ജീവിതം വൈവിദ്ധ്യമാർന്ന അനുഭവങ്ങളടങ്ങിയ ഒരു വലിയ പാഠപുസ്തകമാണ്. അതിനെ ഉചിതമായ രീതിയിൽ ഉൾക്കൊള്ളാനായാൽ അത് ജീവിതത്തിന് ശരിയായ ദിശാബോധം നല്കും. എന്നാൽ അടിസ്ഥാനപരമായി മാനവ സമൂഹത്തിന്റെ അനുഭവമേഖലയായ ജീവിതം ഏകമുഖമല്ല. അത് ഒരേ സമയം സുഖവും ദു:ഖവും ചേർന്ന ഒരു ദ്വന്ദ്വമാണ്. ഈ ദ്വന്ദ്വത്തെ അമേരിക്കയിൽ നിന്നിറങ്ങുന്ന ഓൺലൈൻ പത്രമായ മലയാളി മനസ്സിന്റെ 19 എഴുത്തുകാർ ചേർന്ന് പ്രതീകാത്മകമായും സാങ്കേതികമായും ആവിഷ്കരിക്കുന്ന സർഗ്ഗ സമാഹാരമാണ് ‘മലയാളി മനസ്സ് USA പ്രസിദ്ധീകരിച്ച തിരഞ്ഞെടുത്ത കൃതികൾ’.
ഒരു യാത്രാവിവരണവും, 4 ലേഖനങ്ങളും, 5 കവിതകളും, 9 കഥകളും ഉൾപ്പെടുന്ന ഈ സമാഹാരത്തിലെ 19 രചയിതാക്കളും അവരുടെ രചനകളിലൂടെ വെളിപ്പെടുത്തുന്നത് ജീവിതം ഒരു പ്രശ്നചിഹ്നമല്ല, അതൊരു യാത്രയാണ്, ഉപന്യാസമാണ്, കവിതയാണ്, കഥയാണ്; എന്നാൽ അത് വായിച്ചറിയേണ്ടതല്ല, അനുഭവിച്ചറിയേണ്ടതാണ്, അതിൽ നിന്ന് എന്തു നേടുന്നു എന്നതിനേക്കാൾ എത്ര ആഴത്തിൽ അത് അനുഭവിച്ചറിയാനാവുന്നു എന്നിടത്താണ് അതിന്റെ പ്രസക്തി എന്നതാണ്.
ജീവിതത്തിന്റെ വിവിധ വശങ്ങളെ കലാത്മകമായി പ്രതിഫലിപ്പിക്കുന്നതോടൊപ്പം അതിന്റെ അർത്ഥത്തെ പുനർവ്യാഖ്യാനിക്കുകയും ചെയ്യുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ സവിശേഷത.
ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരേയൊരു യാത്രാവിവരണമാണ് ശ്രീമതി റിട്ട മാനുവൽ രചിച്ച ‘ക്രിസ്തുമസ് നാളിലെ ചില നടുക്കുന്ന ഓർമ്മകൾ‘. സ്വാനുഭവങ്ങളും ഓർമ്മകളും വികാരങ്ങളും ദുരന്തങ്ങളും ചേർന്ന ഒരു സ്മൃതി സഞ്ചാരം. ബാല്യകാലത്തെ നിർമലമായ ക്രിസ്തുമസ് ഓർമ്മകളിൽ നിന്നാരംഭിച്ച് കൗമാരവും യൗവനവും പിന്നിട്ട് കുടുംബജീവിതത്തിലേക്ക് കടന്ന് ജീവിതത്തിന്റെ കാഠിന്യത്തിലേക്കും യാഥാർത്ഥ്യത്തിലേക്കും മാറി മാറി അനുവാചകരെ കൂട്ടിക്കൊണ്ടു പോകുന്ന രചന.
