Saturday, May 16, 2026
Home » മോദിയും ഷെയ്ഖ് മുഹമ്മദും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു.
മോദിയും ഷെയ്ഖ് മുഹമ്മദും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു.

മോദിയും ഷെയ്ഖ് മുഹമ്മദും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു.

by Editor

അബുദാബി: യുഎഇ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസിഡൻ്റ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അബുദാബിയിൽ കൂടിക്കാഴ്‌ച നടത്തി. എൽപിജി ഉൾപ്പെടെയുള്ള മേഖലകളുമായി ബന്ധപ്പെട്ടുള്ള ധാരണാ പത്രങ്ങളിൽ ഇരുവരും ഒപ്പിട്ടു. ബാങ്കിങ്, അടിസ്ഥാന സൗകര്യ വികസന മേഖലകളിലായി 5 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 42,000 കോടി രൂപ) ബൃഹത്തായ നിക്ഷേപമാണ് യുഎഇ പ്രഖ്യാപിച്ചത്.

പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലുള്ള പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിൽ വ്യാപാരം, നിക്ഷേപം, ഊർജ സംരക്ഷണം, പ്രവാസി ക്ഷേമം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പ്രധാന ചർച്ചാ വിഷയമായി. സമ്മാൻ ക്യാപിറ്റൽ, ആർബിഎൽ ബാങ്ക് എന്നിവയ്‌ക്കൊപ്പം ഇന്ത്യയുടെ ഇൻഫ്രാസ്ട്രക്ചർ മേഖലയിലുമാണ് പ്രധാനമായും യുഎഇ പണം ഇറക്കുന്നത്. ഇതിന് പുറമെ പ്രതിരോധം, വ്യാപാരം, ഊർജ്ജം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരണം ഉറപ്പാക്കി. ഗുജറാത്തിലെ വടിനാറിൽ കപ്പലുകളുടെ അറ്റകുറ്റപ്പണിക്കായി പ്രത്യേക കേന്ദ്രം (ഷിപ്പ് റിപ്പയർ ക്ലസ്റ്റർ) ആരംഭിക്കുന്നതിനും, എൽപിജി വിതരണം, പെട്രോളിയം കരുതൽ ശേഖരം എന്നിവയിൽ പുതിയ കരാറുകൾക്കും തുടക്കമായി.

പശ്ചിമേഷ്യയിലെ നിലവിലെ അശാന്തിയിൽ പ്രധാനമന്ത്രി മോദി ആശങ്ക പ്രകടിപ്പിച്ചു. ആഗോള വ്യാപാരത്തിന് നിർണ്ണായകമായ ഹോർമുസ് കടലിടുക്കിലെ ഗതാഗതം തടസ്സമില്ലാതെ തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യയും യുഎഇയും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

അബുദാബി വിമാനത്താവളത്തിൽ തന്നെ സ്വീകരിക്കാനെത്തിയ യുഎഇ പ്രസിഡൻ്റിന്റെ നടപടിക്ക് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. ഇതൊരു സഹോദര തുല്യമായ സ്നേഹപ്രകടനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പുതിയ പ്രതിരോധ പങ്കാളിത്ത ചട്ടക്കൂടുകൾ വഴി ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ബന്ധം വരും വർഷങ്ങളിൽ കൂടുതൽ ദൃഢമാകുമെന്നും കൂടിക്കാഴ്ച‌ വിലയിരുത്തി. മുമ്പെങ്ങുമില്ലാത്ത വിധം തന്ത്രപ്രധാനമായ ബന്ധമാണ് നിലവിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ളത്.

Send your news and Advertisements

You may also like

error: Content is protected !!