തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്ന ദിവസം കേരളത്തിൽ മഴ പെയ്തില്ല.
പക്ഷേ “പേര്” പെയ്തു.
പഴയ പാർട്ടി ഓഫീസുകളുടെ ബോർഡുകൾക്കു മുകളിൽ പുതിയ സ്റ്റിക്കറുകൾ പതിച്ചു. ഇന്നലെ വരെ “ജനകീയ വികസന മുന്നണി” ആയിരുന്നത് പിറ്റേന്ന് “ജനപക്ഷ നവകേരള ജനാധിപത്യ പുരോഗമന മുന്നണി” ആയി.
ഒരു ചായക്കടക്കാരൻ പറഞ്ഞു: “ഇനി പാർട്ടിയുടെ പേരൊക്കെ പറഞ്ഞ് തീരുമ്പോഴേക്കും ചായ തണുക്കും!”
കേരള രാഷ്ട്രീയത്തിൽ അന്ന് മുതൽ വലിയൊരു മാറ്റം സംഭവിച്ചു — നേതാക്കൾക്ക് അവരുടെ പഴയ പേരുകളിൽ വിശ്വാസം കുറഞ്ഞു.
“ചന്ദ്രൻ” ആയി നടന്നവൻ “ചന്ദ്രവികാസ്” ആയി.
“രാജൻ” എന്നവൻ “ജനരാജൻ” ആയി.
“സുധാകരൻ” “സുധാധിപൻ” ആയി.
എന്നാൽ, പേരുമാറിയെങ്കിലും പഴയ സ്വഭാവം പഴയ പാവാടപോലെ അകത്തുണ്ടായിരുന്നു.
കുഞ്ചിരാമന്റെ ആശയക്കുഴപ്പം
കോട്ടയം ജില്ലയിലെ ഒരു സങ്കൽപ്പഗ്രാമം — “പള്ളിക്കടവ്”.
അവിടെ താമസിച്ചിരുന്നവനാണ് കുഞ്ചിരാമൻ.
അവൻ രാഷ്ട്രീയത്തിൽ വലിയ അറിവൊന്നുമില്ല. പക്ഷേ എല്ലാ പാർട്ടികളുടെയും കൊടികൾ അവന്റെ വീട്ടുമുന്നിൽ കെട്ടിയിട്ടുണ്ട്. കാരണം ആരെങ്കിലും ജയിച്ചാൽ പിന്നീട് പ്രശ്നമുണ്ടാകരുത്.
തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം രാവിലെ അവൻ ചായക്കടയിൽ പോയി.
ചായക്കടക്കാരൻ പരമേശ്വരൻ ചോദിച്ചു:
“എന്താ കുഞ്ചിരാമാ, ഇനി ഏത് പാർട്ടിയാ നിന്റെത്?”
കുഞ്ചിരാമൻ ദീർഘനിശ്വാസം വിട്ടു:“ഇന്നലെ വരെ ഞാൻ മൂന്നു പാർട്ടിയിലായിരുന്നു. ഇന്നിപ്പോൾ അഞ്ചായി. രണ്ടെണ്ണം പിളർന്നുപോയി!”
അവിടെ ഇരുന്നിരുന്ന പഞ്ചായത്ത് മെമ്പർ ഉടൻ തിരുത്തി: “പിളർന്നതല്ല. ആശയപരമായ പുനർസംഘടന.”
കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ സാഹിത്യ സൃഷ്ടി “പിളർന്നില്ല, പുനർസംഘടന” എന്ന വാചകമാണ്.
നേതാക്കൾ: ജനാധിപത്യ രാജാക്കൻമാർ
പഴയ രാജാക്കന്മാർക്ക് സിംഹാസനം ഉണ്ടായിരുന്നു.
ഇന്നത്തെ നേതാക്കൾക്ക് റിക്ലൈനർ ചെയർ.