2004-ലെ സുനാമിയുടെ ഭീകരത, കടൽ ഉൾവലിഞ്ഞ കാഴ്ച, അപ്രതീക്ഷിതമായി പൊങ്ങിവന്ന തിരമാലകൾ, ആളുകളുടെ ഭയം, രക്ഷപ്പെടാനുള്ള തത്രപ്പാട്, കൂട്ടുകാരിയുടെ അനുഭവം – ഇവയെല്ലാം ചേർന്ന് ഒരു സാമൂഹിക അനുഭവമായി മാറുന്ന വിവരണം ഏറെ ശ്രദ്ധേയം. സത്യത്തിൽ ജീവിതത്തിന്റെ അനിശ്ചിതത്വത്തെ ഓർമ്മപ്പെടുത്തുന്ന സാക്ഷ്യം.
ലേഖന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള നാലു ലേഖനങ്ങളും ഏറെ പ്രസക്തങ്ങളാണ്. ശ്രീ രാജൻ പടുതോൾ അവതരിപ്പിക്കുന്ന ‘കാലത്തിന്റെ കാലുകൾ ‘ എന്ന പഠനാത്മകമായ ലേഖനം ഭാഷ, കാലഗണന, മനുഷ്യാനുഭവം, ശാസ്ത്രചിന്ത എന്നിവയെ ഒരുമിപ്പിക്കുന്ന ചിന്തനീയവും ദാർശനികവുമായ രചനയാണ്. കാലത്തെ മനുഷ്യൻ എങ്ങനെ തിരിച്ചറിഞ്ഞു എന്നതിന്റെ ഒരു ബൗദ്ധിക സഞ്ചാരം. സാധാരണയായി നാം ശ്രദ്ധിക്കാതെ പോകുന്ന ‘നിമിഷം’, ‘നാഴിക’, ‘കാലടി’, ‘പക്ഷം’, ‘തിരിഞ്ഞടി’, ‘പാദം’ , ‘നാഴികക്കല്ല്’ തുടങ്ങിയ പദങ്ങളിലൂടെ കാലത്തെ കുറിച്ചും സമയത്തെ കുറിച്ചും വളരെ ഗഹനമായ ആശയങ്ങൾ അവതരിപ്പിക്കുന്ന ഈ ലേഖനം ഏറെ ജ്ഞാനപ്രദമാണ്.
കൺപീലിയുടെ ചലനവുമായി ബന്ധപ്പെടുത്തി ‘നിമിഷം‘ എന്ന വാക്കിന്റെ വ്യാഖ്യാനം പോലെ ഈ ലേഖനത്തിന്റെ പ്രധാന സവിശേഷത സാധാരണ വാക്കുകളിൽനിന്ന് അസാധാരണമായ ആശയങ്ങൾ കണ്ടെത്താനുള്ള ലേഖകന്റെ കഴിവാണ്. സമയമെന്നത് ഒരു യന്ത്രമൂലമായ അളവല്ല, മനുഷ്യന്റെ ശരീരാനുഭവങ്ങളിൽ നിന്നുദിച്ചുയർന്ന ഒന്നാണ് എന്ന തിരിച്ചറിവ് ഈ ലേഖനം പങ്കുവെയ്ക്കുന്നുണ്ട്.
പ്രാചീന കലാരൂപമായ തോൽപാവക്കൂത്തിലേക്ക് സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമെന്നോണം സ്ത്രീകൾ കടന്നു വരുന്ന ഒരു പുതു ചരിത്രം പരിചയപ്പെടുത്തുന്ന ശ്രദ്ധേയമായ ലേഖനമാണ് ശ്രീമതി ജിഷ ദിലീപ് അവതരിപ്പിക്കുന്ന ‘പെൺപ്പാവക്കൂത്ത്‘. അനുവാചകരിൽ പ്രത്യാശയും പ്രചോദനവും സൃഷ്ടിക്കുന്ന ഈ ലേഖനം ഒരു മാറ്റത്തിന്റെ രേഖയാണ്. ഒരു കലയും സമൂഹവും ഒരുമിച്ച് മാറുന്ന ഒരു യാത്രയുടെ സാക്ഷ്യം.
