വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ടെഹ്‌റാൻ സമർപ്പിച്ച പുതിയ സമാധാന നിർദ്ദേശങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാൻ മുന്നോട്ടുവെച്ച പുതിയ സമാധാന നിർദ്ദേശങ്ങൾ തനിക്ക് തൃപ്തികരമല്ലെന്നും അവർ അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് ആവശ്യപ്പെടുന്നതെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
ഫെബ്രുവരിയിൽ ആരംഭിച്ച സംഘർഷങ്ങൾ (Operation Epic Fury) ഇപ്പോൾ അവസാനിച്ചിരിക്കുകയാണെന്ന് ട്രംപ് കോൺഗ്രസിനെ അറിയിച്ചു. ഏപ്രിൽ 7 മുതൽ വെടിനിർത്തൽ നിലവിലുള്ളതിനാൽ സൈനിക നടപടികൾ തുടരാൻ കോൺഗ്രസിന്റെ പ്രത്യേക അനുമതി ആവശ്യമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. യുദ്ധം തുടരുന്നതിന് കോൺഗ്രസിന്‍റെ അനുമതി തേടില്ലെന്ന സൂചനയും പ്രസിഡന്‍റ് നൽകി. യുദ്ധം തുടങ്ങി 60 ദിവസത്തിനകം പാർലമെന്‍റിന്‍റെ അനുമതി വാങ്ങണമെന്ന 1973-ലെ ‘വാർ പവേഴ്‌സ് റെസല്യൂഷൻ’ ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ട്രംപിന്റെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കുകയാണ്.
ഇറാൻ ഭരണകൂടത്തിനുള്ളിൽ തന്നെ മൂന്നും നാലും ഗ്രൂപ്പുകളായി തിരിഞ്ഞ് കടുത്ത അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ഇത്തരമൊരു ‘ചിതറിക്കിടക്കുന്ന’ നേതൃത്വത്തിന് കൃത്യമായ ഒരു തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും ട്രംപ് പരിഹസിച്ചു. ഇറാനുമായുള്ള വിഷയത്തിൽ തന്‍റെ മുന്നിൽ ഇനി രണ്ട് വഴികൾ മാത്രമേയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ഒന്നുകിൽ ശക്തമായ സൈനിക നടപടിയിലൂടെ അവരെ എന്നെന്നേക്കുമായി തകർക്കുക, അല്ലെങ്കിൽ ഒരു കരാറിലെത്തുക. ബോംബാക്രമണം പുനരാരംഭിക്കാൻ തനിക്ക് വ്യക്തിപരമായി താൽപ്പര്യമില്ലെങ്കിലും, യുഎസ് സെൻട്രൽ കമാൻഡിൽ നിന്ന് സൈനിക നീക്കങ്ങൾക്കുള്ള പുതിയ പ്ലാനുകൾ താൻ സ്വീകരിച്ചിട്ടുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തി.
യുദ്ധം അവസാനിച്ചുവെന്ന് അവകാശപ്പെടുമ്പോഴും ഇറാന്റെ തുറമുഖങ്ങൾക്കെതിരായ നാവിക ഉപരോധം അമേരിക്ക തുടരുകയാണ്. ആണവ പരിപാടി പൂർണ്ണമായും അവസാനിപ്പിക്കാതെ ഉപരോധം പിൻവലിക്കില്ലെന്ന് ട്രംപ് ആവർത്തിച്ചു.
ആയിരക്കണക്കിന് ടൺ ആയുധങ്ങൾ ഇസ്രയേലിലേക്കെത്തിച്ചു
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അമേരിക്കയിൽ നിന്ന് 6,500 ടൺ ആയുധങ്ങളും സൈനിക സാമഗ്രികളും ഇസ്രയേലിലെത്തിച്ചതായി പുറത്തു വരുന്ന റിപ്പോർട്ടുകൾ ഇറാനെതിരായ വെടിനിർത്തൽ അവസാനിപ്പിച്ച് യുദ്ധം പുനരാരംഭിക്കാൻ അമേരിക്ക ഒരുങ്ങുന്നതായുള്ള സൂചനയാണ്. രണ്ട് വലിയ ചരക്കുകപ്പലുകളിലും നിരവധി വിമാനങ്ങളിലുമായാണ് ഈ ആയുധങ്ങൾ എത്തിച്ചത്. അഷ്‌ദോഡ്, ഹൈഫ തുറമുഖങ്ങളിലാണ് കപ്പലുകൾ അടുത്തത്. വ്യോമ-കര യുദ്ധങ്ങൾക്കാവശ്യമായ ആയിരക്കണക്കിന് വെടിക്കോപ്പുകൾ, സൈനിക ട്രക്കുകൾ, സംരക്ഷിത സൈനിക വാഹനങ്ങൾ എന്നിവയാണ് ഈ ശേഖരത്തിലുള്ളത്.
ഇറാനെ ചർച്ചയ്ക്ക് നിർബന്ധിതരാക്കാൻ പാകത്തിൽ ‘ചെറുതും എന്നാൽ ശക്തവുമായ’ ആക്രമണം നടത്താനാണ് യുഎസ് സെൻട്രൽ കമാൻഡ് ലക്ഷ്യമിടുന്നത്. വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ സ്വീകരിക്കേണ്ട ശക്തമായ സൈനിക നീക്കങ്ങൾക്കുള്ള മുന്നൊരുക്കമായാണ് ഇസ്രയേൽ പ്രതിരോധ മന്ത്രാലയം ഈ ആയുധശേഖരത്തെ കാണുന്നത്.
ഹോർമുസ് കടലിടുക്കിന്റെ ഒരു ഭാഗം പിടിച്ചെടുത്ത് കപ്പൽ ഗതാഗതം നിയന്ത്രിക്കാനും ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈക്കലാക്കാനും അമേരിക്കയ്ക്ക് പദ്ധതിയുണ്ട്. എന്നാൽ ഇത്തരം നീക്കങ്ങൾ നേരിട്ടുള്ള കരയുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നും അത് മേഖലയിൽ വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സൈനിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