പഴയ രാജാക്കന്മാർക്ക് കുതിരപ്പട ഉണ്ടായിരുന്നു.
ഇന്നത്തെ നേതാക്കൾക്ക് ട്രോൾ ആർമി.
പഴയ രാജാക്കന്മാർക്ക് മന്ത്രിമാർ ഉണ്ടായിരുന്നു.
ഇന്നത്തെ നേതാക്കൾക്ക് “മീഡിയ കോർഡിനേറ്റർമാർ”.
പക്ഷേ സ്വഭാവത്തിൽ വലിയ വ്യത്യാസമില്ല.
രാജാക്കൻമാർ പഴയകാലത്ത് ജനങ്ങളെ കാണാൻ കൊട്ടാരത്തിന്റെ ജനൽ തുറന്നിരുന്നു. ഇന്നത്തെ നേതാക്കൾ ഫേസ്ബുക്ക് ലൈവ് തുറക്കുന്നു.
ജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി രണ്ടുകാലത്തും ഒരുപോലെയാണ്: “അത് പിന്നീട് പരിശോധിക്കാം.”
ജാതിയുടെ പഴയ പാമ്പ്
2026-ലെ ഫലങ്ങൾക്ക് ശേഷം കേരളം “പുതിയ രാഷ്ട്രീയ സംസ്കാരത്തിലേക്ക്” കടന്നുവെന്നു പലരും പറഞ്ഞു.
പക്ഷേ ഗ്രാമത്തിലെ കല്യാണപ്പന്തലുകളിൽ പഴയ ചോദ്യങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു:
“ആരുടെയാ വീട്ടുകാർ?”
“എന്ത് സമുദായം?”
“പെൺകുട്ടി നല്ലതാണ്… പക്ഷേ…”
കേരളം മൊബൈൽ ഫോണിൽ 5G ആയി.
പക്ഷേ മനസ്സിൽ പലരും ഇന്നും “ജാതി 1G” യിലാണ്.
പള്ളിക്കടവിൽ ഒരു ദിവസം പുതിയൊരു പാർട്ടി യോഗം നടന്നു. വേദിയിൽ നേതാവ് പ്രസംഗിച്ചു: “ഇനി കേരളത്തിൽ ജാതിയില്ല!”
അത് കേട്ട ഉടൻ പിന്നിൽ നിന്ന് ഒരാൾ ചോദിച്ചു: “അപ്പൊ സീറ്റ് വിതരണം എങ്ങനെയാ?”
അവിടെ നിശ്ശബ്ദത പടർന്നു.
അത് ഒരു നിമിഷം മാത്രമായിരുന്നുവെങ്കിലും, സത്യത്തിന്റെ ആയുസ് രാഷ്ട്രീയത്തിൽ അത്രയേ ഉള്ളൂ. സോഷ്യൽ മീഡിയയുടെ മഹാരാജ്യം
2026-ന് ശേഷം കേരളത്തിൽ മറ്റൊരു വലിയ മാറ്റം ഉണ്ടായി — രാഷ്ട്രീയം ഇനി തെരുവിൽ കുറവായി, റീലുകളിൽ കൂടുതലായി.
ഒരു നേതാവ് റോഡ് ഉദ്ഘാടനം ചെയ്തു.
പക്ഷേ റോഡിനേക്കാൾ വലിയതായിരുന്നു ഉദ്ഘാടനത്തിന്റെ ഡ്രോൺ വീഡിയോ.
മഴ പെയ്തപ്പോൾ റോഡ് പൊളിഞ്ഞു.
പക്ഷേ വീഡിയോ ഇപ്പോഴും യൂട്യൂബിൽ “Historic Development” എന്ന പേരിൽ ട്രെൻഡിംഗ്.
കുഞ്ചിരാമൻ ഒരിക്കൽ മകനെ ചോദിച്ചു: “ഇവൻ നല്ല നേതാവാണോ?”
