ന്യൂ ഡൽഹി: രാജ്യവ്യാപകമായി മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം കേന്ദ്ര സർക്കാർ പരീക്ഷിച്ചു. കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് കീഴിലുള്ള ഗവേഷണ സ്ഥാപനമായ ‘സി-ഡോട്ട്’ വികസിപ്പിച്ചെടുത്ത അത്യാധുനിക പ്ലാറ്റ്‌ഫോമാണ് ‘സചേത്‘. പ്രകൃതി ദുരന്തങ്ങൾ പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾക്ക് വേഗത്തിൽ മുന്നറിയിപ്പ് നൽകാനാണ് ഈ സംവിധാനം. ദുരന്തനിവാരണ അതോറിറ്റിയും (NDMA) ടെലികോം വകുപ്പും ചേർന്നാണ് ഈ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ചേർന്നാണ് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
സാധാരണ വാട്‌സാപ്പ് സന്ദേശങ്ങൾക്കോ എസ്.എം.എസുകൾക്കോ അപ്പുറം, സെക്കൻഡുകൾക്കുള്ളിൽ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് ഒരേസമയം വിവരമെത്തിക്കുന്ന സംവിധാനമാണിത്. ‘എക്‌സ്ട്രീമിലി സിവിയർ അലേർട്ട്’ എന്ന് സ്ക്രീനിൽ തെളിയുന്ന ഈ മുന്നറിയിപ്പ് ഒരു പ്രത്യാഘാതവും ഉണ്ടാക്കുന്നതല്ല. പലരെയും അതിശയിപ്പിച്ചത് സിം കാർഡ് ഇല്ലാത്ത പഴയ ഫോണുകളിലും ഈ അലാറം മുഴങ്ങി എന്നതാണ്. ഇതിൻ്റെ പിന്നിലെ സാങ്കേതിക വിദ്യ ലളിതമാണ്. എഫ്.എം റേഡിയോ കേൾക്കാൻ സിം കാർഡ് വേണ്ടാത്തതുപോലെ, മൊബൈൽ ടവറുകൾ നൽകുന്ന സിഗ്‌നലുകൾ സ്വീകരിക്കാൻ ഫോണിൻ്റെ ആൻ്റിനയ്ക്ക് കഴിയും. ഫോൺ സ്വിച്ച് ഓൺ ആയിരിക്കുകയും ഏതെങ്കിലും മൊബൈൽ ടവറിൻ്റെ പരിധിയിൽ ആയിരിക്കുകയും ചെയ്‌താൽ ഈ സന്ദേശം ലഭിക്കും. സിം കാർഡ് എന്നത് വിളിക്കാനുള്ള ഐഡൻ്റിറ്റി മാത്രമാണ്, സിഗ്‌നൽ സ്വീകരിക്കാൻ അത് നിർബന്ധമില്ല.
വളരെ പഴയ മോഡൽ ഫോണുകളിൽ ഈ സാങ്കേതികവിദ്യ പ്രവർത്തിക്കണമെന്നില്ല. ഫോണിലെ ‘വയർലെസ് എമർജൻസി അലേർട്ട്’ എന്ന സെറ്റിംഗ് ഓഫ് ആണെങ്കിൽ സന്ദേശം വരില്ല. ഫോൺ ഓഫ് ചെയ്യുകയോ എയർപ്ലെയിൻ മോഡിൽ ഇടുകയോ ചെയ്‌താൽ ടവറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടും. വിവിധ ടെലികോം സർക്കിളുകളിൽ വ്യത്യസ്‌ത സമയങ്ങളിലായാണ് ട്രയൽ നടക്കുന്നത്.
ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ അപകടസാധ്യതയുള്ള സമയങ്ങളിൽ നിങ്ങളുടെ മൊബൈൽ ഫോണിലേക്ക് ഈ അലർട്ടുകൾ നേരിട്ട് എത്തും. ഫോൺ സൈലന്റ് മോഡിലാണെങ്കിൽ പോലും ഉച്ചത്തിലുള്ള ശബ്ദത്തോടും വൈബ്രേഷനോടും കൂടിയായിരിക്കും ഈ സന്ദേശം ലഭിക്കുക. ഇത് സന്ദേശങ്ങൾ ആരുടെയും ശ്രദ്ധയിൽപ്പെടാതെ പോകുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു. രാജ്യത്തെ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സംവിധാനം ഇപ്പോൾ പ്രവർത്തനസജ്ജമാണ്. 19-ലേറെ ഇന്ത്യൻ ഭാഷകളിൽ ഈ സന്ദേശങ്ങൾ ലഭ്യമാണ്. ഇതുവരെ വിവിധ ദുരന്തനിവാരണ അതോറിറ്റികൾ വഴി 1,340 കോടിയിലേറെ ജാഗ്രതാ സന്ദേശങ്ങൾ ഈ സംവിധാനത്തിലൂടെ ജനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്.