‘പ്രകാശ ഗോപുരം’ എന്ന പ്രതീകത്തിലൂടെ വായനയുടെ പ്രാധാന്യവും പ്രസക്തിയും മൂല്യവും മഹത്വവും തിരിച്ചറിയാൻ സഹായിക്കുന്ന ഘടകമായും, ജീവിതത്തിന് ദിശാബോധം നല്കുന്ന ശക്തിയായും വായനയെ അവതരിപ്പിക്കുന്ന പ്രഭാവാന്വിതമായ ലേഖനമാണ് ശ്രീ പി. എം. എൻ നമ്പൂതിരിയുടെ ‘പ്രകാശഗോപുരങ്ങൾ: വായനയുടെ മഹത്വം ‘
പൊയ്പോയ കാലത്തിലേക്ക് (1960-70 കാലഘട്ടം ) ഗൃഹാതുരതയോടെ വീക്ഷിച്ചുകൊണ്ട് ജീവിതമൂല്യങ്ങളുടെ നഷ്ടത്തെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പാണ് ശ്രീമതി സൈമ ശങ്കറിന്റെ ‘സ്നേഹബന്ധങ്ങൾ ‘ എന്ന ലേഖനം. വിദ്യാഭ്യാസവും സാമ്പത്തികാവസ്ഥയും സാങ്കേതിക വളർച്ചയും വർദ്ധിച്ച ഇന്നത്തെ കാലത്ത് അണുകുടുംബ വ്യവസ്ഥയും തിരക്കേറിയ ജീവിത ശൈലിയും കാരണം മനുഷ്യബന്ധങ്ങളുടെ ആഴം കുറയുന്നുവോ എന്ന ചോദ്യമാണ് ഈ ലേഖനത്തിലെ കേന്ദ്ര വിഷയം.
കവിതാഭാഗം പരിശോധിച്ചാൽ 5 കവിതകളുടെയും പ്രമേയ പരിസരവും ആശയാവതരണവും നന്നായിട്ടുണ്ട് . സത്യത്തിന്റെ മുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് മനുഷ്യന്റെ പ്രതിയോഗി മനുഷ്യൻ തന്നെയാണ് എന്നതിലേക്ക് വിരൽചൂണ്ടുന്ന ഇതിലെ കവിതകളെല്ലാം കാലികമാണ്. കവിതകളിൽ ഏറെ ശ്രദ്ധേയമായി തോന്നിയത് പ്രീതി രാധാകൃഷ്ണന്റെ ‘ശബ്ദമുറങ്ങുന്ന വിട്’, അശോകൻ വി. കെ യുടെ ‘വയലിൽ വിത്തു വിതയ്ക്കുമ്പോൾ ‘, ദീപ. ആർ രചിച്ച ‘ഇന്നലെ‘ എന്നിവയാണ് .
വീട്ടിൽ ജീവിക്കാൻ ആളുകളുണ്ടായാൽ മാത്രം പോര, പരസ്പരം ഹൃദയബന്ധങ്ങളും കൂടി ഉണ്ടാവണം എന്ന കേന്ദ്രാശയത്തെ മുൻനിർത്തി ആവിഷ്കരിച്ച കവിതയാണ് ശ്രീമതി പ്രീതി രാധാകൃഷ്ണന്റെ ‘ശബ്ദമുറങ്ങുന്ന വിട്’. കവിതയിലെ ‘വീട്’ ബന്ധങ്ങൾ തകർന്നുപോയ ഒരു മാനസികാവസ്ഥയുടെ പ്രതീകമാണ് . ‘ശ്വസിക്കുന്ന പ്രതിമകൾ‘ എന്ന രൂപകം കൊണ്ട് തുടങ്ങുന്ന ഈ കവിതയുടെ പ്രധാന ശക്തി അതിന്റെ പ്രതീകാത്മകതയിലാണ്. ‘ആറുപേർ -ആറു ഗ്രഹങ്ങൾ ‘ എന്ന ചിത്രം കുടുംബാംഗങ്ങൾ തമ്മിലുള്ള അകലവും ബന്ധരാഹിത്യവും വളരെ ലളിതമായി ആവിഷ്കരിക്കുന്നു. ‘മൗനം’ ശക്തമായൊരു പ്രതീകമാവുന്ന ഈ കവിത ഒരു കുടുബത്തിന്റെ മാത്രമല്ല, ആധുനിക സമൂഹത്തിന്റെ തന്നെ പരിച്ഛേദമാണ്.
