കുറിച്ചും ലക്ഷക്കണക്കിന് രൂപ വാങ്ങി വിദ്യാർത്ഥികളെ എത്തിച്ചുനൽകിയ ഇടനിലക്കാരെക്കുറിച്ചും സിബിഐക്ക് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം തുടരുകയാണ്.

Send your news and Advertisements

You may also like

error: Content is protected !!