ന്യൂ ഡൽഹി: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ കാര്യങ്ങൾക്കുള്ള കാബിനറ്റ് കമ്മിറ്റി (സി സി എസ്) പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതിഗതികളും വിവിധ മന്ത്രാലയങ്ങൾ സ്വീകരിച്ച നടപടികളും അവലോകനം ചെയ്തു. വിഷയത്തിൽ ചേരുന്ന നാലാമത്തെ പ്രത്യേക സി സി എസ്. യോഗമാണിത്. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും എൽ പി ജി, എൽ എൻ ജി, പെട്രോളിയം ഉൽപ്പന്നങ്ങളുടെ ലഭ്യത, വളം തുടങ്ങിയ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും കാബിനറ്റ് സെക്രട്ടറി യോഗത്തിൽ വിശദീകരിച്ചു.
സംഘർഷ മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് അടിയന്തര സഹായവും വിവരങ്ങളും നൽകാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വിദേശത്തുള്ള ഇന്ത്യൻ സമൂഹത്തിന്റെയും പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാനും നിർദ്ദേശമുണ്ട്. ഊർജ്ജസ്വയംപര്യാപ്തത കൈവരിക്കുന്നതിന് സൗരോർജ്ജം ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾക്ക് കൂടുതൽ ഊന്നൽ നൽകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിസന്ധി നേരിടാൻ മുഴുവൻ സർക്കാർ സംവിധാനങ്ങളും സംയോജിതമായി പ്രവർത്തിക്കണമെന്നും സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കുന്നതിനായി ഏകോപിത സംവിധാനം സജ്ജമാക്കണമെന്നും യോഗത്തിൽ പ്രധാനമന്ത്രി നിർദ്ദേശിച്ചു.
ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ധനമന്ത്രി നിർമ്മല സീതാരാമൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുൾപ്പെടെ കേന്ദ്ര മന്ത്രിസഭയിലെ പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോണോവാൾ, വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.
കുവൈറ്റിൽ ചൈനീസ് കമ്പനിയുടെ കെട്ടിടത്തിന് നേരെ ഇറാൻ ആക്രമണം; ഒരു മരണം

