Saturday, May 2, 2026
Home » “സിംഗപ്പൂരിൽ ഉത്തപ്പം കഴിക്കുമ്പോൾ… കൊച്ചിയിലേക്ക് പോയ വിമാനം!”
"സിംഗപ്പൂരിൽ ഉത്തപ്പം കഴിക്കുമ്പോൾ… കൊച്ചിയിലേക്ക് പോയ വിമാനം!"

“സിംഗപ്പൂരിൽ ഉത്തപ്പം കഴിക്കുമ്പോൾ… കൊച്ചിയിലേക്ക് പോയ വിമാനം!”

by Editor

ഏപ്രിൽ 22. പുലർച്ചെ 5.15. ഉറക്കത്തിന്റെ മധുരം ഇനിയും കണ്ണിന്റെ കോണുകളിൽ ഒട്ടിക്കിടക്കുന്ന സമയത്ത്, “ഊബർ എത്തിയിട്ടുണ്ട്” എന്നൊരു സന്ദേശം. പ്രിയമുള്ളവൾ ബുക്ക് ചെയ്ത് തന്ന കാറ് – അതും ആദ്യമായി ഒരു ഫുൾ ഇലക്ട്രിക് കാർ! ടെസ്ലയിൽ കയറുമ്പോൾ തന്നെ ഒരു ചെറിയ ഗൗരവം തോന്നി; “ഇന്ന് യാത്ര ഒന്ന് സ്റ്റൈലിലാണ്” എന്നൊരു ഉള്ളിലൊളിച്ച പുഞ്ചിരി.

ഡ്രൈവർ ഒരു ഓസ്ട്രേലിയൻ ചൈനീസാണ് എന്ന് അദ്ദേഹത്തോട് ഇംഗ്ലീഷിൽ സംസാരിച്ചപ്പോൾ ഞാൻ, മനസ്സിലാക്കിയത് ഇരുവരും—ഇതായിരുന്നു തുടക്കം. ഗൾഫ് യുദ്ധം മുതൽ ലോക രാഷ്ട്രീയാവസ്ഥ വരെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ, നമ്മുടെ രാജ്യമെന്നോണം ജനസംഖ്യയുടെ ശക്തിയെ കുറിച്ച് പറഞ്ഞ് ഞാൻ ഒരു “വിശകലന വിദഗ്ധൻ” പോലെ തന്നെ തോന്നി. അതുവരെ എടക്കുളം എയർപോർട്ട് എത്തി കഴിഞ്ഞിരുന്നു!

9.15-ന് സിംഗപ്പൂർ എയർലൈൻസിൽ യാത്ര. അതിന് മുൻപുള്ള പതിവ് – പെട്ടി പൊതിയൽ, പെട്ടി തൂക്കം നോക്കൽ, മനസ്സിൽ ചെറിയ ടെൻഷൻ. ഇതെല്ലാം കഴിഞ്ഞ് പ്രഭാത ഭക്ഷണത്തിനായി മക്‌ഡൊണാൾഡ്സിലേക്ക്. “യാത്രക്ക് മുമ്പ് ഒന്നുകിൽ വയറും മനസ്സും നിറയണം” എന്നൊരു വിശ്വാസം.

ഇമിഗ്രേഷൻ കഴിഞ്ഞ് ഉള്ളിൽ കയറി ഗേറ്റ് 20-ൽ കാത്തിരിക്കുമ്പോൾ, പതിവുപോലെ ഒരു പ്രഖ്യാപനം—“ഗേറ്റ് മാറ്റിയിരിക്കുന്നു, ഇനി ഗേറ്റ് 5.” അപ്പോൾ മനസ്സിലായി, യാത്രയിൽ ചെറിയ ഓട്ടപ്പായകൾ ഇല്ലെങ്കിൽ രസം കുറയും!

ഈ യാത്രയിൽ മനസ്സിൽ ഒരു ലക്ഷ്യം മാത്രം – കോരപ്പത്ത് തറവാട് കുടുംബസമിതിയുടെ സർപ്പതുള്ളലിൽ “കളത്തിൽ കമൽ” എന്ന സ്ഥാനത്ത് നിൽക്കണം. അതിനായി മനസ്സിനെ തയ്യാറാക്കണം. അതുകൊണ്ട് തന്നെ ഭക്ഷണത്തിൽ ചെറിയ നിയന്ത്രണം – “ഇന്ന് മുതൽ സസ്യാഹാരം മാത്രം!” എന്ന് ഞാൻ തന്നെ തീരുമാനിച്ചു.

