Wednesday, May 6, 2026
Home » തോറ്റിട്ടില്ല, രാജിവയ്‌ക്കില്ല; മമതാ ബാനർജി.
തോറ്റിട്ടില്ല, രാജിവയ്‌ക്കില്ല; മമതാ ബാനർജി.

തോറ്റിട്ടില്ല, രാജിവയ്‌ക്കില്ല; മമതാ ബാനർജി.

by Editor

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ചൊവ്വാഴ്‌ച പറഞ്ഞു. ജനങ്ങളുടെ വിധിന്യായമല്ല, മറിച്ച് ഒരു “ഗൂഢാലോചനയുടെ” ഫലമാണ് തന്റെ പരാജയം എന്ന് അവർ ആരോപിച്ചു. “ഞാൻ തോറ്റിട്ടില്ല. രാജ്‌ഭവനിലേക്ക് പോകില്ല. രാജി സമർപ്പിക്കില്ല. പോളിങ് സ്റ്റേഷനിൽ വച്ച് ഞാൻ ആക്രമിക്കപ്പെട്ടു. സ്ത്രീയെന്ന നിലയിൽ എനിക്ക് നേരെ മോശം പെരുമാറ്റമുണ്ടായി. വയറ്റിലും മുതുകിലും ചവിട്ടി. വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് എന്നെ പുറത്താക്കി. സിസിടിവി ഓഫ് ചെയ്തിരിക്കുകയായിരുന്നു” – മമത ആരോപിച്ചു.

തന്റെ യഥാർഥ എതിരാളി ബിജെപിയല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നുമാണ് മമത ആരോപിക്കുന്നത്. ബംഗാള്‍ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ മമത വിമർശനം ഉന്നയിച്ചത്. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്.

ബിജെപി 207 സീറ്റുകളുടെ വ്യക്തമായ ഭൂരിപക്ഷം നേടിയപ്പോൾ തൃണമൂൽ കോൺഗ്രസിന് 80 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ബബാനിപൂർ മണ്ഡലത്തിൽ നിന്നും മത്സരിച്ച മുഖ്യമന്ത്രി മമതയും പരാജയപ്പെട്ടു. സാധാരണയായി തെരഞ്ഞെടുപ്പിന് ശേഷം സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി രാജ് ഭവനിൽ എത്തി ഗവർണർക്ക് രാജി സമർപ്പിക്കുകയാണ് പതിവ്. ഈ സാഹചര്യത്തിൽ ഒരു മുഖ്യമന്ത്രി രാജിവെക്കാൻ വിസമ്മതിച്ചാൽ ഭരണഘടന എന്ത് പറയുന്നു എന്നത് വളരെ പ്രധാനമാണ്.

ഭരണഘടനയുടെ ആർട്ടിക്കിൾ 164 പ്രകാരം മുഖ്യമന്ത്രിയെ ഗവർണർ നിയമിക്കുകയും മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മറ്റ് മന്ത്രിമാരെ ഗവർണർ നിയമിക്കുകയും ചെയ്യും. ഗവർണർക്ക് താല്പര്യമുള്ളിടത്തോളം കാലം മന്ത്രിമാർക്ക് അധികാരത്തിൽ തുടരാം എന്നാണ് ഇതിൽ വ്യക്തമാക്കുന്നത്. അതിനാൽ സാങ്കേതികമായി ഗവർണർക്ക് മുഖ്യമന്ത്രിയെ പുറത്താക്കാൻ അധികാരമുണ്ട്.

നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിന് മുൻപാണ് ഗവർണർ ഒരു മുഖ്യമന്ത്രിയോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെടുകയും മറ്റൊരാളെ ക്ഷണിക്കുകയും ചെയ്യുന്നതെങ്കിൽ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്. ഒരു സർക്കാരിനും ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 356 പ്രകാരം രാഷ്ട്രപതി ഭരണം ഏർപ്പെടുത്താവുന്നതാണ്.

പശ്ചിമ ബംഗാൾ നിയമസഭയുടെ കാലാവധി അഞ്ച് വർഷമാണ്. നിലവിലെ നിയമസഭയുടെ കാലാവധി 2026 മെയ് ഏഴിന് അവസാനിക്കും. കാലാവധി അവസാനിക്കുന്നതോടെ നിയമസഭ പിരിച്ചുവിടപ്പെട്ടതായി കണക്കാക്കും. അതിനുശേഷം പുതിയ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുകയും പുതിയ സർക്കാർ അധികാരത്തിൽ വരികയും വേണം. മമതാ ബാനർജി രാജിവെക്കാൻ വിസമ്മതിക്കുകയാണെങ്കിൽ ഗവർണർക്ക് അവരോട് രാജി ആവശ്യപ്പെടാൻ സാധിക്കും.

Send your news and Advertisements

You may also like

error: Content is protected !!