Thursday, May 14, 2026
Home » ഹോർമുസ് പിടിച്ചെടുക്കാൻ പ്രൊജക്റ്റ് ഫ്രീഡവുമായി അമേരിക്ക; ഇറാൻ സേനയുടെ ഏഴ് ബോട്ടുകൾ കടലിൽ മുക്കിയെന്ന് ട്രംപ്.
ഹോർമുസ് കടലിടുക്ക് ഇറാൻ

ഹോർമുസ് പിടിച്ചെടുക്കാൻ പ്രൊജക്റ്റ് ഫ്രീഡവുമായി അമേരിക്ക; ഇറാൻ സേനയുടെ ഏഴ് ബോട്ടുകൾ കടലിൽ മുക്കിയെന്ന് ട്രംപ്.

by Editor

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ട് അമേരിക്ക ‘പ്രോജക്റ്റ് ഫ്രീഡം’ എന്ന പേരിൽ സൈനിക ഓപ്പറേഷൻ ആരംഭിച്ചു. ഇറാൻ്റെ ഉപരോധം മൂലം ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ ചരക്ക് കപ്പലുകൾക്കും ഓയിൽ ടാങ്കറുകൾക്കും സുരക്ഷിതമായ പാതയൊരുക്കുക എന്നതാണ് ഈ ദൗത്യത്തിൻ്റെ പ്രാഥമിക ലക്ഷ്യമെന്ന് യു.എസ്. സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു.

ദൗത്യത്തിനായി യു.എസ്. നാവികസേനയുടെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകൾ, 100-ലധികം വിമാനങ്ങൾ, ഡ്രോണുകൾ, 15,000 സൈനികർ എന്നിവരെ വിന്യസിച്ചിട്ടുണ്ട്. ‘പ്രൊജക്റ്റ് ഫ്രീഡം’ ഓപ്പറേഷനിടെ യുഎസ് സേന ഏഴ് ഇറാനിയൻ ബോട്ടുകൾ തകർക്കുകയും മിസൈലുകളും ഡ്രോണുകളും വെടിവെച്ചിടുകയും ചെയ്‌തു എന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ നീക്കത്തെ ചെറുക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിന് സമീപം എത്തിയ അമേരിക്കൻ യുദ്ധക്കപ്പലിന് നേരെ മുന്നറിയിപ്പ് വെടി ഉതിർത്തതായി ഇറാൻ അവകാശപ്പെട്ടെങ്കിലും അമേരിക്ക ഇത് നിഷേധിച്ചു.

ഫെബ്രുവരി 28-ന് ആരംഭിച്ച സംഘർഷത്തെ തുടർന്ന് ഇറാൻ അടച്ചുപൂട്ടിയ ഈ തന്ത്രപ്രധാനമായ പാത പിടിച്ചെടുക്കാനാണ് യുഎസിന്‍റെ നീക്കം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ നിർദേശ പ്രകാരമാണ് ഈ സൈനിക നീക്കം തീരുമാനിച്ചത്. അമേരിക്കൻ കപ്പലുകളെയും ചരക്ക് കപ്പലുകളെയും തടയാൻ ശ്രമിച്ച ഇറാൻ്റെ ഏഴ് ‘ഫാസ്റ്റ് ബോട്ടുകൾ‘ തകർത്തതായി ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് അറിയിച്ചത്. ഇറാൻ്റെ പക്കൽ ഇനി ഇത്തരം ബോട്ടുകൾ മാത്രമേ ബാക്കിയുള്ളൂ എന്നും അദ്ദേഹം പരിഹസിച്ചു. ആറ് ഇറാൻ ബോട്ടുകൾ തകർത്തതായി യു.എസ്. സെൻട്രൽ കമാൻഡ് (CENTCOM) മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഏപ്രിൽ എട്ടിന് പ്രഖ്യാപിച്ച വെടിനിർത്തൽ നിലവിലുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതിരുന്ന സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ, അമേരിക്കയുടെ നീക്കങ്ങളെ തടസ്സപ്പെടുത്താനുള്ള ഇറാനിയൻ റെവല്യൂഷണറി ഗാർഡിന്റെ ശ്രമങ്ങളെ ശക്തമായി പ്രതിരോധിച്ചുവെന്ന് വ്യക്തമാക്കി. യുഎസ് കമാൻഡർമാർക്ക് സ്വയം പ്രതിരോധത്തിനും വാണിജ്യ കപ്പലുകളുടെ സുരക്ഷയ്ക്കുമായി നടപടിയെടുക്കാൻ അധികാരം നൽകി.

കപ്പലുകളെ അകമ്പടി സേവിക്കുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി ഇലക്ട്രോണിക് യുദ്ധമുറകളും ഹെലികോപ്റ്ററുകളും ഉൾപ്പെടുത്തിയ ബഹുതല പ്രതിരോധ സംവിധാനമാണ് അമേരിക്ക ഒരുക്കിയിരിക്കുന്നത്. ഇറാനിയൻ ഫാസ്റ്റ് ബോട്ടുകളെ തകർക്കാൻ അപ്പാച്ചെ, സീഹോക്ക് ഹെലികോപ്റ്ററുകളാണ് ഉപയോഗിച്ചത്. ആഗോള എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഈ പാതയിലെ തടസ്സങ്ങൾ നീക്കി ലോക സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാനാണ് ശ്രമമെന്ന് ട്രംപ് അവകാശപ്പെട്ടു.

കടലിൽ അമേരിക്കൻ കപ്പലുകളെ ശല്യം ചെയ്യുന്ന ഏതൊരു ഇറാനിയൻ ബോട്ടുകളെയും വെടിവെച്ചു വീഴ്ത്താൻ താൻ നാവികസേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയുടെ പരമാധികാരത്തെയും സൈനികരെയും തൊട്ടുകളിക്കാൻ ആരെയും അനുവദിക്കില്ലെന്നും ഇറാൻ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും ട്രംപ് വിശദമാക്കി. അതേസമയം മേഖലയിൽ സംഘർഷം വർദ്ധിപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ഇറാൻ ആരോപിച്ചു. തങ്ങളുടെ അതിർത്തിക്കുള്ളിൽ കടക്കുന്ന ഏത് വിദേശ കപ്പലുകളെയും പ്രതിരോധിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നാണ് ഇറാന്റെ പക്ഷം.

യുഎഇയിലും ഒമാനിലും വീണ്ടും ഇറാൻ ആക്രമണം; ഹോർമുസിൽ എണ്ണടാങ്കറും ആക്രമിച്ചു.

Send your news and Advertisements

You may also like

error: Content is protected !!