ഇന്ത്യൻ സിനിമാ സംഗീത ലോകത്തെ ‘മാന്ത്രിക സ്പർശ‘മെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇതിഹാസ ഐതിഹാസിക പ്രതിഭാശാലി, നൗഷാദ് അലിയുടെ 20-ാം ഓർമ്മദിനം. ഭാരതീയ ചലച്ചിത്രരംഗത്തെ ഏറ്റവും പ്രസിദ്ധനായ സംഗീത സംവിധായകൻ എന്ന വിശേഷണം നൗഷാദിനിണങ്ങും…
നൗഷാദ് അലിയുടെ മറക്കാനാകാത്ത ഒരു ഗാനം:
“ഓ ദുനിയാ കെ റഖ്‌വാലേ…” (‘ബൈജു ബാവര’ – 1952)
മലയാളത്തിൽ നൗഷാദ് ചെയ്ത ഗാനം:
“മാനസനിളയിൽ പൊന്നോളങ്ങൾ
മഞ്ജീരധ്വനിയുണർത്തി…” (‘ധ്വനി’ -1988)
1919 ഡിസംബർ 25-ന് ക്രിസ്തുമസ് ദിനത്തിൽ ലഖ്‌നോവിൽ സിറ്റി കോർട്ട് മുൻസിഫായിരുന്ന വാഹിദ് അലിയുടെ പുത്രനായി ജനിച്ചു.സംഗീതജ്ഞരേയും സംഗീതസഭകളും സന്ദർശിച്ചു നടന്നിരുന്ന നൗഷാദിന് സ്കൂൾ വിദ്യാഭ്യാസത്തോട് തീരെ താല്പര്യമില്ലാതിരുന്നു. സ്താദ് ഗുർബത് അലി, ഉസ്താദ് യൂസഫ് അലി, ഉസ്താദ് ബബ്ബൻ സാഹിബ് എന്നിവരുടെ കീഴിൽ സംഗീതം അഭ്യസിക്കാൻ നൗഷാദിനു കഴിഞ്ഞു.
യാഥാസ്ഥിത മുസ്ലീം കുടുംബത്തിൽ നിന്ന് സംഗീതത്തിനു നിരോധനം വരെ ഏൽക്കേണ്ടി വന്നത് നൗഷാദിനെ ബോംബെയിലേക്ക് ഓടിപ്പോകുവാൻ നിർബന്ധിതനാക്കി. 1937-ൽ മുംബൈക്കു പോകുകയും, മുംബൈയിൽ മുഷ്ത്താഖ് ഹുസൈന്റെ ഓർക്കസ്ട്രയിൽ പിയാനോ വായനക്കാരനായി തുടങ്ങുകയും ചെയ്തു. പിന്നീട് ഖേംചന്ദ് പ്രകാശിന്റെ അസിസ്റ്റന്റായി രഞ്ജിത് സ്റ്റുഡിയോയിൽ ജോലി ചെയ്തു. കമ്പോസറായ കരംചന്ദ് പ്രകാശാണ് നൗഷാദിനെ കുറച്ചൂ കൂടി മെച്ചമായ സാഹചര്യങ്ങളിലേക്ക് പോകുവാൻ സഹായിച്ചത്. നൗഷാദ് തന്നെ തന്റെ ഗുരുവെന്ന് വിശേഷിപ്പിക്കുന്നതും കരംചന്ദിനേയാണ്.
1940-ൽ പുറത്തിറങ്ങിയ ‘പ്രേം നഗർ’ എന്ന ചിത്രത്തിനു സ്വതന്ത്രസംഗീത സംവിധാനം ചെയ്തതോടു കൂടി നൗഷാദിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല; അദ്ദേഹത്തെ പ്രശസ്തിയിലേക്ക് ഉയർത്തിക്കൊണ്ടുവന്ന സിനിമയാണ് ‘രത്തൻ’ ( रतन- 1944). അതോടെ ഇന്ത്യൻ ചലച്ചിത്ര വേദികണ്ട മികച്ച സംഗീതസംവിധായകരിൽ ഒരാളായി നൗഷാദ് സാഹിബ് മാറുകയായിരുന്നു.
ആറ് പതിറ്റാണ്ടുകൾ നീണ്ട ചലച്ചിത്രജീവിതത്തിൽ അദ്ദേഹം അറുപതിലേറെ ചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. ഇവയിലധികവും ഹിന്ദി ചലച്ചിത്രങ്ങളായിരുന്നു.
1988-ൽ പുറത്തിറങ്ങിയ ‘ധ്വനി‘ എന്ന മലയാളചലച്ചിത്രത്തിലെ ഗാനങ്ങൾക്കും സംഗീതം നൽകിയത് അദ്ദേഹമാണ്. ഒരേയൊരു ചിത്രമേ മലയാളത്തിൽ നൗഷാദിന്റേതായുള്ളുവെങ്കിലും മലയാളികൾ മറക്കാനിടയാവാത്തവണ്ണം അതിലെ പാട്ടുകൾ മനോഹരമാക്കിക്കൊണ്ട് നൗഷാദ് മലയാളികളുടെ മനസ്സിലും ഇടം നേടി.
ചലച്ചിത്രരംഗത്തിന് നൽകിയ സമഗ്രസംഭാവനകളെ മാനിച്ച് ഭാരത സർക്കാർ അദ്ദേഹത്തിന് 1981-ൽ ‘ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം‘ സമ്മാനിക്കുകയുണ്ടായി. കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരം(1982) ), പദ്മഭൂഷൺ(1992) എന്നിവയും നൗഷാദ് നേടിയിട്ടുണ്ട്. നിര്യാണശേഷം, 2013-ൽ അദ്ദേഹത്തിനായി ഇന്ത്യൻ തപാൽ വകുപ്പ് ഒരു സ്റ്റാമ്പ് പുറപ്പെടുവിച്ചു.
2006 മേയ് 5-ന് തന്റെ 86-ാം വയസ്സിൽ ആ അതുല്യകലാകാരൻ നമ്മെ വിട്ടുപിരിഞ്ഞു. നൗഷാദ് തന്റെ അനശ്വരഗാനങ്ങളിലൂടെ ഇന്നും കോടിക്കണക്കിനു സംഗീതസ്നേഹികളുടെ മനസ്സിൽ ജീവിക്കുന്നു.
‘നൗഷാദ് കാ സംഗീത്’ എന്ന പേരിൽ ഇദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ച് ഒരു ഹ്രസ്വചിത്രം നിർമ്മിക്കപ്പെട്ടിട്ടുണ്ട്.
ആർ. ഗോപാലകൃഷ്ണൻ

