മികവുറ്റതും വ്യത്യസ്തയുള്ളതുമായ കഥകൾ മലയാളത്തിന് സംഭാവന ചെയ്ത കഥാകാരി, മാനസിക്ക് 78-ാം ജന്മദിന ആശംസകൾ!
“പെണ്ണിന്റെ ശാരീരിക വർണനകൾമാത്രമാണ് മുമ്പ് എഴുത്തിൽ ഉണ്ടായിരുന്നത്. എന്നാൽ അവർക്ക് ഒരു മനസ്സുമുണ്ട് എന്ന് സമൂഹത്തോട് പറയുകായിരുന്നു ഞാൻ” മാനസി തന്റെ രചനകളെക്കറിച്ചും നിലപാടിനെക്കുറിച്ചും പറഞ്ഞതിങ്ങനെയാണ്.
സ്ത്രീമനസ്സിൻ്റെ ഇരുളടഞ്ഞ കോണുകളിലൂന്നിനിന്നു കഥപറയുന്നതാണ് മാനസിയുടെ പ്രത്യേകതയെന്ന് അഭിപ്രായമുണ്ടായിട്ടുണ്ട്. സ്ത്രീക്ക് പുരുഷന്മാർ കൊടുത്ത നിർവചനം തകർക്കുകയും; ‘സ്ത്രീ‘യെന്ന ‘ദേവത’യെ മാറ്റിനിർത്തി മജ്ജയും മാംസവുമുള്ള സ്ത്രീയുടെ പ്രശ്നങ്ങൾ സംവദിക്കാൻ തയ്യാറാവുന്നവയാണ് മാനസിയുടെ കഥകൾ.
പി.എ. രുക്മിണി എന്നാണ് ‘മാനസി‘യുടെ യഥാർത്ഥ പേര്. കഥാകൃത്തും കവിയും നാടക പ്രവർത്തകനും ചിത്രകാരനുമായ പി.എ. ദിവാകരൻ സഹോദരനാണ്. (2021 നവംബർ 05-ന് പി. എ. ദിവാകരൻ ദിവംഗതനായി.)
കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ സാഹിത്യകാരിയാണ് ‘മാനസി‘.
തിരുവില്വാമല പോന്നേടത്ത് ആച്ചാട്ടിലാണ് മാനസി ജനിച്ചത്; 1948 മേയ് 4-ന്. അച്‌ഛൻ: പി. ശിവരാമമേനോൻ. അമ്മ: പി.എ. മാലതി അമ്മ. കാർത്യായനി, ഇന്ദിര, പരേതയായ മാലിനി, ചന്ദ്രശേഖരൻ എന്നിവരാണ് മറ്റ് സഹോദരങ്ങൾ.
തൃശൂർ എഞ്ചിനീയറിങ്ങ് കോളജിൽ കെമിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദപഠനം നടത്തിയെങ്കിലും അത് പൂർത്തിയാക്കിയില്ല. 1970 മുതൽ ബോംബെയിൽ താമസിക്കുന്നു. കുറച്ചു കാലം അവിടെ ഫ്രീലാൻസ് കോപ്പിറൈറ്ററായി ജോലി ചെയ്തിരുന്നു.
അവരുടെ ആദ്യ കഥ, ‘മുഖംമൂടി‘, 1966-ൽ ‘മലയാളരാജ്യ‘ത്തിൽ പ്രസിദ്ധീകരിച്ചു. മാനസിയുടെ ഈ ആദ്യകഥ, ഒരു അവിഹിത ബന്ധത്തെക്കുറിച്ചായിരുന്നു. 18-ാം വയസ്സിൽ ആണ് അവർ അത് എഴുതിയതാണ്.
മാധവിക്കുട്ടിയുടെ എഴുത്തുമായി അവരുടെ രചനകൾക്ക് കഥാവസ്തു കണ്ടെത്തലിലും സമീപന രീതിയിലും ചില സാമ്യങ്ങളുണ്ട്. അവർ ഒരു ഫെമിനിസ്റ്റ് എഴുത്തുകാരിയാണ്; ലിംഗ സമത്വത്തിനുവേണ്ടി പോരാടിയ സ്ത്രീ എഴുത്തുകാരുടെ ഗണത്തിൽ ഇവർക്ക് പ്രമുഖ സ്ഥാനമുണ്ട്. പാർശ്വവത്‌കൃത ജീവിതങ്ങളോടാണ് മാനസിയുടെ കഥകൾ ചേർന്നുനിൽക്കുന്നവയാണ്.
ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ചെറുകഥകളും ലേഖനങ്ങളും എഴുതുന്നുണ്ട്; എണ്ണത്തിൽ കുറവാണെങ്കിലും ഉൾക്കരുത്തുകൊണ്ടു അവ ശ്രദ്ധേയമാണ്. പല കഥകളും ഇംഗ്ലീഷ്, മറാഠി, കന്നഡ എന്നീ ഭാഷകളിൽ വിവർത്തനം ചെയ്‌തു പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലയാളത്തിലേക്ക് ശ്രദ്ധേയമായ രണ്ട് നാടക വിവർത്തനങ്ങൾ ചെയ്യുകയും ചെയ്തു; താരാഭായ് ഷിൻഡെയുടെ ‘സ്ത്രീ പുരുഷ തുലന‘അവയിൽ പ്രധാനമാണ്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ‘ഇന്ത്യൻ ലിറ്ററേച്ചർ‘ മാസികക്കു വേണ്ടി ധാരാളം ഇംഗ്ലീഷ് പരിഭാഷകളും മാനസി ചെയ്തിട്ടുണ്ട്.
