Friday, July 31, 2026
Home » ജെയ്‌ഷെ മുഹമ്മദ് ഭീകരൻ ഹാമിദ് മണ്ഡൽ അറസ്റ്റിൽ.

ജെയ്‌ഷെ മുഹമ്മദ് ഭീകരൻ ഹാമിദ് മണ്ഡൽ അറസ്റ്റിൽ.

by Editor

കൊൽക്കത്ത: നിരോധിച്ച ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ (JeM) സജീവ പ്രവർത്തകനായ ഹാമിദ് മണ്ഡലിനെ പശ്ചിമ ബംഗാൾ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (STF) അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ബർധമാൻ ജില്ലയിലുള്ള റിനൈസൻസ് ഹൗസിംഗ് കോംപ്ലക്സിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ സുരക്ഷാ സേന പിടികൂടിയത്.

2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായ സജ്ജാദ് ഭട്ടിന്റെ അടുത്ത അനുയായിയാണ് ഹാമിദ് മണ്ഡൽ എന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. മാസങ്ങളായുള്ള നിരീക്ഷണങ്ങൾക്കൊടുവിലാണ് ബംഗാൾ എസ്‌ടിഎഫ് ഈ നിർണായക അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയുടെ പക്കൽനിന്നും പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ യാത്രാ വിവരങ്ങൾ, സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട രേഖകൾ, ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തതായി അന്വേഷണസംഘം അറിയിച്ചു. ഈ വിവരങ്ങൾ എങ്ങനെ ശേഖരിച്ചുവെന്നും മറ്റാരൊക്കെയാണ് ശൃംഖലയിലുള്ളതെന്നും പരിശോധിച്ചുവരികയാണ്.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിയെ ലക്ഷ്യമിട്ട് ആക്രമണത്തിന് പദ്ധതിയിട്ടതായും സംശയമുണ്ട്. ഹാമിദ് മണ്ഡലിൻ്റെ ഭീകരസംഘടനാ ബന്ധങ്ങൾ, സാമ്പത്തിക ഇടപാടുകൾ, ആശയവിനിമയ ശൃംഖല, സംസ്ഥാനത്തിന് പുറത്തുള്ള ബന്ധങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ദേശീയ സുരക്ഷാ ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ കൂടുതൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അന്വേഷണവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. രാജ്യസുരക്ഷയെ മുൻനിർത്തി ദേശീയ സുരക്ഷാ ഏജൻസികളും (NIA) ഈ ഭീകര ശൃംഖലയെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!