Friday, May 8, 2026
Home » യുഎഇ ലക്ഷ്യമാക്കി വീണ്ടും ഇറാന്റെ മിസൈലാക്രമണം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു നിർദേശം
മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ

യുഎഇ ലക്ഷ്യമാക്കി വീണ്ടും ഇറാന്റെ മിസൈലാക്രമണം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു നിർദേശം

by Editor

അബുദാബി: അമേരിക്കയും ഇറാനുമായുള്ള വെടിനിർത്തൽ കരാർ വീണ്ടും പ്രതിസന്ധിയിലാക്കി ഗൾഫ് മേഖലയിൽ ഇറാൻ്റെ മിസൈലാക്രമണം. ഈ ആഴ്ചയിൽ മൂന്നാം തവണയാണ് ഇറാൻ യുഎഇക്ക് നേരെ മിസൈലുകളും ഡ്രോണുകളും തൊടുക്കുന്നത്. ഇന്ന് പുലർച്ചെയും വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവമായി മിസൈലുകളെ പ്രതിരോധിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഹോർമുസ് കടലിടുക്കിൽ മൂന്ന് യു.എസ് പടക്കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെയാണ് യുഎഇക്ക് നേരെയും നീക്കമുണ്ടായത്. വ്യാഴാഴ്ച രാത്രി ഹോർമുസ് കടലിടുക്കിൽ പട്രോളിംഗ് നടത്തുകയായിരുന്ന മൂന്ന് യുഎസ് നാവികസേനാ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. എന്നാൽ കപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും തിരിച്ചടിയിൽ ഇറാൻ പക്ഷത്ത് വലിയ നാശനഷ്ട‌ങ്ങൾ ഉണ്ടായെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

ഇതിന് മറുപടിയായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) തങ്ങളുടെ പ്രതിരോധ സ്ട്രൈക്കുകളിലൂടെ ആക്രമണത്തിന് കാരണക്കാരായ ഇറാന്റെ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് പ്രത്യാക്രമണം നടത്തി. അമേരിക്കൻ കപ്പലുകളെ ആക്രമിക്കാൻ ഇറാൻ ഉപയോഗിച്ച മിസൈൽ-ഡ്രോൺ ലോഞ്ച് സൈറ്റുകൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, ഇന്റലിജൻസ് നിരീക്ഷണ കേന്ദ്രങ്ങൾ എന്നിവ അമേരിക്ക തകർത്തു. ഇറാന്റെ ഏറ്റവും വലിയ ദ്വീപായ ക്യൂഷം (Qeshm Island), ബന്ദർ അബ്ബാസ് എന്നീ തീരദേശ മേഖലകളിലെ ഇറാനിയൻ സൈനിക താവളങ്ങളിലാണ് യുഎസ് ബോംബാക്രമണം നടത്തിയത്, കൂടാതെ ഇറാന്റെ 7 ഫാസ്റ്റ് ബോട്ടുകളും യുഎസ് സേന തകർത്തു.

തങ്ങളുടെ എണ്ണക്കപ്പലിനെ യു.എസ് ലക്ഷ്യം വെച്ചതായും സിവിലിയൻ മേഖലകളിൽ വ്യോമാക്രമണം നടത്തിയതായും ഇറാനും ആരോപിച്ചു. ആക്രമണങ്ങൾക്കിടയിലും വെടിനിർത്തൽ കരാർ തകർന്നിട്ടില്ലെന്നും ഇറാനുമായി ചർച്ചകൾ തുടരുകയാണെന്നും ട്രംപ് പറഞ്ഞു. ഇറാൻ ഒരിക്കലും ആണവായുധം നിർമിക്കില്ലെന്ന യു.എസ് നിബന്ധന അവർ അംഗീകരിച്ചിട്ടുണ്ടെന്നും ഉടമ്പടിയിൽ ഒപ്പിടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 28 ന് ആരംഭിച്ച ഇറാൻ യുദ്ധം ആഗോള തലത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

ഹോർമുസിൽ ഇറാൻ യു എസ് സംഘർഷം; കടലിടുക്കിന് സമീപം സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.

Send your news and Advertisements

You may also like

error: Content is protected !!