കൊച്ചി: ക്രൈസ്‌തവ വിശ്വാസത്തിൻ്റെ അടിസ്ഥാന ശിലയായ അന്ത്യ അത്താഴത്തെ രാഷ്ട്രീയ പരിഹാസത്തിനായി ദുരുപയോഗം ചെയ്ത ടൈംസ് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ കത്തോലിക്കാ സഭയും യുവജന പ്രസ്ഥാനങ്ങളും രംഗത്ത്. 2026 മെയ് 15 ന് പ്രസിദ്ധീകരിച്ച പത്രത്തിൻ്റെ കേരള പതിപ്പിൽ പ്രസിദ്ധീകരിച്ച ഒരു രാഷ്ട്രീയ കാർട്ടൂണിൽ ലിയോനാർഡോ ഡാവിഞ്ചിയുടെ വിഖ്യാതമായ അന്ത്യ അത്താഴം എന്ന ചിത്രത്തെ ആസ്പദമാക്കി സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ ചിത്രീകരിച്ചിരുന്നു. യേശുക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് പ്രമുഖ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ കാർട്ടൂൺ തയ്യാറാക്കിയത്.
വിശുദ്ധ കുർബാനയുടെ സ്ഥാപന സ്‌മരണയും യേശുക്രിസ്‌തുവിൻ്റെ ആത്മത്യാഗത്തിൻ്റെ പ്രതീകവുമായ തിരുവത്താഴത്തെ കേവലം അധികാര വടംവലികളുമായി ഉപമിച്ചത് മാധ്യമ ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്ന് സഭാ നേതൃത്വങ്ങൾ കുറ്റപ്പെടുത്തി. ആവിഷ്‌കാര സ്വാതന്ത്ര്യം മറ്റുള്ളവരുടെ മതവിശ്വാസത്തെയും വിശുദ്ധ അടയാളങ്ങളെയും അപഹസിക്കാനുള്ള ലൈസൻസല്ലെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
ടൈംസ് ഓഫ് ഇന്ത്യ ഇത് രണ്ടാം തവണയാണ് അന്ത്യ അത്താഴത്തെ ഇത്തരത്തിൽ വികലമായി ചിത്രീകരിക്കുന്നതെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ ആരോപിച്ചു. ഇത് കേവലം ആശയ ദാരിദ്ര്യമല്ലെന്നും കൃത്യമായ അജണ്ടയോടെയുള്ള ക്രൈസ്‌തവ വിരുദ്ധതയാണെന്നും അവർ പ്രസ്താവനയിൽ വ്യക്തമാക്കി. മാധ്യമങ്ങൾ പുലർത്തേണ്ട സാംസ്‌കാരിക മര്യാദകളുടെ ലംഘനമാണിതെന്ന് കെസിവൈഎം ലത്തീൻ സംസ്ഥാന സമിതിയും കുറ്റപ്പെടുത്തി.
ഒളിമ്പിക്സ് വേദിയിലും ബിനാലെയിലും ഉണ്ടായതിന് സമാനമായ അവഹേളന പ്രവണതകൾ മാധ്യമങ്ങളും ആവർത്തിക്കുന്നത് സാമൂഹിക ഐക്യത്തെ തകർക്കുമെന്ന് സംഘടനകൾ മുന്നറിയിപ്പ് നൽകി. സംഭവത്തിൽ പത്രം നിരുപാധികം മാപ്പ് പറയണമെന്നും വിവാദ ചിത്രം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ കാമ്പയിനുകളും ഒപ്പുശേഖരണവും ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് വിവിധ ക്രൈസ്‌തവ സംഘടനകളുടെ തീരുമാനം.

