ന്യൂ ഡൽഹി: യുഎഇയിലെ ഫുജൈറയിലെ (Fujairah) എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ഇന്ത്യ ശക്തമായ ഭാഷയിൽ അപലപിച്ചു. ഈ ആക്രമണം ‘അംഗീകരിക്കാനാവില്ല’ (Unacceptable) എന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. യുഎഇയുമായി ഇന്ത്യ ശക്തമായി ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ ഒരു തരത്തിലും നീതീകരിക്കാനാവില്ലെന്നും, അക്രമത്തിലൂടെ ഒരു പ്രശ്നവും പരിഹരിക്കപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎഇയിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിന് നേരെ ഇന്നലെയാണ് ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായത്. ആക്രമണത്തെത്തുടർന്ന് എണ്ണ സംഭരണ കേന്ദ്രങ്ങളിൽ വലിയ തീപിടുത്തമുണ്ടായി. ഫുജൈറ പെട്രോളിയം ഇൻഡസ്ട്രീസ് സോണിൽ (FOIZ) നടന്ന ഈ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റു. പരിക്കേറ്റവർ നിലവിൽ ചികിത്സയിലാണെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ആക്രമണത്തെ അപലപിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ, സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്‌നപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു. അമേരിക്കയും ഇറാനും തമ്മിൽ നിലനിന്നിരുന്ന വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടതിന് പിന്നാലെയാണ് മേഖലയിൽ വീണ്ടും ആക്രമണങ്ങൾ രൂക്ഷമായത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
യുഎഇയിലും ഒമാനിലും വീണ്ടും ഇറാൻ ആക്രമണം; ഹോർമുസിൽ എണ്ണടാങ്കറും ആക്രമിച്ചു.