മകൻ പറഞ്ഞു: “അച്ഛാ, യൂട്യൂബിൽ മുപ്പത് ലക്ഷം views ഉണ്ട്.”
അതോടെ കുഞ്ചിരാമന് മനസ്സിലായി — ജനാധിപത്യത്തിൽ വോട്ടിനേക്കാൾ പ്രധാനപ്പെട്ടത് thumbnail ആണെന്ന്.
പേരുമാറ്റങ്ങളുടെ ഉത്സവം
കേരളത്തിൽ ഒരുകാലത്ത് കുട്ടികൾക്ക് പേരിടാൻ പഞ്ചാംഗം നോക്കുമായിരുന്നു.
2026-ന് ശേഷം സർവേ നോക്കിത്തുടങ്ങി.
“ജനകീയ” എന്ന വാക്ക് പഴകിയപ്പോൾ “ന്യൂ” വന്നു.
“പുരോഗമന” പഴകിയപ്പോൾ “വിഷൻ” വന്നു.
അവസാനം എല്ലാപാർട്ടികളും ഇംഗ്ലീഷ്-മലയാളം കലർന്ന പേരുകളായി.
ഒരു വയോധികൻ നിരാശയായി പറഞ്ഞു.
കുഞ്ചിരാമന്റെ മഹത്തായ കണ്ടെത്തൽ
ഒരു രാത്രി കുഞ്ചിരാമൻ പഴയ ചരിത്രപുസ്തകം വായിച്ചു.
അവിടെ ഒരു രാജാവിന്റെ കഥയുണ്ടായിരുന്നു.
രാജാവ് ജനങ്ങളോട് വാഗ്ദാനം ചെയ്തു.
നികുതി കൂട്ടി.
സ്വന്തം ആളുകളെ സ്ഥാനങ്ങളിൽ ഇരുത്തി.
ജനങ്ങൾ തമ്മിൽ ജാതിപ്രകാരം ഭിന്നത ഉണ്ടാക്കി.
പിന്നീട് വലിയ ഉത്സവം നടത്തി.
“ഇത് പാർട്ടിയാണോ സ്റ്റാർട്ടപ്പ് കമ്പനിയാണോ?”
കുഞ്ചിരാമൻ പുസ്തകം അടച്ചു ചിരിച്ചു.
“ഇതെല്ലാം പഴയ ചരിത്രമല്ലല്ലോ… ഇന്നത്തെ വാർത്തയല്ലേ!”
അവന്റെ ചിരിയിൽ അല്പം പരിഹാസവും അല്പം ദുഃഖവും ഉണ്ടായിരുന്നു.
അവസാന രംഗം
തിരഞ്ഞെടുപ്പുകൾ വീണ്ടും വരും.
പാർട്ടികൾ വീണ്ടും പിളരും.
പേരുകൾ വീണ്ടും മാറും.
പക്ഷേ കേരളത്തിലെ സാധാരണ മനുഷ്യൻ — ബസ് കാത്തുനിൽക്കുന്ന തൊഴിലാളി, പി.എസ്.സി ലിസ്റ്റ് നോക്കുന്ന യുവാവ്, കടബാധ്യതയിൽ കൃഷി ചെയ്യുന്ന കർഷകൻ — ഇവർ മാറാതെ തുടരുന്നു.
അവർ ഇന്നും വിശ്വസിക്കുന്നു: “ഈ തവണ എങ്കിലും എന്തെങ്കിലും മാറും.”
അതാണ് കേരളത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയം.
ജനങ്ങളുടെ പ്രതീക്ഷ.
അതിനെ ഉപയോഗിച്ചാണ് നേതാക്കൾ ഇന്നും പഴയ രാജാക്കന്മാരെ പോലെ നടക്കുന്നത് — മാത്രം വ്യത്യാസം, കിരീടത്തിന് പകരം ഇപ്പോൾ പാർട്ടി ഷാൾ ആണ്.
ഉണ്ണിസാൻ