കർഷകജീവിതത്തിന്റെ വേദന പ്രമേയമാക്കി ആവിഷ്കരിക്കുന്ന ഏറെ സാമൂഹിക പ്രാധാന്യമുള്ള ശക്തമായൊരു കവിതയാണ് ശ്രീ അശോകൻ വി. കെ യുടെ ‘വയലിൽ വിത്തു വിതയ്ക്കുമ്പോൾ‘. സാമൂഹിക അനീതിയും, രാഷ്ട്രീയ ഇടപെടലും കവിതയിലെ പ്രധാന വഴിത്തിരിവാകുന്നു. സ്വപ്നങ്ങൾ വിതയ്ക്കുന്ന കർഷകന്റെ വയലിൽ ‘വിപ്ലവം‘ എന്ന പേരിൽ അനീതിയുടെ കല്ലിടുമ്പോൾ അവിടെ ഉയരുന്നത് ഒരു സാധാരണ കർഷകന്റേതു മാത്രമല്ല, ഒരു സാധാരണ മനുഷ്യന്റെ തന്നെ നിലവിളിയാണ്.
കാലപ്രവാഹം വളരെ ശക്തമായി ആവിഷ്കരിക്കുന്ന, വേദനകളും നഷ്ടങ്ങളും സർഗ്ഗ സൃഷ്ടിക്ക് പ്രേരണയായി മാറുന്ന ഭാവസാന്ദ്രവും ദൃശ്യസൗന്ദര്യവും ആശയഗൗരവവുമുള്ള ഒരു മനോഹരമായ കവിതയാണ് ശ്രീമതി ദീപ. ആർ രചിച്ച ‘ഇന്നലെ‘. ‘മേഘങ്ങളുടെ നനവിൽ മറഞ്ഞ സ്വപ്നം പോലെ‘ എന്ന വരിയിലൂടെ കവിതയുടെ സ്വഭാവം തന്നെ ഇവിടെ നിർണയിക്കപ്പെടുന്നു.
“ഇന്നലെ നഷ്ടമായത്
ഇന്നിൽ കവിതയായ് പുനർജനിക്കുന്നു” കവിതയുടെ ആശയസാരമായ ഈ അവസാന വരികൾ ഒരു ജീവിത ദർശനത്തെ ശക്തമായി ആവിഷ്കരിക്കുന്നുമുണ്ട്.
അനുവാചകരെ പ്രകൃതിയുടെ മടിത്തട്ടിൽ എത്തിച്ചു നിർത്തുന്ന കവിതയാണ് ശ്രീ രാഹുൽ രാധാകൃഷ്ണന്റെ ‘മനോഹരി ഗുണ്ടൽപേട്ട്’. ഒരു കേന്ദ്രചിന്തയെ ശക്തമായി വികസിപ്പിച്ചെടുക്കുന്നതിനേക്കാൾ യാത്രാനുഭവവും പ്രകൃതി സൗന്ദര്യവും ചേർന്ന് രൂപപ്പെടുന്ന, ഒരു ഛായാചിത്ര സ്വഭാത്തിലൂടെ സഞ്ചരിക്കുന്ന കവിതയാണിത്.
സാമൂഹ്യ വിപത്തായ മദ്യവും മയക്കുമരുന്നും ഇന്നത്തെ യുവത്വത്തെ വഴിതെറ്റിക്കുമ്പോൾ സമൂഹം എന്തു ചെയ്യണം എന്ന ചിന്തയിലൂന്നിയ കവിതയാണ് ശ്രീമതി രത്ന രാജുവിന്റെ ‘ബോധം മറയുന്ന യുവത്വം‘. ബോധവത്കരണം, സംരക്ഷണം, നല്ല സമൂഹനിർമ്മാണം – എന്നിവയാണ് കവിത മുന്നോട്ടു വെയ്ക്കുന്ന ഘടകങ്ങൾ. കവിതയിലടങ്ങിയ സന്ദേശം പ്രസക്തമാണെങ്കിലും പ്രതീകങ്ങളിലൂടെയോ ദൃശ്യചിത്രങ്ങളിലൂടെയോ കവിതയെ കുറച്ചുകൂടി കാവ്യാത്മകമാക്കിയിരുന്നെങ്കിൽ കവിത കൂടുതൽ ശക്തമായേനേ.
