കൊൽക്കത്ത: വോട്ടെണ്ണൽ ഡ്യൂട്ടിയിൽ കേന്ദ്ര ജീവനക്കാരെ നിയമിച്ചതിൽ പ്രതിഷേധിച്ചു തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പരാതിയുമായി തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ. മെയ് നാലിന് നടക്കുന്ന വോട്ടെണ്ണലിൽ സൂപ്പർവൈസർമാരായും അസിസ്റ്റൻ്റുമാരായും കേന്ദ്ര സർക്കാർ, പൊതുമേഖലാ ജീവനക്കാരെ ചുമതലപ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് എതിരെയാണ് തൃണമൂൽ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്.
വോട്ടെണ്ണൽ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഹർജി ഇന്ന് അടിയന്തരമായി പരിഗണിക്കണമെന്ന് ടിഎംസി ആവശ്യപ്പെട്ടു. ഓരോ വോട്ടെണ്ണൽ ടേബിളിലും കുറഞ്ഞത് ഒരു കേന്ദ്ര സർക്കാർ ജീവനക്കാരനെയെങ്കിലും സൂപ്പർ വൈസറായി നിയമിക്കണമെന്ന് ബംഗാൾ അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ പുറപ്പെടുവിച്ച ഉത്തരവാണ് തർക്കത്തിന് കാരണം. ഇത്തരം നിർദേശങ്ങൾ പുറപ്പെടുവിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രമേ അധികാരമുള്ളൂവെന്നും അഡീഷണൽ സിഇഒയ്ക്ക് ഇതിനുള്ള അവകാശമില്ലെന്നുമാണ് തൃണമൂലിന്റെ വാദം.
കേന്ദ്ര ജീവനക്കാരുടെ സാന്നിധ്യം വോട്ടെണ്ണൽ പ്രക്രിയയിൽ രാഷ്ട്രീയമായ ഇടപെടലുകൾക്ക് കാരണമായേക്കുമെന്ന് മമത ബാനർജി ആശങ്ക പ്രകടിപ്പിച്ചു. ബംഗാളിൻ്റെ ഭൂമിശാസ്ത്രവും രാഷ്ട്രീയ സാഹചര്യങ്ങളും അറിയാത്ത പുറത്ത് നിന്നുള്ള ഉദ്യോഗസ്ഥരെയും പൊലീസ് സേനയെയും വിന്യസിക്കുന്നത് ടിഎംസി പ്രവർത്തകരെ ലക്ഷ്യം വെച്ചാണെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. സംസ്ഥാനത്തെ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെയുണ്ടായ സംഘർഷങ്ങൾക്കിടയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ടിഎംസി നിയമപോരാട്ടം ശക്തമാക്കുന്നത്.
തൃണമൂൽ കോൺഗ്രസിന്റെ ഈ വാദങ്ങൾ കൽക്കട്ട ഹൈക്കോടതി തള്ളിയിരുന്നു. കേന്ദ്ര- സംസ്ഥാന ജീവനക്കാരെ നിയമിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷന് ഉണ്ടെന്ന് വ്യക്തമാക്കിയായിരുന്നു ഹൈക്കോടതിയുടെ നടപടി. ഇതിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.
West Bengal Election: More Details >>
ക്രമക്കേടുകള്‍ കണ്ടെത്തിയ മണ്ഡലങ്ങളില്‍ ഇന്ന് വീണ്ടും പോളിംഗ്; കനത്ത സുരക്ഷ.
പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനിടെ ക്രമക്കേടുകള്‍ കണ്ടെത്തിയ മണ്ഡലങ്ങളില്‍ ഇന്ന് പുനര്‍പോളിംഗ് നടക്കും. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ മഗ്രാഹട്ട് വെസ്റ്റ്, ഡയമണ്ട് ഹാര്‍ബര്‍ എന്നീ മണ്ഡലങ്ങളിലെ 15 ബൂത്തുകളിലാണ് ഇന്ന് (മെയ് 2) വീണ്ടും വോട്ടെടുപ്പ് നടക്കുക. തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപിയുടെ വോട്ടുകള്‍ തടയാനും ക്രമക്കേട് നടത്താനും ശ്രമിച്ചുവെന്ന ആരോപണം ഉയന്നിരുന്നു. ഏപ്രില്‍ 29-ന് നടന്ന വോട്ടെടുപ്പിനിടെ പലയിടങ്ങളിലും ബിജെപിയുടെ താമര ചിഹ്നത്തിന് മുകളില്‍ ടേപ്പ് ഒട്ടിച്ച് മറച്ചതായും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയതായും ബിജെപി പരാതി നല്‍കിയിരുന്നു.
പുനര്‍പോളിംഗ് നടക്കുന്ന 15 ബൂത്തുകളിലും കേന്ദ്ര സേനയുടെ കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പിലെ സുതാര്യത ഉറപ്പാക്കാന്‍ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തി. ഇന്ന് രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള തൃണമൂലിന്റെ ‘ഗുണ്ടായിസത്തിന്’ കമ്മീഷന്‍ നല്‍കിയ കനത്ത പ്രഹരമാണിതെന്ന് ബിജെപി നേതൃത്വം പ്രതികരിച്ചു.

