ഗോൾഡ് കോസ്റ്റ്: മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റിനെ അഭിനന്ദിച്ചുകൊണ്ടുള്ള വിദേശ വനിതയുടെ റിവ്യൂ വൈറലാകുന്നു. ഗംഭീര സിനിമയാണ് പേട്രിയറ്റ് എന്നും ടോം ക്രൂസ് സിനിമകളെക്കാൾ ഗംഭീരമാണ് ചിത്രമെന്നും അവർ വീഡിയോയിലൂടെ പറഞ്ഞു. മ്യൂസിക്കും അഭിനയവും ക്യാമറയും ടെക്നോളജിയുമെല്ലാം അന്തർദേശീയ നിലവാരം പുലർത്തുന്നു എന്നാണ് അവർ പറയുന്നത്. സിനിമ കാണാൻ എത്തിയ റിനിൽ ജിജോ എന്ന മലയാളി വ്ലോഗർ ആണ് വിദേശ പ്രേക്ഷകയെ ഇന്റർവ്യൂ ചെയ്തതും വീഡിയോ അവരുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തു വിട്ടതും.
‘ഗംഭീര സിനിമയാണ് പേട്രിയറ്റ്. ടോം ക്രൂസ് സിനിമകളെക്കാൾ ഗംഭീരമായിട്ടാണ് എനിക്ക് സിനിമ അനുഭവപ്പെട്ടത്. സിനിമയുടെ മ്യൂസിക്, കഥ, പ്രകടനങ്ങൾ എല്ലാം ഗംഭീരം’, എന്നാണ് ചിത്രം കണ്ടു അവർ പ്രതികരിച്ചത്. ഇതിനോടകം ആയിരക്കണക്കിന് ആളുകൾ ആണ് വീഡിയോയിൽ പ്രതികരിച്ചിരിക്കുന്നത്. ‘നമ്മുടെ സംസ്കാരത്തെ എത്രമാത്രം ആരാധിക്കുന്നുവെന്ന് അവൾ സംസാരിച്ചു. അത് എന്റെ മനസ്സിൽ തങ്ങിനിന്നു. നമ്മളെപ്പോലെ തന്നെ നമ്മുടെ കഥകൾ സ്വീകരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത് ജീവിക്കാൻ കഴിഞ്ഞതിൽ നന്ദിയുണ്ട്‘, എന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് റിനിൽ ജിജോ കുറിച്ചു.
View this post on Instagram
ആദ്യ മൂന്ന് ദിവസം പിന്നിടുമ്പോൾ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 61.25 കോടി നേടിയാണെന്നാണ് അണിയറക്കാർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. കേരളത്തിൽ നിന്ന് സിനിമ ഇതുവരെ 18.65 കോടി നേടിയിട്ടുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് പേട്രിയറ്റ് നിർമിച്ചിരിക്കുന്നത്.

