Friday, May 8, 2026
Home » ഹോർമുസിൽ ഇറാൻ യു എസ് സംഘർഷം; കടലിടുക്കിന് സമീപം സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹോർമുസിൽ ഇറാൻ യു എസ് സംഘർഷം; കടലിടുക്കിന് സമീപം സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹോർമുസിൽ ഇറാൻ യു എസ് സംഘർഷം; കടലിടുക്കിന് സമീപം സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.

by Editor

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ വെച്ച് ഇറാനിയൻ ടാങ്കറിന് നേരെ യുഎസ് സൈന്യം ആക്രമണം നടത്തി. ആക്രമണത്തെത്തുടർന്ന് ഇറാൻ തിരിച്ചടി നൽകിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ക്വേഷം ദ്വീപിലെ ബഹ്മാൻ പിയറിലും (Bahman Pier) ബന്ദർ അബ്ബാസ് നഗരത്തിലും ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. യുഎസ് നേവി ഡിസ്ട്രോയറുകൾക്ക് നേരെ ഇറാൻ്റെ ഭാഗത്തുനിന്നുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് പകരമായാണ് തങ്ങൾ തിരിച്ചടിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിൽ ഇറാൻ ടാങ്കറിന് നേരെ യുഎസ് സൈന്യം ആക്രമണം നടത്തിയതായി ഇറാന്‍ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നുണ്ട്. ഇറാനിയൻ എണ്ണ ടാങ്കറിനെ ലക്ഷ്യം വെച്ചതിലൂടെ അമേരിക്ക വെടിനിർത്തൽ ലംഘിച്ചതായി ഇറാൻ വക്താവ് പറഞ്ഞു. ഏത് ആക്രമണത്തിനും ഒരു നിമിഷം പോലും വൈകാതെ ശക്തമായ തിരിച്ചടി നൽകുമെന്നും യുഎസിന് ഇറാന്റെ മുന്നറിയിപ്പ് നൽകി.

ഇന്നലെ (വ്യാഴാഴ്ച – മെയ് 7) രാത്രിയോടെ ഹോർമുസ് കടലിടുക്കിൽ വെച്ച് തങ്ങളുടെ മൂന്ന് യുദ്ധക്കപ്പലുകൾക്ക് (Destroyers) നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് പകരമായാണ് അമേരിക്ക ശക്തമായ തിരിച്ചടി നൽകിയത്. ഇറാൻ്റെ മിസൈൽ-ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ, കമാൻഡ് കൺട്രോൾ സെൻ്ററുകൾ, രഹസ്യാന്വേഷണ കേന്ദ്രങ്ങൾ എന്നിവയാണ് തങ്ങൾ ലക്ഷ്യം വെച്ചതെന്ന് അമേരിക്ക അവകാശപ്പെടുന്നു. ഇറാനിലെ ക്വേഷം (Qeshm) ദ്വീപിലും ബന്ദർ അബ്ബാസ് (Bandar Abbas) തുറമുഖ നഗരത്തിലും ശക്തമായ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. ക്വേഷം ദ്വീപിലെ ബഹ്മാൻ പിയറിലുണ്ടായ സ്ഫോടനങ്ങൾ ഇരുവിഭാഗവും തമ്മിലുള്ള നേരിട്ടുള്ള വെടിവെപ്പിനിടെയാണെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഇറാനിയൻ തീരത്ത് ജെസ്ക്കിന് (Jask) സമീപം സഞ്ചരിച്ചിരുന്ന ഒരു എണ്ണ ടാങ്കറിന് നേരെ യുഎസ് ആക്രമണം നടത്തിയതായി ഇറാൻ ആരോപിച്ചു. ഇതിന് മറുപടിയായാണ് യുഎസ് യുദ്ധക്കപ്പലുകൾക്ക് നേരെ മിസൈലുകൾ തൊടുത്തതെന്നും ഇറാൻ അവകാശപ്പെടുന്നു. ഏപ്രിൽ 7-ന് പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തൽ അമേരിക്ക ലംഘിച്ചുവെന്ന് ഇറാൻ കുറ്റപ്പെടുത്തി. എന്നാൽ, തങ്ങളുടെ നടപടി പ്രതിരോധം മാത്രമാണെന്നും യുദ്ധം പുനരാരംഭിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഹോർമുസ് പിടിച്ചെടുക്കാൻ പ്രൊജക്റ്റ് ഫ്രീഡവുമായി അമേരിക്ക; ഇറാൻ സേനയുടെ ഏഴ് ബോട്ടുകൾ കടലിൽ മുക്കിയെന്ന് ട്രംപ്.

Send your news and Advertisements

You may also like

error: Content is protected !!