Sunday, May 10, 2026
Home » മേള രഘു: ഓർമ്മയിൽ നിന്ന് മായാത്ത ചെറിയ, വലിയ, ആ നടൻ
മേള രഘു: ഓർമ്മയിൽ നിന്ന് മായാത്ത ചെറിയ, വലിയ, ആ നടൻ

മേള രഘു: ഓർമ്മയിൽ നിന്ന് മായാത്ത ചെറിയ, വലിയ, ആ നടൻ

ആർ. ഗോപാലകൃഷ്ണൻ

by Editor

നടൻ മമ്മൂട്ടിയുടെയും സംവിധായകൻ കെ.ജി. ജോർജിന്റെയും എല്ലാം കലാജീവിതത്തിലെ നാഴികകല്ലായി മാറിയ ‘മേള’ സിനിമയിലെ (1980) ഹീറോ നടൻ ആരായിരന്നു? ‘മേള രഘു’ എന്ന് പിന്നീടറിയപ്പെട്ട ‘പുത്തൻവെളി ശശിധരൻ’ എന്ന കുറിയ മനുഷ്യൻ – പറഞ്ഞു വരുമ്പോൾ ഈ സിനിമയിൽ രഘുവിന്റെ ഉപനായനായിരുന്നു മമ്മൂട്ടി…. (ടൈറ്റിൽ സ്ക്രീനിൽ ആദ്യം തെളിയുന്ന പേർ രഘുവിന്റേതാണ്; മമ്മുട്ടിയുടെ പേര് നാലാമത്.)

സർക്കസിൽ കുള്ളൻ കോമാളിയായ ഗോവിന്ദൻ കുട്ടി (രഘു) നാട്ടിലെത്തുന്നു. കയ്യിൽ ഒരു റേഡിയോയും പിടിച്ചു, ബെൽബോട്ടം പാൻസും ഷുവും കൂളിംഗ് ഗ്ലാസ്സും ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി ഗ്രാമത്തിലെത്തിയ ഗോവിന്ദൻ കുട്ടി, പോക്കറ്റിൽ ധാരാളം പൈസ യുമായി. നടന്നു പോകുന്ന ഉയരം കുറഞ്ഞ നായകനെ പ്രേമിക്കാൻ ഗ്രാമത്തിലെ പെൺകൊടിമാർ മത്സരിച്ചു.ഗോവിന്ദ കുട്ടിയുടെ അമ്മയായി പ്രസിദ്ധ നാടക-സിനിമാ അഭിനേത്രി ഇരിങ്ങൽ നാരായണി.

ഗോവിന്ദൻ കുട്ടിയോടൊപ്പം സമ്പന്നമായ ജീവിതം കണ്ട് ശാരദ എന്നൊരു പെൺകുട്ടി (അഞ്ജലി നായിഡു) അയാളെ കല്യാണം കഴിക്കുന്നു. എന്നാൽ ഗോവിന്ദൻ കുട്ടി അവളെയും കൊണ്ട് നഗരത്തിൽ എത്തുന്നതോടെ കാര്യങ്ങൾ മാറി മറിയുന്നു. സർക്കസിൽ കോമാളിയുടെ സ്ഥാനം എന്നും അവഗണിക്കപ്പെടുന്നവരുടെ കൂട്ടത്തിലാണെന്നു തിരിച്ചറിയുന്ന അവൾ നിരാശപ്പെടുന്നു. അതിനിടയിൽ ഒരു ബൈക്ക ജമ്പർ വിജയൻ (മമ്മൂട്ടി) അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു. അതോടെ ഗോവിന്ദൻ കുട്ടിയുടെ ജീവിതം കലങ്ങി മറിയുന്നു….. ശ്രീധരൻ ചമ്പാടിന്റെ കഥയെ അടിസ്ഥാനമാക്കി കെ.ജി. ജോർജ് ചെയ്ത ‘മേള’യുടെ കഥയിങ്ങനെയാണല്ലോ.

കെ. ജി. ജോർജ് അതു വരെ ഉള്ള നായക സങ്കൽപ്പങ്ങളെ മാറ്റി മറിച്ചു. ശശിധരന് രഘുവെന്ന പേരിട്ടതും കെ.ജി. ജോർജ്ജാണ്.