കഥാവിഭാഗത്തിലേക്ക് വന്നാൽ ഇതിലാവിഷ്കൃതമായ 9 കഥകളും സമകാലിക സാമൂഹിക ജീവിതത്തിന്റെ പ്രതീകവത്കൃത പരിച്ഛേദങ്ങളാണ്. മനുഷ്യബന്ധങ്ങളുടെ വിചിത്ര ഗതികൾ, ജീവിതത്തിന്റെ പ്രഹേളികാ സ്വഭാവം, സമൂഹ ജീവിതത്തിലെ ഹിപ്പോക്രസികൾ തുടങ്ങിയവയെല്ലാമാണ് ഇതിലെ കഥകൾക്ക് ഭൂമികയായി വർത്തിക്കുന്നത്. ഈ കഥകളിൽ ആവിഷ്കരിക്കപ്പെട്ട മനുഷ്യരെല്ലാം സന്ദർഭങ്ങളുടെ സൃഷ്ടികളാണ് . ‘ജീവിക്കുക‘ – എന്നതാണ് അവരുടെ ചലനലക്ഷ്യം.
നർമ്മരസവും ആക്ഷേപഹാസ്യ പ്രവണതയും ആശയപരതയും കൊണ്ട് അനുവാചകരിൽ ചിരിയും ചിന്തയും ഉണർത്തി വേറിട്ടു നില്ക്കുന്ന രണ്ടു കഥകളാണ് ശ്രീ ഉണ്ണി ആവട്ടിയുടെ ‘സെൽഫിയും‘ ശ്രീമതി മേരി ജോസി മലയിലിന്റെ ‘സംഗീത് വേദി‘യും. രണ്ടു കഥകളിലേയും നർമ്മം സ്വാഭാവികവും സാഹചര്യജന്യവുമാണ്. നർമ്മവും സാമൂഹിക വിമർശനവും ഉൾചേർന്ന ഹാസ്യസാന്ദ്രമായ അവതരണം തന്നെയാണ് രണ്ടു കഥകളുടേയും പ്രധാന ശ്രദ്ധാകേന്ദ്രം.
സമകാലീന സമൂഹത്തിലെ ഡിജിറ്റൽ ആശ്രിതത്വത്തേയും കുടുംബബന്ധങ്ങളിലെ മാറ്റങ്ങളേയും ലളിതവും രസകരവുമായ രീതിയിൽ അവതരിപ്പിക്കുന്ന കഥയാണ് ‘സെൽഫി‘. ആധുനിക വിവാഹ സംസ്കാരത്തിന്റെയും വിവാഹ ട്രെന്റുകളുടെയും ഒരു സറ്റയർ ആണ് ‘സംഗീത് വേദി‘. സമൂഹത്തിൽ ട്രെന്റുകൾ എങ്ങനെ വ്യക്തികളെ സമ്മർദ്ദത്തിലാക്കുന്നു എന്നതിന്റെ ഹാസ്യാവിഷ്കാരം.
വ്യക്തിബന്ധങ്ങളുടെ ആർദ്രമധുരമായ ഭാവങ്ങളുടെ സുഖാനുഭൂതി പകരുന്ന കഥകളാണ് ശ്രീമതി ഡോളി തോമസ് ചെമ്പേരി രചിച്ച ‘സിൽവോമയറിലെ ശിശിര സൂര്യ’നും ശ്രീമതി ജസിയ ഷാജഹാന്റെ ‘ഡിസംബറിലെ മഞ്ഞുപൂക്കളും‘.
