ന്യൂ ഡൽഹി: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച പുരോഗമിക്കുന്നതിനിടെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ കണ്ട് രമേശ് ചെന്നിത്തല. ഡൽഹിയിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടാൻ എംഎൽഎമാരുടെ പിന്തുണയ്ക്കായി മത്സരമില്ലെന്നും, സമൂഹമാധ്യമങ്ങൾ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും, എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നുമാണ് രമേശ് ചെന്നിതല ഡൽഹിയിൽ വെച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്.
കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയമാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി ചുമതല സംബന്ധിച്ച് ഉചിതമായ തീരുമാനം ഉചിതമായ സമയത്തുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡൽഹി സന്ദർശനം മഹാരാഷ്ട്ര കോൺഗ്രസുമായി ബന്ധപ്പെട്ടാണെന്നും കേരള രാഷ്ട്രീയ സംഭവവികാസങ്ങളുടെ ഭാഗമല്ല സന്ദർശനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര ഡിസിസി പുനസംഘടന അജണ്ട യോഗം ഇന്ന് 11:30-ന് നടക്കും. ഖാർഗെയും രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കും. യോഗം സോണിയ ഗാന്ധിയുടെ വസതിയിൽ ആയിരിക്കും നടക്കുക.
അതേസമയം, എംഎല്‍എമാരുടെ മനസറിയാന്‍ കേരളത്തിലേക്കെത്തുന്നത് രണ്ട് നിരീക്ഷകര്‍. മുതിര്‍ന്ന നേതാക്കളെ അയക്കാന്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും പങ്കെടുത്ത യോഗം തീരുമാനിച്ചു. നേതാക്കളാരെന്ന് വാര്‍ത്താക്കുറിപ്പിലൂടെ എഐസിസി അറിയിക്കും. നിയമസഭ കക്ഷി യോഗം നടക്കുന്ന ദിവസം നിരീക്ഷകര്‍ സംസ്ഥാനത്തെത്തും. എം.എൽ.എമാരെ ഒറ്റയ്‌ക്കൊറ്റക്ക് കേന്ദ്രനിരീക്ഷകർ കണ്ട് അഭിപ്രായം തേടുകയും കോൺഗ്രസ് നിയമസഭാ കക്ഷി യോഗം മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കാനുമാണ് എല്ലാ സാധ്യതയും.

