തിരുവനന്തപുരം: കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നിർണായക നീക്കങ്ങൾ ഇനി ഡൽഹിയിൽ. എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും എംഎൽഎമാരുമായും ഘടകകക്ഷി നേതാക്കളുമായും നടത്തിയ കൂടിക്കാഴ്‌ചകൾ പൂർത്തിയാക്കി ഡൽഹിയ്ക്ക് മടങ്ങി.
ഇന്ന് പാർട്ടി അധ്യക്ഷന് റിപ്പോർട്ട് നൽകും എന്ന് വ്യക്തമാക്കിയ അജയ് മാക്കൻ, ഒറ്റ പേരിലേക്കല്ല, ഒറ്റ തീരുമാനത്തിലേക്കെത്താനാണ് നമ്മളെത്തിയതെന്നാണ് പറഞ്ഞത്. നിരീക്ഷകർ ഹൈക്കമാൻഡിന് റിപ്പോർട്ട് കൈമാറുന്നതോടെ ഡൽഹിയിലാകും ഇനി തന്ത്രങ്ങളും തീരുമാനങ്ങളും ഒരുങ്ങുക. ശനിയാഴ്‌ച വി.ഡി സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരെ ഡൽഹിക്ക് വിളിപ്പിക്കുമെന്നാണ് വ്യക്തമാകുന്നത്. ഹൈക്കമാൻഡിൻ്റെ ഭാഗമായ കെ.സി വേണുഗോപാൽ ഡൽഹിയിലുണ്ടാകും.
കേന്ദ്ര നിരീക്ഷകർ 63 എംഎല്‍എമാരുമായും ഒറ്റയ്‌ക്കൊറ്റയ്ക്കു കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാദാസ് മുന്‍ഷിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കെ.സുധാകരന്‍, വി.എം.സുധീരന്‍, കൊടിക്കുന്നില്‍ സുരേഷ്, പി.ജെ.കുര്യന്‍ തുടങ്ങി പ്രമുഖ നേതാക്കളുമായും നിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തി. എംഎല്‍എമാരുടെ പിന്തുണയ്ക്കു പുറമേ മറ്റു പല കാര്യങ്ങളും പരിഗണിക്കപ്പെടുമെന്നാണ് ദേശീയ നേതൃത്വം വ്യക്തമാക്കുന്നത്. നിരീക്ഷികരുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ മൂന്ന് നേതാക്കളുടെയും അനുകൂലികള്‍ അവകാശവാദവുമായി രംഗത്തെത്തി.
മുഖ്യമന്ത്രിയാരെന്നതില്‍ എത്രയും വേഗം തീരുമാനം വേണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് പറഞ്ഞു. സിറ്റിംഗ് എംഎല്‍എമാരില്‍ ഒരാള്‍ മുഖ്യമന്ത്രി ആകണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആരാവണമെന്നതില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത കാര്യം എഐസിസി നിരീക്ഷകരെ അറിയിച്ചെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹൈക്കമാന്റുമായി ചര്‍ച്ച ചെയ്തിട്ട് അവര്‍ തീരുമാനം അറിയിക്കും. നിരീക്ഷകരോട് പറഞ്ഞ കാര്യം മാധ്യമങ്ങളോട് തുറന്നു പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ നിലപാട് നിരീക്ഷകരോട് വ്യക്തമാക്കിയെന്നും എന്നാല്‍ അത് പുറത്തുപറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. ഹൈക്കമാന്‍ഡ് ആരെ തീരുമാനിച്ചാലും സ്വീകാര്യമാണെന്നാണ് ആര്‍എസ്പിയുടെ നിലപാട്.
കെപിസിസി ആസ്‌ഥാനമായ ഇന്ദിരാഭവനിൽ ഇന്നലെ നടന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ അജയ് മാക്കനും മുകുൾ വാസ്‌നിക്കും പങ്കെടുത്തിരുന്നു. നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കാനുള്ള പൂർണ അധികാരം എഐസിസി പ്രസിഡൻ്റിന് നൽകിക്കൊണ്ടുള്ള പ്രമേയം യോഗം ഏകകണ്ഠമായി പാസാക്കിയതായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. കെപിസിസി പ്രസിഡൻ്റ് അവതരിപ്പിച്ച പ്രമേയത്തെ വി.ഡി. സതീശൻ പിന്താങ്ങി. പ്രമേയം ഇതിനോടകം തന്നെ എഐസിസിക്ക് ഔദ്യോഗികമായി കൈമാറിയിട്ടുണ്ട്.