ശീതകാല പശ്ചാത്തലത്തിൽ അനുഭൂതി സാന്ദ്രമായ അനുഭവങ്ങൾക്ക് ദീപ്തി നല്കി പ്രണയാർദ്രമായ ഒരു വ്യത്യസ്ത കലാജീവിതത്തെയാണ് ഡോളി തോമസ് ചെമ്പേരി തന്റെ കഥയിലൂടെ കാവ്യാത്മകമായി വിരിയിച്ചെടുക്കുന്നത്. വികാരവും, പ്രതീക്ഷയും ഓർമ്മകളും തിരിച്ചുവരവും കലയും ചേർന്നൊരു നിശ്ശബ്ദ സംഗീതം പോലെ മുന്നേറുന്ന ഈ കഥയിൽ പ്രണയം വികസിക്കുന്നത് വാക്കുകളിലൂടെയല്ല, മറിച്ച് കാഴ്ചകളിലൂടെയും കാത്തിരിപ്പിലൂടെയുമാണ്. കഥാനായികയായ എമിലിന്റെ ജീവിതത്തിൽ ബെൻ ഒരു ശിശിര സൂര്യനെ പോലെ വന്ന് അവളുടെ ലോകത്തെ പ്രകാശിപ്പിക്കുന്നത് മനോഹരമായി ആവിഷ്കരിക്കാൻ കാഥികയ്ക്കു കഴിഞ്ഞിട്ടുണ്ട്.
ഒരു ചെറിയ കൂട്ടായ്മയുടെ ക്രിസ്തുമസ് ആഘോഷത്തിനിടെ ജീവിതത്തിന്റെ അനിശ്ചിതത്വം എങ്ങനെ അപ്രതീക്ഷിതമായി വന്നു ഭവിക്കുന്നു എന്ന വിഷയത്തെ കേന്ദ്രീകരിച്ചുകൊണ്ട് സാധാരണ മനുഷ്യബന്ധങ്ങളിലെ സ്നേഹവും കൂട്ടായ്മയും, സൗഹൃദത്തിന്റെ ശക്തി, വൃദ്ധാവസ്ഥയിലെ ഏകാന്തത, സമൂഹത്തിലെ സഹജീവിതം, ജീവിതത്തിന്റെ സൗന്ദര്യവും അസ്ഥിരതയും എല്ലാം ഒന്നിച്ചു പ്രകടമാക്കുന്ന, സന്തോഷവും ദു:ഖവും തമ്മിൽ ഒരു നിമിഷത്തിന്റെ ദൂരം മാത്രം – എന്നോർമ്മിപ്പിക്കുന്ന കഥയാണ് ‘ഡിസംബറിലെ മഞ്ഞുപൂക്കൾ ‘.
ഇന്നത്തെ മനുഷ്യരുടെ ചില അവിശ്വസനീയ മനോഭാവങ്ങളേയും ചിന്തകളേയും പ്രത്യേകതരം സ്വഭാവങ്ങളേയും അന്തരീക്ഷങ്ങളേയും ചിത്രീകരിക്കുന്ന രണ്ടു കഥകളാണ് ശ്രീമതി സുജ പാറുക്കണ്ണിൽ രചിച്ച ‘മൈ ചോയ്സ്’; ശ്രീമതി സിസി ബിനോയിന്റെ ‘ശേഷിപ്പുകൾ‘ എന്നിവ. ‘മൈ ചോയ്സ്‘ ഒരു മാലാഖയുടെ വീക്ഷണകോണിലൂടെ മനുഷ്യരുടെ ക്രൂരതയും മാതൃത്വത്തിന്റെ പരാജയവും സമൂഹത്തിലെ നൈതിക വീഴ്ചയും ശക്തമായി ചർച്ച ചെയ്യുന്ന ഗൗരവാന്വിതവും ഏറെ സാമൂഹികമാനവുമുള്ള കഥയാണ്. ഇതിൽ ഓരോ കുഞ്ഞിന്റെ കഥയിലൂടെയും സമൂഹത്തിന്റെ ക്രൂരമുഖം തുറന്നുകാട്ടുന്നു.
