ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും, കേവല ഭൂരിപക്ഷമില്ലാത്തതിനാൽ ടിവികെ (TVK) അധ്യക്ഷൻ വിജയുടെ സത്യപ്രതിജ്ഞയ്ക്ക് ഗവർണർ അനുമതി നിഷേധിച്ചു. കോൺഗ്രസ് പിന്തുണയുമായി സർക്കാരുണ്ടാക്കാൻ ഗവർണറെ സമീപിച്ച ടിവികെ അധ്യക്ഷൻ വിജയ്ക്ക് സർക്കാരുണ്ടാക്കാനുള്ള കേവല ഭൂരിപക്ഷം ഇല്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അറിയിച്ചു.
കേവല ഭൂരിപക്ഷമായ 118 എംഎൽഎമാരുടെ പിന്തുണക്കത്ത് ഉണ്ടെങ്കിൽ മാത്രമേ വിജയ്ക്ക് സത്യപ്രതിജ്ഞയ്ക്കുള്ള അനുമതി നൽകൂവെന്ന് ഗവർണർ അറിയിച്ചു. നിലവിൽ 113 എംഎൽഎമാരുടെ പിന്തുണയാണ് ടിവികെയ്ക്കുള്ളത് എന്നാണ് റിപ്പോർട്ട്. തനിക്ക് പിന്തുണ നൽകുന്ന എംഎൽഎമാരുടെ പട്ടിക വിജയ് ഗവർണർക്ക് കൈമാറുകയും മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് പുതിയ സംഭവ വികാസം. ഇതോടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലായി.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ തമിഴക വെട്രി കഴകത്തിന് 118 എന്ന ഭൂരിപക്ഷത്തിലെത്താൻ കുറഞ്ഞത് 10 സീറ്റുകളെങ്കിലും വേണമായിരുന്നു. കോൺഗ്രസ് അഞ്ച് എംഎൽമാരുടെ പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതോടെ 112 പേരുടെ പിന്തുണ മാത്രമേ ടിവികെയ്ക്ക് നിലവിലുള്ളൂ. വിജയ് ജയിച്ച രണ്ട് മണ്ഡലങ്ങളിൽ നിന്ന് ഒന്ന് ഒഴിഞ്ഞാൽ ആറ് എംഎൽഎമാരുടെ പിന്തുണ ആവശ്യമായി വരും. കോൺഗ്രസിന് പുറമെ സ്വതന്ത്രർ ഉൾപ്പെടെ ആരൊക്കെ ടിവികെയുടെ ഭാഗമാകുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
234 മണ്ഡലങ്ങളുള്ള തമിഴ്‌നാട്ടിൽ ടിവികെ 108 സീറ്റുകളാണ് നേടിയത്. കോൺഗ്രസിൻ്റെ പിന്തുണ ലഭിച്ചതിനു പിന്നാലെ ഗവർണറെ നേരിട്ട് സന്ദർശിച്ച് എംഎൽഎമാരുടെ പട്ടിക കൈമാറുകയും ചെയ്‌തു. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അഞ്ച് സീറ്റുകളാണ് നേടിയത്. ഇതുകൂടി ലഭിച്ചാലും ടിവികെയ്ക്ക് കേവല ഭൂരിപക്ഷം അവകാശപ്പെടാനാകില്ല. രണ്ടാഴ്‌ചയ്ക്കുള്ളിൽ ഭൂരിപക്ഷം തെളിയിക്കാമെന്ന് വിജയ് നേരത്തെ ഗവർണറെ ധരിപ്പിച്ചിരുന്നു.
ഭൂരിപക്ഷം തെളിയിച്ചാൽ മാത്രം സത്യപ്രതിജ്ഞ ചെയ്യാമെന്നാണ് ഗവർണർ ഇപ്പോൾ അറിയിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. വിജയെ പിന്തുണച്ചുകൊണ്ട് 118 എംഎൽഎമാരുടെ കത്ത് ഹാജരാക്കാനാണ് ആർലേക്കർ ആവശ്യപ്പെട്ടിരിക്കുന്നത്. കത്ത് നൽകിയാൽ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഗവർണർ അറിയിച്ചതായാണ് സൂചന.
കേരള ഗവർണറായ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് 2026 മാർച്ചിലാണ് തമിഴ്‌നാടിന്റെ അധിക ചുമതല നൽകിയത്. തമിഴ്‌നാട് ഗവർണറായിരുന്ന ആർ.എൻ. രവിയെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിച്ചതിനെത്തുടർന്നാണ് അർലേക്കർ ഈ സ്ഥാനമേറ്റെടുത്തത്.