എന്നാൽ വിമാനത്തിൽ കിട്ടുന്ന ഭക്ഷണം? “ഇത് ഒഴിവാക്കാൻ പറ്റില്ലല്ലോ!” എന്ന് പറഞ്ഞ് എല്ലാം വാങ്ങി കഴിച്ചു. യാത്ര നീളുന്നിടത്തോളം മൂന്ന് സിനിമകൾ കണ്ടു. അവസാനമായി കണ്ട Rental Family (2025) എന്ന സിനിമ മനസ്സിൽ പതിഞ്ഞു. മനുഷ്യരുടെ ഏകാന്തതയും ബന്ധങ്ങളുടെ വിലയും അത്ര ലളിതമായി പറഞ്ഞ സിനിമ – വിമാനയാത്രയേക്കാൾ ദൈർഘ്യമുള്ള ഒരു ചിന്തയാത്ര സമ്മാനിച്ചു.

സിംഗപ്പൂരിൽ ഇറങ്ങി. അടുത്ത വിമാനം കൊച്ചിയിലേക്ക്. ഇടയ്ക്ക് കുറച്ച് സമയം – “കറങ്ങാം” എന്ന് തീരുമാനിച്ചു. ഫോൺ വിളികളും വായനോട്ടവും കഴിഞ്ഞ്, “കാവേരി”യിൽ കയറി ഉത്തപ്പം, പൊങ്കൽ, വട, മാസാല ടീ – പുലർച്ചെ മുതൽ ഉള്ള വിശപ്പിനും മനസ്സിനും ഒരു ആഘോഷം തന്നെ.

അങ്ങനെ ചെക്ക്-ഇൻ ചെയ്യാൻ പോയപ്പോൾ, ജീവിതത്തിലെ ചെറിയ ട്വിസ്റ്റ് – “നിങ്ങളുടെ ഫ്ലൈറ്റ് രണ്ട് മണിക്കൂർ മുമ്പ് പോയി.”

ആ വാക്കുകൾ കേട്ട നിമിഷം, ഉള്ളിൽ ഒന്ന് ശൂന്യമായി. “ഇനി എന്ത്?”

സ്റ്റാഫ് പറഞ്ഞു – “ട്രാൻസിറ്റ് കൗണ്ടർ A-യിൽ പോകൂ, ശ്രമിക്കാം.”
പിന്നെ ഞാൻ ഓടിയത് ഒളിമ്പിക്സിൽ പങ്കെടുക്കുന്നവനെപ്പോലെ! കൗണ്ടറിൽ എത്തി, എന്റെ ഇംഗ്ലീഷും, എന്റെ മുഖഭാവവും, എന്റെ ആശങ്കയും – എല്ലാം ഒരുമിച്ച് അവതരിപ്പിച്ചു.

അവർ പറഞ്ഞു: “ഇപ്പോൾ പോകുന്ന ഫ്ലൈറ്റിൽ പോകാം… പക്ഷേ ലഗേജ് ഉറപ്പില്ല.”

അപ്പോഴാണ് ബോംബെയിൽ നിന്ന് വരുന്ന അച്ഛനും പെങ്ങളും ഓർമ്മ വന്നത്. അവർ എയർപോർട്ടിൽ കാത്തിരിക്കുമല്ലോ… ഒരുമിച്ച് നാട്ടിലേക്ക് പോകാമെന്ന് കരുതിയിരുന്ന ആ ചെറിയ സന്തോഷം.
അവരെ വിളിച്ച് പറഞ്ഞു – “കുറച്ച് വൈകും…”

അവസാനം എല്ലാ ഡോക്യുമെന്റുകളും ശരിയായതിനാൽ എളുപ്പത്തിൽ ക്ലിയർ ആയി. ഇടയ്ക്ക് ഡ്യൂട്ടി ഫ്രീയിൽ നിന്ന് “അത്യാവശ്യ” കുപ്പിയും ചോക്കലേറ്റും വാങ്ങാനും മറന്നില്ല – യാത്രയുടെ ഒരു നിയമം തന്നെയല്ലേ അത്!

കൊച്ചിയിൽ എത്തി.
“എത്തി” എന്നൊരു സന്ദേശം അയച്ചതോടെ, കണ്ണേട്ടനും മേളയും കാറുമായി എത്തി.
രാത്രി നീളുന്നു, കഥകൾ നീളുന്നു… ഒടുവിൽ പുലർച്ചെ 3 മണിക്ക് തിരുവില്വാമലയിലെ വീട്ടിൽ എത്തി.

കിടന്നത് മാത്രം ഓർമ്മ…
അടുത്ത ദിവസം തുടങ്ങുന്ന മറ്റൊരു കഥയ്ക്ക് മുൻപ്, ഈ യാത്രയുടെ അവസാന പേജ് അവിടെ അടഞ്ഞു.

ഉണ്ണിസാൻ

Send your news and Advertisements

You may also like

error: Content is protected !!