‘ശേഷിപ്പുകൾ ‘ ഒരു ഭണ്ഡാരപ്പെട്ടിയെ കേന്ദ്രസ്ഥാനത്തു നിർത്തിക്കൊണ്ട് അതിന്റെ കാഴ്ചപ്പാടിലൂടെ മനുഷ്യരുടെ പെരുമാറ്റങ്ങൾ, ഭക്തിയുടെ നാടകീയത, സ്വാർത്ഥത, കപടത ഇവയെല്ലാം ഭണ്ഡാരം ‘കണ്ടു‘, ‘അനുഭവിച്ചു‘ – എന്ന രീതിയിൽ വളരെ ഗഹനതയോടെ പരിശോധിക്കുന്ന ചിന്തനീയവും വ്യത്യസ്തവുമായൊരു സർഗ്ഗാവിഷ്കാരമാണ്. ‘പ്രഭാതം’, ‘പ്രദോഷം’ ‘ഭണ്ഡാരം’ – എന്നീ മൂന്നു പ്രതീകങ്ങൾ കഥയ്ക്ക് തത്വചിന്തയുടെ ആഴവും സൗന്ദര്യവും നല്കുന്നു.
ജീവിതസ്പർശിയായ ഒരർത്ഥചിന്തയെ ഉണർത്താൻ പോന്ന രണ്ടു കഥകളാണ് ശ്രീമതി ഗിരിജ വാര്യരുടെ ‘ഡിസംബറിൽ പൂത്ത നക്ഷത്രങ്ങൾ’, ശ്രീ ബെന്നി സെബാസ്റ്റ്യന്റെ ‘കാമുകൻ’ എന്നിവ. ഇതു രണ്ടും ഒരു കഥ മാത്രമല്ല, വേദനയിൽ നിന്ന് മോചനത്തിലേയ്ക്കുള്ള ഒരു മനസ്സിന്റെ സഞ്ചാരമാണ്. ‘ഡിസംബറിൽ പൂത്ത നക്ഷത്രങ്ങൾ‘ എന്ന ശീർഷകം തന്നെയാണ് ആ കഥയുടെ ആത്മാവ്. പ്രതീക്ഷയേയും ഉയിർത്തെഴുന്നേല്പിനേയും സൂചിപ്പിക്കുന്ന ഡിസംബർ, ഇരുണ്ട ആകാശത്ത് തെളിയുന്ന പ്രത്യാശയുടെ പ്രകാശമായ നക്ഷത്രങ്ങൾ – ഇതേ രൂപകങ്ങൾ തന്നെയാണ് കഥയിലും വർത്തിക്കുന്നത്.
കഥയിലെ കേന്ദ്ര കഥാപാത്രമായ അമ്മയുടെ ഇരുണ്ട അനുഭവങ്ങൾക്കിടയിലും സ്നേഹം തിരികെയെത്തി മാതൃ-പുത്ര ബന്ധം പുനർജീവിക്കുന്നു. കഥയുടെ അന്തർധാരയായി വർത്തിക്കുന്നത് മാതൃത്വം, വിശ്വാസം, കുറ്റബോധം, സാമൂഹിക വിധി, മോചന സാധ്യത എന്നിവയാണ്. കഥയ്ക്ക് ആത്മീയഭാവം നല്കുന്ന ബൈബിൾ സൂചനകൾ, ശക്തമായ ഇമേജറീസ് ഇവയെല്ലാം ഈ എഴുത്തുകാരി അനുവാചക മനസ്സിൽ ദൃശ്യങ്ങൾ സൃഷ്ടിക്കാൻ ക്ഷമതയുള്ള ആളാണ് എന്നതിനെ സാധൂകരിക്കുന്നു.
തനിച്ചാകലിന്റെ വേദന തുടിച്ചു നില്ക്കുന്ന കഥയാണ് ‘കാമുകൻ‘. കേന്ദ്ര കഥാപാത്രത്തിന്റെ ഏകാന്ത ദു:ഖത്തിന്റെ തേങ്ങലുകളാൽ വികാരനിർഭരമായ കഥ. ഗൃഹാന്തരീക്ഷത്തിൽ ഒറ്റപ്പെട്ട ഒരു പെൺ മനസ്സിന്റെ രോദനം വളരെ ശക്തമായി ആവിഷ്കരിക്കുന്ന കഥയാണിത്. കഥയിലെ ‘കാമുകൻ ‘ യഥാർത്ഥത്തിലുള്ള ഒരാൾ അല്ല, മറിച്ച് ഒറ്റപ്പെടലിന്റെ സൃഷ്ടിയായ ഭാവന മാത്രമാണെന്ന തിരിച്ചറിവ് കഥയെ കൂടുതൽ മിഴിവുറ്റതാക്കുന്നു.
