Friday, July 31, 2026
Home » സീറോ-മലബാർ കൾച്ചറൽ ഹെറിറ്റേജ് എക്സിബിഷൻ പെർത്ത് 2026 സമാപിച്ചു
സീറോ-മലബാർ കൾച്ചറൽ ഹെറിറ്റേജ് എക്സിബിഷൻ പെർത്ത് 2026 സമാപിച്ചു

സീറോ-മലബാർ കൾച്ചറൽ ഹെറിറ്റേജ് എക്സിബിഷൻ പെർത്ത് 2026 സമാപിച്ചു

by Editor

പെർത്ത്: ഓസ്ട്രേലിയയിലെ പെർത്ത് ഓറഞ്ച് ഗ്രോവിലുള്ള സെൻ്റ് ജോസഫ് സീറോ-മലബാർ ഇടവകങ്കണത്തിൽ സംഘടിപ്പിച്ച കൾച്ചറൽ ആൻഡ് ഹെറിറ്റേജ് എക്‌സിബിഷൻ സമാപിച്ചു. വിശുദ്ധ തോമാശ്ലീഹായിൽ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വളർന്ന സീറോ-മലബാർ സഭയുടെ പാരമ്പര്യവും ചരിത്രവും വിശ്വാസവഴികളും അടയാളപ്പെടുത്തുന്നതായിരുന്നു പ്രദർശനം. കത്തോലിക്കാ കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ ഇടവകയിലെ വിവിധ മിനിസ്ട്രികളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മെൽബൺ സീറോ മലബാർ രൂപത മെത്രാൻ മാർ ജോൺ പനംതോട്ടത്തിൽ എക്സിബിഷൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ജൂലൈ 24 മുതൽ 26 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പ്രദർശനം, മാതാപിതാക്കളുടെയും കുട്ടികളുടെയും പ്രത്യേക അഭ്യർത്ഥനയെ തുടർന്ന് പിന്നീട് നീട്ടി ജൂലൈ 29-നാണ് സമാപിച്ചത്. ചടങ്ങിൽ സ്പോൺസർമാരെ ആദരിച്ചു.

ഏഴ് സോണുകളിലായിട്ടാണ് പ്രദർശനം ക്രമീകരിച്ചിരുന്നത്. തോമാശ്ലീഹായുടെ കേരളത്തിലേക്കുള്ള വരവ്, അക്കാലത്തെ വ്യാപാര റൂട്ടുകൾ, മൈലാപൂരിലെ കബറിട മാതൃക എന്നിവ ഒന്നാമത്തെ സ്റ്റോളിൽ അവതരിപ്പിച്ചു. വിശുദ്ധ തോമാശ്ലീഹായുടെ കാലം മുതൽ ഇതുവരെയുള്ള സഭയുടെ ചരിത്രവഴികളും വിശ്വാസ വളർച്ചയും രണ്ടും മൂന്നും സ്റ്റോളുകളിൽ വ്യക്തമാക്കപ്പെട്ടു. സഭയുടെ തനതായ കലാസാംസ്‌കാരിക പൈതൃകവും കേരളത്തിൻ്റെ സാമൂഹിക, വിദ്യാഭ്യാസ, വ്യവസായ മേഖലകൾക്ക് സഭ നൽകിയ സംഭാവനകളും നാലും അഞ്ചും സ്റ്റോളുകളിൽ പ്രദർശിപ്പിച്ചു. വിശുദ്ധരുടെ തിരുശേഷിപ്പുകളും ഓസ്ട്രേലിയയിലെ സഭയുടെ വളർച്ചയും അവസാന സ്റ്റോളുകളിൽ ഉൾപ്പെടുത്തി. ഇടവകയിലെ വിവിധ മിനിസ്ട്രികൾക്കായിരുന്നു ഓരോ സോണിൻ്റെയും ചുമതല.

ഓസ്ട്രേലിയയിൽ ജനിച്ചു വളർന്ന പുതിയ തലമുറയ്ക്ക് പരിചിതമല്ലാത്ത പഴയകാല കാളവണ്ടി, പാളത്തൊപ്പി, കിണർ, ഗ്രാമീണ രീതിയിലുള്ള ചായക്കട, ഹെർമൻ ഗുണ്ടർട്ട് കണ്ടുപിടിച്ച അച്ചടിയന്ത്രത്തിന്റെ പുനരാവിഷ്കാരം, മാന്നാനത്തെ ആദ്യ സ്‌കൂളിൻ്റെ മാതൃക, മലഞ്ചരക്ക് കട, പഴയകാല ക്രിസ്ത‌്യൻ വീടുകൾ, കൂനൻ കുരിശു സത്യഗ്രഹത്തിൻ്റെ മാതൃക എന്നിവ കുട്ടികളിൽ ഏറെ കൗതുകമുണർത്തി.

യുവതലമുറ ചരിത്രവും പാരമ്പര്യവും സംസ്‌കാരവും മനസിലാക്കിയാൽ മാത്രമേ അവർക്ക് സഭയോട് സ്നേഹവും ഐക്യവും ഉണ്ടാകുകയുള്ളൂവെന്ന് മാർ ജോൺ പനംതോട്ടത്തിൽ പറഞ്ഞു. “നിങ്ങളുടെ ചരിത്രം അറിയാവുന്നത് കൊണ്ട് ഞാൻ നിങ്ങളുടെ സഭയെ സ്നേഹിക്കുന്നു” എന്ന കാർഡിനൽ യൂജിൻ ടെസറാന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് കുട്ടികളിൽ സഭാസ്നേഹവും വേരുകളും വളർത്താൻ ഇത്തരം പ്രദർശനങ്ങൾ ഏറെ സഹായിക്കുമെന്ന് മാർ ജോൺ പനംതോട്ടത്തിൽ കൂട്ടിച്ചേർത്തു. 2026 ‘സീറോ മലബാർ കമ്മ്യൂണിറ്റി എംപവർമെൻ്റ് ഇയർ’ ആയി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മാർ ജോൺ പനംതോട്ടത്തിൽ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വിദേശങ്ങളിലേക്ക് കുടിയേറുമ്പോൾ സഭാംഗങ്ങൾ ചിതറിപ്പോകാനും മാതൃസഭയുമായുള്ള ബന്ധം നഷ്ടപ്പെടാനുമുള്ള സാധ്യതയുണ്ടെന്നും മാർ ജോൺ പനംതോട്ടത്തിൽ ചൂണ്ടിക്കാട്ടി.

ചടങ്ങിൽ ഇടവക വികാരി ഫാദർ അജിത് ചേരിയെക്കര, അസിസ്റ്റൻ്റ് വികാരി ഫാദർ ജിതിൻ ജോയ്എന്നിവർ ആശംസകൾ അർപ്പിച്ചു. എക്‌സിബിഷൻ കോർഡിനേറ്ററും കാത്തലിക് കോൺഗ്രസ് നാഷണൽ പ്രസിഡന്റുമായ പ്രകാശ് ജോസഫ് സ്വാഗതം ആശംസിച്ചു. ട്രസ്റ്റി അഗസ്റ്റിൻ തോമസ് നന്ദി പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!