ന്യൂഡൽഹി: വോട്ടെണ്ണൽ ഡ്യൂട്ടിക്കായി കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെയും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയും വിന്യസിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനത്തിന് സുപ്രീം കോടതിയുടെ അംഗീകാരം. കമ്മീഷൻ്റെ നീക്കം നിയമവിരുദ്ധമാണെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് സമർപ്പിച്ച ഹർജി കോടതി തള്ളി. തൃണമൂൽ കോൺഗ്രസിന്റെ ഹർജി പരിഗണിക്കാൻ പ്രത്യേക സിറ്റിംഗ് നടത്തിയ കോടതി തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലർ ചട്ടവിരുദ്ധമല്ലെന്ന് ചൂണ്ടിക്കാട്ടി. അതേസമയം ബംഗാളിൽ 15 ബൂത്തുകളിൽ റീപോളിംഗ് പുരോഗമിക്കുകയാണ്.
നേരത്തെ കൽക്കട്ട ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് അടിയന്തര ഇടപെടലാവശ്യപ്പെട്ട് ടിഎംസി സുപ്രീം കോടതിയിലെത്തിയത്. വോട്ടെണ്ണൽ നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ നിരീക്ഷകരായി കേന്ദ്രസർക്കാർ നോമിനിയും സംസ്ഥാനത്തെ ഉദ്യോഗസ്ഥരുമുള്ളപ്പോൾ കൂടുതൽ കേന്ദ്രസർക്കാർ ജീവനക്കാരെ നിയമിക്കേണ്ടതില്ലെന്നാണ് ടിഎംസി വാദിച്ചത്. എന്നാൽ ഓരോ കൗണ്ടിംഗ് ടേബിളിലും രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുമാരില്ലേയെന്ന് ചോദിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ താൽപര്യം പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.