ഇവിടെ സ്നേഹത്തണലിൽ ജീവിക്കാനാഗ്രഹിക്കുന്ന സ്ത്രീകഥാപാത്രം തന്നെ സ്നേഹിക്കുന്ന ഒരാളെ സങ്കല്പിച്ചെടുക്കുന്നു. ആ സ്ത്രീ മനസ്സിന്റെ നിശ്ശബ്ദത, അവഗണന സഹിച്ചുകൊണ്ടുള്ള ജീവിതം, സ്വന്തം ലോകം സൃഷ്ടിക്കേണ്ടി വന്ന അവസ്ഥ – ഇതെല്ലാം വളരെ നന്നായി ആവിഷ്കരിക്കാൻ കാഥികനായിട്ടുണ്ട്. ഈ സർഗ്ഗകർത്താവ് വാക്കുകൾ കൊണ്ട് അനുഭവം വിവരിക്കുകയല്ല, മറിച്ച് വാക്കുകളെ തന്നെ അനുഭവങ്ങളാക്കുകയാണ് എന്നതേറെ ശ്രദ്ധേയമാണ്. അനാവശ്യമായ അലങ്കാരങ്ങളൊന്നുമില്ലാതെ കഥയിലെ ദൃശ്യങ്ങളും ലളിതവും എന്നാൽ സ്വാഭാവികവുമായ ഭാഷയും ശക്തമായ ക്ലൈമാക്സും കൊണ്ട് ശ്രദ്ധേയമായ കഥ.
കടൽത്തീരവും സായാഹ്നവും തിരമാലകളുമൊക്കെ ചേർന്ന് ഒരു കാവ്യസ്വഭാവമുള്ള കഥാപരിസരം സൃഷ്ടിക്കുന്ന രചനയാണ് ശ്രീ രവി കൊമ്മേരിയുടെ ‘തിരയിളക്കത്തിൽ‘. കാണുന്നത് യാഥാർത്ഥ്യമോ, അതോ ഉള്ളിലെ തിരയിളക്കങ്ങളോ എന്ന് തീർച്ചപ്പെടുത്താനാവാത്ത ഒരു ഭ്രമാത്മകതയിലേക്ക് നയിക്കുന്ന കഥയാണിത്. കഥയിൽ ദുർബലത എന്നൊരു പ്രശ്നം നിലനില്ക്കുന്നുണ്ടെങ്കിലും പ്രതീകാത്മകമായ രീതിയിലുള്ള ദൃശ്യവിവരണങ്ങൾ ഏറെ ശക്തമാണ്. ഇവിടെ സംഭവാധിഷ്ഠിതമായ കഥാത്മക വളർച്ചയെക്കാൾ മുൻതൂക്കം അനുഭവം, അന്തരീക്ഷം, ഉൾക്കാഴ്ച എന്നിവയ്ക്കാണ്.
ഈ സമാഹാരത്തിലെ ഓരോ കൃതിയും ജീവിത യാഥാർത്ഥ്യങ്ങൾക്കു നേരേ പിടിച്ച കണ്ണാടിയാണ്. ജീവിതാനുഭവങ്ങളുടെ ആഖ്യാന സ്വരം മുഴങ്ങുന്ന ഈ സർഗ്ഗ സമാഹാരം ജീവിത ഭാവങ്ങളുടെ വൈവിദ്ധ്യങ്ങളേയും അഗാധതകളേയും സൂക്ഷ്മ ചലനങ്ങളേയും കലാമയമാക്കി പ്രകാശിപ്പിക്കുന്ന രചനകളുടെ ഒരു ഋതുപ്പിറവിയാണ്. ഇതിലെ സർഗ്ഗ കർത്താക്കളായ ‘മലയാളി മനസ്സ്’ ഓൺലൈൻ പത്രത്തിന്റെ 19 സർഗ്ഗവ്യക്തിത്വങ്ങൾക്കും മലയാള സാഹിത്യ ചരിത്രത്തിൽ തങ്ങളുടേതായ ഇടം കണ്ടെത്താനാവട്ടെ!
ഡോ. രാധ കയറാട്ട്

