Wednesday, May 6, 2026
Home » ചൈനയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ വന്‍ സ്‌ഫോടനം: 26 മരണം
ചൈനയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ വന്‍ സ്‌ഫോടനം: 26 മരണം

ചൈനയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ വന്‍ സ്‌ഫോടനം: 26 മരണം

by Editor

ലിയുയാങ്: മധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിലുള്ള പടക്ക നിർമ്മാണ ശാലയിലുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ 26 പേർ കൊല്ലപ്പെടുകയും 60-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മേയ് 4 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ലിയുയാങ് നഗരത്തിലെ ‘ഹുവാഷെങ് ഫയർവർക്സ് മാനുഫാക്ചറിംഗ്’ എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. പടക്ക നിർമ്മാണത്തിന് ലോകപ്രശസ്തമായ കേന്ദ്രമാണ് ലിയുയാങ് പട്ടണം.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കിലോമീറ്ററുകളോളം അകലെയുള്ള വീടുകളുടെ ജനല്‍ ചില്ലകള്‍ തകരുകയും വാതിലുകള്‍ വളഞ്ഞുപോവുകയും ചെയ്തു. റോഡുകളില്‍ കല്ലുകളും അവശിഷ്ടങ്ങളും നിറഞ്ഞതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ പടക്കനിര്‍മ്മാണ കേന്ദ്രമായാണ് ലിയുയാങ് നഗരം അറിയപ്പെടുന്നത്. ചൈനയില്‍ പടക്കനിര്‍മ്മാണ ശാലകളിലും കടകളിലും സ്‌ഫോടനങ്ങള്‍ ഉണ്ടാകുന്നത് പതിവാകുകയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഹുബെയ് പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.

സ്ഫോടനത്തിൻ്റെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. പടക്കക്കമ്പനിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനിടെ ഫാക്ടറിക്കുള്ളിലെ രണ്ട് വെടിമരുന്ന് പുരകൾ വലിയ ഭീഷണിയുയർത്തിയിരുന്നു. രണ്ടാമതൊരു സ്ഫോടനം ഒഴിവാക്കാൻ പ്രദേശം ഈർപ്പമുള്ളതാക്കി നിലനിർത്താനുള്ള നടപടികളും അധികൃതർ സ്വീകരിച്ചു.

പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും കാണാതായവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കാനും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗ് നിർദ്ദേശം നൽകി. അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ പരിസരത്തെ വായു, ജല ഗുണനിലവാരത്തിൽ മാറ്റമില്ലെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു.

Send your news and Advertisements

You may also like

error: Content is protected !!