ചെങ്ങന്നൂർ രാധാകൃഷ്ണ സദനത്തിൽ രാമകൃഷ്ണപിള്ളയുടെയും, സരസ്വതി അമ്മയുടെയും മകനാണ് ശശിധരൻ. സ്കൂൾ, കോളേജ് (പ്രിഡിഗ്രി) കാലത്തു കലാമത്സരങ്ങിൽ നിരവധി സമ്മാനങ്ങൾ നേടി, ഒരു സകലകലാ വല്ലഭൻ എന്ന കീർത്തി നേടി. പക്ഷേ, പഠനം പാതിവഴിയിൽ നിലച്ചു.

ഉയരക്കുറവു കൊണ്ട് ശശി ചെന്നുപെട്ടത് സർക്കസ് കമ്പനികളിൽ കലാകാരനായി ആണ്. അവിടെ നിന്നാണ് ‘മേള’യിൽ എത്തിയത്. ശ്രീനിവാസനാണ് സർക്കസ് കൂടാരത്തിൽ നിന്ന് ഈ കലാകാരനെ മേളയിലേക്ക് കൊണ്ടുവന്നത്.

ഈ ആദ്യ സിനിമക്ക് ശേഷം നല്ല വേഷങ്ങൾ കിട്ടാൻ സാദ്ധ്യതയില്ലന്ന് കണ്ട് രഘു വീണ്ടും സർക്കസിൽ തന്നെ തിരിച്ചെത്തി.

കുറെ നാളത്തെ ഇടവേളക്ക് ശേഷം, 1987-ൽ മമ്മൂട്ടിയുടെ ഇടപെടൽ കൊണ്ട് കമൽഹാസന്‍റെ കൂടെ സഹതാരവുമായി “അപൂർവ്വസഹോദരങ്ങൾ” എന്ന സിനിമയിൽ കൂടി മടങ്ങിവരവ് നടത്തി. ഒപ്പം വേറെ ചില സിനിമകളിലും ചെറിയ വേഷങ്ങളിലും വന്നു.

വീണ്ടും സിനിമാരംഗത്ത് വേഷങ്ങൾ കിട്ടാതായതോടെ, അഭിനയ രംഗത്ത് ഉറച്ചു നില്ക്കാനായി, സിനിമ വിട്ട് നാടകരംഗത്തേക്ക് കടന്നു. കെപിഎസി അടക്കം പല കമ്പനികളുടെയും നാടകങ്ങളിൽ നല്ലചില വേഷങ്ങളും അഭിനയിച്ചു. കെ.പി.എ.സി.യുടെ ‘ഇന്നലകളിലെ ആകാശം’ എന്ന നാടകത്തിലാണ് അഭിനയിച്ചത്.

മേളയ്ക്കും അപൂർവ്വ സഹോദരങ്ങൾക്കും പുറമേ, ‘സഞ്ചാരി’, ‘മുഖചിത്രം’, ‘കാവടിയാട്ടം’, ‘ഇരിക്കൂ എം.ഡി. അകത്തുണ്ട്’, ‘വിനയപൂർവ്വം വിദ്യാധരൻ’, ‘ഇന്ത്യൻ പ്രണയകഥ’, ‘ദൃശ്യം‘ തുടങ്ങിയ സിനിമകൾ മാത്രം. ആകെ രണ്ടു ഡസൻ സിനിമയിൽ താഴെ മാത്രം. പിന്നെ ‘വേലു മാലു സർക്കസ്സ്’ എന്ന സീരിയലും അഭിനയിച്ചു. രഘു ഏറ്റവും അവസാനമായി അഭിനയിച്ചത് മോഹൻലാൽ ചിത്രം ‘ദൃശ്യം‘- രണ്ടിലാണ്.

ചേർത്തല പുത്തൻ വെളിയിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. ഭാര്യക്ക് ഒരു വൃദ്ധ സദനത്തിൽ ചെറിയൊരു ജോലിയുണ്ടായിരുന്നു. ‘അമ്മ’ സംഘടനയുടെ പെൻഷൻ പറ്റുന്ന കലാകാരൻ ആയിരുന്നു രഘു. 2021 മേയ് നാലിന് കൊച്ചിയിലെ ആശുപത്രിയിൽ, 60-ാം വയസ്സിൽ അന്തരിച്ചു.

രലുവിന്റെ നാലാം ഓർമ്മദിനം ഇക്കഴിഞ്ഞ മേയ് 4-ന് ആയിരുന്നു; അഞ്ചു വർഷം കടന്നുപോയി.

ആർ. ഗോപാലകൃഷ്ണൻ

Send your news and Advertisements

You may also like

error: Content is protected !!