മനസിയുടെ പ്രധാന കഥാസമാഹാരങ്ങൾ: ‘ഇടിവാളിന്റെ തേങ്ങൽ’; ‘വെളിച്ചത്തിന്റെ താളം‘ (സഹോദരൻ പി.എ. ദിവാകരനുമായി ചേർന്ന് രചിച്ചത്); ‘മഞ്ഞിലെ പക്ഷി‘; ‘മാനസിയുടെ തിരഞ്ഞെടുത്ത കഥകൾ’; ‘സമ്പൂർണ്ണ കഥകൾ: മാനസി‘എന്നിവയാണ്.
‘സമ്പൂർണ്ണ കഥകൾ’എന്ന ഗ്രന്ഥത്തിൽ 1966 മുതൽ 2016 വരെ മാനസി എഴുതിയ മുഴുവൻ ചെറുകഥകളും ഉണ്ട്. ജാൻസി ജെയിംസും ഡോ.മിനി പ്രസാദും എഴുതിയ രണ്ട് അവതാരികകൾ (പഠനങ്ങൾ) ഈ പുസ്തകത്തിലുണ്ട്. രചയിതാവിനെക്കുറിച്ചും അവരുടെ കൃതികളെക്കുറിച്ചും ഈ രണ്ട് നിരൂപണങ്ങളിലൂടെ നാം കൂടുതൽ മനസ്സിലാക്കുന്നു.
‘മഞ്ഞിലെ പക്ഷി’ എന്ന കൃതിക്ക് 1993-ൽ ചെറുകഥാ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. വി കെ പ്രകാശ് ചലച്ചിത്രമാക്കിയ ‘പുനരധിവാസം‘ എന്ന സിനിമയുടെ തിരക്കഥ പി. ബാലചന്ദ്രൻ എഴുതിയത്, മാനസിയുടെ ഒരു ചെറുകഥയെ ആസ്പദമാക്കിയാണ്; 2000-ൽ മികച്ച കഥയ്ക്കുള്ള, സംസ്ഥാന ഫിലിം അവാർഡ് ഇതിനു ലഭിച്ചു.
‘സ്ത്രീശാക്തീകരണ‘ത്തിനും വിദ്യാഭ്യാസ അവകാശത്തിനും വേണ്ടിയുള്ള സാമൂഹിക പ്രവർത്തനത്തിനും മാനസി മുന്നോട്ടിറിങ്ങാറിയിരുന്നു. ആശ ഫോർ എഡ്യുക്കേഷൻ എന്ന എൻജിഒയിൽ പ്രവർത്തിച്ചിരുന്നു.
എന്റെ ഒരു സ്നേഹിതനും നാടകകൃത്തും ‘പ്രിന്റ് വീക്ക്’, ‘ബോംബെക്കർ‘ എന്നിവയുടെ എഡിറ്ററുമായ രാമു രാമനാഥൻ നടത്തിയ ഒരു ലേഖനം/ അഭിമുഖം ‘ബോംബെ മിററിൽ’ പ്രസിദ്ധീകരിച്ചത് ഓർക്കുന്നു.
മുംബൈയിലെ എഴുത്തുകാരുടെ സൗഹൃദസംഘവും നെരൂൾ എൻ.ബി.കെ. എസുമായിചേർന്ന്, കഴിഞ്ഞവർഷം (2022) മാനസിയുടെ എഴുത്തിന്റെ അരനൂറ്റാണ്ട് ആഘോഷിച്ചു.
എഴുത്തുവഴികളെക്കുറിച്ചും മുംബൈ അനുഭവങ്ങളെ ക്കുറിച്ചും മാനസി സംസാരിച്ചു. സദസ്സിൽനിന്നുള്ള ചോദ്യങ്ങൾക്ക് മറുപടിപറയുകയും ചെയ്തു. കഥ എഴുതിത്തുടങ്ങിയ ആദ്യകാലത്തെക്കുറിച്ച് കഥാകാരി തുറന്നുസംസാരിച്ചു. “ഒരാൾക്ക് ക്രിയേറ്റിവിറ്റി യുണ്ടെങ്കിൽ അതിനെ പോഷിപ്പിക്കാൻ ചുറ്റുപാടുകൾ സഹായിക്കും. അതുപോലെ മഹാനഗരം എഴുത്തുകാരിയാകാൻ ഏറെ സഹായിച്ചിട്ടുണ്ട്. പെണ്ണെഴുതുന്നതല്ല, പെണ്ണിന്റെ കാഴ്ചപ്പാടിലൂടെ എഴുതുന്നതാണ് പെണ്ണെഴുത്ത്.
“പെണ്ണിന്റെ ശാരീരിക വർണനകൾ മാത്രമാണ് മുമ്പ് എഴുത്തിൽ ഉണ്ടായിരുന്നത്. എന്നാൽ അവർക്ക് ഒരു മനസ്സുമുണ്ട് എന്ന് സമൂഹത്തോട് പറയുകായിരുന്നു ഞാൻ”– തുടക്കത്തിൽ ക്വോട്ടു ചെയ്ത ഈ വാക്യം അവർ ഇതിനോട് കൂട്ടിച്ചേർത്തതാണ്.
മാനസി ഇപ്പോൾ മുംബെ വിട്ട് തൃശ്ശൂരിൽ താമസമാക്കി.
ജന്മദിന ആശംസകൾ!
ആർ. ഗോപാലകൃഷ്ണൻ

